രചന : സതി സുധാകരൻ പൊന്നുരുന്നി.✍
തലമുറകൾ ദുരിതം പേറി
നേടിയെടുത്തൊരു സ്വാതന്ത്രം,
മത(ഭാന്തന്മാർ ആടിത്തിമിർത്തു
കൊലവിളി കൂട്ടുന്നുണ്ടിവിടെ.
കാമവെറി പൂണ്ടൊരു മക്കളെയോർത്ത്,
കേഴുകയാണോ ഭാരതമേ !.
പാൽ പുഞ്ചിരിയോടെ തുള്ളി നടക്കും
കുഞ്ഞിനെ,പിച്ചിച്ചീന്തിയെറിഞ്ഞു ദുഷ്ടന്മാർ.
പെണ്ണില്ലെങ്കിൽ മണ്ണില്ലെന്ന്
പാടിപ്പുകഴ്ത്തി നടക്കുന്നോരേ,
ഉടുതുണിയൂരി പെരുവഴി തോറും
നടത്തിരസിപ്പു രാക്ഷസജന്മങ്ങൾ.
വെട്ടിമുറിച്ചൊരു മാറിടവും,
നഗ്നതയേന്തിയ പെണ്ണുടലും
കണ്ടു നടന്നു ഭ്രാന്തന്മാർ.
തുണിയില്ലാതെ നടത്തുന്നയ്യോ
ദുശ്ശാസനൻ്റെ തലമുറകൾ.
നാടു ഭരിക്കും മാളോരെ,
നാരിക്കിവിടെ ഭയമില്ലാതെ ജീവിക്കാൻ വഴി കാട്ടേണം.
അപമാനത്താൽ കണ്ണീർ വാർക്കും,
പെണ്ണുടലൊന്നുപുതപ്പിക്കാൻ
പാഞ്ചാലിക്കു തുണയായ് വന്ന കാർവർണ്ണ
നീ കനിയേണം.