ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ജിബിൽ പെരേര✍

ചിത്തഭ്രമത്തിന്റെ
മൂന്നാമത്തെ വളവിൽ വെച്ചായിരുന്നു എല്ലാവരുമവളെ
ഭ്രാന്തിയെന്ന് വിളിച്ച് തുടങ്ങിയത്‌.
അന്നുമുതലവൾ
ആകാശം തുന്നിയ കുപ്പായവും
നക്ഷത്രങ്ങൾ കോർത്ത മാലയുമണിഞ്ഞ്
മുറിയിൽ തൊങ്കിത്തൊട്ട് കളിക്കുന്നു.
കാലിലെ ചങ്ങലക്കിലുക്കങ്ങളിൽ
ചിലങ്കകെട്ടി നൃത്തം ചെയ്യുന്ന
പഴയ സ്കൂൾ വിദ്യാർത്ഥിനിയാകുന്നൂ,
പലപ്പോഴും
തെക്കൻ കാറ്റിനോട്
പരിഭവം പറഞ്ഞ്
കിഴക്കൻ കാറ്റിന്റെ
മറുപടിയ്ക്കായ്‌
അവൾ
പടിഞ്ഞാറോട്ട്
നോക്കിയിരിക്കുന്നു.
ജടപിടിച്ച
മുടിക്കെട്ടിലൂടെയിഴയുന്ന പേനുകൾക്കൊക്കെ
ഓരോരോ പേരിടുന്നു.
അന്നേരം
ആ ഓരോ പേനുകളും
മുടിയിഴകൾക്ക് കെട്ടിച്ചുകൊടുത്ത
പെണ്മക്കളാകുന്നു അവൾക്ക്.
ചോര കുടിക്കുന്ന കൊതുകുകളെ മുലകുടിക്കുന്ന കുഞ്ഞുങ്ങളായ് കണ്ട്
സ്വയം അമ്മയായവൾ,
കടിച്ചുവീർത്ത തൊലിപ്പുറം
കുഞ്ഞിന്റെ ചുംബനമെന്ന പോലെ സ്നേഹത്തോടെ തലോടുന്നു..
ജനലിലൂടെ നോക്കുമ്പോൾ
ദൂരെ കാണുന്ന
മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന്
അരയന്നത്തിന്റെ ചിറകേറിയൊരാൾ
അമ്പിളിമാമനെയും കൊണ്ട് വരുമെന്ന്
അവളെന്നും കിനാവ് കാണുന്നു.
പായയിലരിക്കുന്ന ഉറുമ്പിനോട്
‘ഇനി നുള്ളല്ലേ അമ്മേ …
ഞാൻ പഠിക്കുന്നുണ്ടല്ലോ’യെന്ന് കെഞ്ചുന്നുണ്ടിടയ്ക്കിടെ.
തൊടിയിലേക്ക് നോക്കി
തുമ്പയും തുമ്പികളെയും കണ്ട്
ഓണമായെന്നോർത്ത്
ഉറക്കെ പാട്ട് പാടുമ്പോൾ
അയൽക്കാരുടെ കണ്ണും കാതും
വേലിക്കരികിലേക്ക് പറന്നെത്തുന്നു.
മുറിയിലേക്ക് നോക്കി
കൂകിവിളിക്കുന്ന കുട്ടികളോട്,
‘അച്ഛനുണ്ട് ട്ടാ …പിന്നെ കളിക്കാൻ വരാമെ’ന്ന്
ചുറ്റിലും നോക്കി,
കണ്ണിറുക്കി,
പതിഞ്ഞസ്വരത്തിൽ വിളിച്ചുപറയുന്നു.
ഭ്രാന്ത് മൂക്കും സമയങ്ങളിലൊക്കെ
വരാൻ വൈകിയെന്നാരോപിച്ച്
സങ്കല്പകാമുകനുമായ്
നിരന്തരമവൾ കലഹിക്കുന്നു.
തലമുടി പറിച്ചെറിഞ്ഞ്
കൈത്തണ്ടയിൽ കടിച്ച്
അവളവന് കടുത്ത ശിക്ഷ വിധിക്കും
അങ്ങനെയൊരിക്കൽ
അവരുടെ പ്രണയസല്ലാപം മൂർച്ഛിച്ച
നാളിലാണ്
അമ്മയും അച്ഛനും
അവളെ ഉണ്ണാൻ വിളിച്ചതും
ഒന്നിച്ചിരുന്നുണ്ടിട്ട് ,
ചങ്ങലകളില്ലാത്ത നാട്ടിലേക്കവർ
കുടുംബസമേതം യാത്ര പോയതും

ജിബിൽ പെരേര

By ivayana