ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : വാസുദേവൻ. കെ. വി✍

ചെന്നൈയിൽ അരങ്ങേറിയ ഏഷ്യൻ ഹോക്കി ചാമ്പ്യൻഷിപ്പിൽ മലേഷ്യയെ കലാശക്കളിയിൽ തകർത്ത് ഇന്ത്യ ചാമ്പ്യൻ.
ദാരിദ്ര്യച്ചുഴിയിൽ കൂപ്പുകുത്തുന്ന പാകിസ്താനും ലങ്കയും കഴിഞ്ഞാൽ ഏഷ്യൻ വൻകരയിൽ കുറ്റി കുത്തിക്കളിക്ക് പറ്റിയ എതിരാളികളില്ല. ബംഗ്ലാകടുവകളും, അഫ്ഗാൻ പുലികളുമൊക്കെ അങ്കലാപ്പോടെ ബാലാരിഷ്ടതകളോടെ.. എന്നിട്ടും ഏഷ്യാഡും ഏഷ്യാകപ്പുമൊക്കെ ആഘോഷിക്കപ്പെടുന്നു ‘മുക്കുറ്റി’ ക്കളിയിൽ
ജപ്പാനും മലേഷ്യയും ചൈനയുമൊക്കെ കോടികൾ ചിലവിട്ട് ടീമുകളെ ഒരുക്കുന്നു ഹോക്കിരംഗത്ത്. അവിടെയാണ് നമ്മുടെ ശ്രീജേഷ് വലയം കാത്ത ടീം ചാമ്പ്യൻമാരായത്.


മല്യയും ലളിത് മോഡിയും ഷാ പുത്രനും, ഡാൽമിയ, മെയ്യപ്പൻ, തുടങ്ങിയ വ്യവസായ പ്രമുഖരുമൊക്കെ നിയന്തിച്ച
ക്രിക്കറ്റ് മേഖല. അംബാനി പത്നിയും..
വെളുപ്പിക്കൽ മഹാമഹം. അവിടെയാണ് കേവലമൊരു പ്രാദേശിക രാഷ്ട്രീയക്കാരൻ ശ്രദ്ധിക്കപ്പെടുന്നത്. അവഗണന നേരിട്ട ഇന്ത്യൻ ഹോക്കിക്ക് കൈത്താങ്ങായി ഒറീസ സർക്കാർ മുഖ്യ സ്പോൺസറായി.അഞ്ചു കൊല്ലത്തേക്ക് നൂറു കോടി രൂപ അനുവദിക്കപ്പെട്ടു. ഡൂൺ സ്കൂൾ ഹോക്കി ടീമിൽ ഗോൾകീപ്പർ അനുഭവമുള്ള മുഖ്യമന്ത്രി. തീർന്നില്ല ഓരോ ടൂർണ്ണമെന്റിലെ പ്രകടനങ്ങൾക്കും ഉചിതമായ പരിതോഷികവും നൽകാൻ മറക്കാതെ. ഒളിമ്പിക്സ് സ്വർണമെഡൽ നമുക്ക് നേടിത്തന്ന കായിക വിനോദം “വടിവീശി” ക്കളി.


കാല്പന്ത്‌ പെരുമ അവകാശപ്പെടുന്ന നമ്മുടെ പുരോഗമന സർക്കാർ. രാഷ്ട്രീയക്കാരുടെ മക്കൾക്ക് പിൻവാതിൽ നിയമനം ഉറപ്പാക്കുമ്പോൾ അന്തർദേശീയ തലത്തിൽ കഴിവ് തെളിയിച്ച പ്രതിഭകളെ തൊഴിൽ നൽകാതെ അവഗണിക്കുന്നു. റിന്റോയും, അനസ് എടത്തൊടികയുമൊക്കെ പരാതികളുമായ് നിരങ്ങുന്നു.
കണ്ടു പഠിക്കേണ്ടതുണ്ട് നവീൻ പഡ്നായിക്കിനെ നമ്മൾ. ചെലവിടുന്ന ചില്ലിക്കാശ് പോലും കിറുകൃത്യമായി അക്കൗണ്ട് ചെയ്യപ്പെടുത്തിക്കൊണ്ട് ..
നമ്മുടെ ഹോക്കി ഇനിയും വളരട്ടെ.
കൈയടി ആ മുഖ്യനു കൂടിയാണ്.

വാസുദേവൻ. കെ. വി

By ivayana