രചന : ഹരിഹരൻ✍
നിങ്ങളെന്നമ്മയെത്തിരികെത്തരുമോ !
നിങ്ങൾ ഇല്ലാതാക്കിയ എൻ്റെ ജീവിതം തിരിച്ചുതരുമോ !
എൻ്റെയമ്മയിതല്ല,
എൻ്റെയമ്മ പാവമായിരുന്നു.
നിങ്ങൾ അവരെ നശിപ്പിച്ചു ..
ദൂരേക്കെറിഞ്ഞു.
ആ അമ്മപെറ്റ എന്നെ നിങ്ങൾ ആട്ടിയകറ്റി.
കള്ളനെന്നു വിളിച്ചു. പെരുങ്കള്ളനാക്കി.
ആ അമ്മ എന്നെ വളർത്താൻ പാടുപെട്ടു.
എന്നിട്ടും നിങ്ങളവരുടെ ഉടൽ ഊറ്റിക്കുടിച്ചു.
ആ അമ്മ പരാതികളില്ലാതെ എന്നെ വളർത്തുകയായിരുന്നു.
അമ്മ പനിച്ച് വിറച്ചപ്പോൾ ഹോട്ടലിൽ ഭക്ഷണം വാങ്ങാൻ ചെന്ന എനിക്ക് അവിടെ ഭക്ഷണം കഴിക്കുന്ന നല്ല മനുഷ്യൻ തന്നതാണ് ആ പുട്ടിൻകഷണം.
അവിടത്തെ ബഹളത്തിനിടയിൽ അദ്ദേഹം അവിടെ വീണുപോയതാണ്.
എനിക്ക് അടി കിട്ടുമ്പോൾ അദ്ദേഹം വന്ന് സത്യം പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. നിങ്ങൾ അക്കഥയ്ക്ക് പൊടിപ്പും തൊങ്ങലും വെച്ച് മാറ്റിയെഴുതി.
ഇതെൻ്റെ പുനർജ്ജന്മം ആകേണ്ടിയിരുന്നു.
നിഷ്ഠൂരയായ ഇവൾ എന്നെ ഇല്ലാതാക്കി. ഇവളെൻ്റെ അമ്മയല്ല. എൻ്റെ അമ്മ പാവമായിരുന്നു.
വീണ്ടും ഇതെൻ്റെ പുനർജ്ജന്മം.
പൂതനയായ ഇവൾ എന്നെ വിഷം പുരട്ടിയ മുലപ്പാൽ കുടിപ്പിച്ച് ഇല്ലാതാക്കി. ഇവളെൻ്റെ അമ്മയല്ല. എൻ്റെ അമ്മ പാവമായിരുന്നു.
മറ്റൊരുദരത്തിലൂടെ നിങ്ങളെനിക്ക് വീണ്ടും ജന്മം നല്കി.
പുരാണത്തിലെ സ്ത്രീയെപ്പോലെ ആർക്കോ ഒപ്പം ജീവിക്കാൻ ഇവൾ എന്നെ കടലിലെറിഞ്ഞ് ഇല്ലാതാക്കി. ഇവളെൻ്റെ അമ്മയല്ല. എൻ്റെ അമ്മ പാവമായിരുന്നു.
നിങ്ങളെൻ്റെ അമ്മയുടെ മനസ്സ് മാറ്റി. അമ്മമനസ്സ് തങ്കമനസ്സ്.
അതില്ലാതാക്കിയത് നിങ്ങളാണ്.
ഇവർ എൻ്റെ അമ്മയല്ല.
എൻ്റെ അമ്മ പാവമായിരുന്നു.
എൻ്റെ അമ്മ പാവമായിരുന്നു.
എൻ്റെ അമ്മ പാവമായിരുന്നു.
**** സമാപ്തം ****