ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : സുധ തെക്കേമഠം✍

അയാൾ ചൂലുമെടുത്തു
വീടു വൃത്തിയാക്കാനിറങ്ങി.
അകം നിറയെ അക്ഷരങ്ങളാണ്
ചിന്നിയും ചിതറിയും
വക്കൊടിഞ്ഞും ഞണുങ്ങിയും
അവയങ്ങനെ ചിതറിക്കിടന്നു.
കോരാനും വാരാനും
തല്ലിയൊതുക്കാനും പറ്റാതെ
അവയങ്ങനെ പാറിപ്പാറി നിന്നു.
കണ്ണോക്കിനു വന്നവരോട്
അയാൾ പറഞ്ഞു.
അവൾക്ക് ഒന്നിനുമൊരു
ചിട്ടയുണ്ടായിരുന്നില്ല.
ഇവറ്റകളെ കണ്ടില്ലേ,
അനുസരണയേയില്ല
പകുതി വായിച്ച
പുസ്തകങ്ങൾ തിണ്ണയിലും
ചിരവപ്പുറത്തും അമ്മിക്കല്ലിലും
പരന്നു കിടക്കുന്നു.
എഴുത്തു പുസ്തകം
സ്‌റ്റൗവ്വിനടിയിൽ നിന്നു
കൈ നീട്ടുന്നു..
കത്തികളുടെ കൂട്ടിലാണ്
പേനയുടെ താമസം
വാക്കുകൾക്കു
മൂർച്ചകൂടാൻ
അതായിരുന്നോ കാരണം ?
അവളെഴുതിയ പുസ്തകങ്ങൾ
പുറന്തിണ്ണയിലിരുന്നു
മോങ്ങുന്നുണ്ട്.
എന്തൊരു ശല്യമാണിത്
നോക്കൂ.. ഈ വാക്കുകളിങ്ങനെ
പറന്നു നടക്കുന്നത്..
അവയുടെ മുന കൊണ്ട്
മേലാകെ നീറുന്നു.
കുപ്പികൾക്കിടയിലും
ഷെൽഫിന്റെ മുക്കിലും
വാക്കുകളെ
ചുരുട്ടി വെച്ചിരിക്കുന്നു.
അവൾക്കൊന്നിനുമൊരു
ശ്രദ്ധയുണ്ടായിരുന്നില്ല
ഇതൊക്കെ അടുക്കിപ്പെറുക്കി
വെച്ചിട്ടു പോണ്ടേ
കണ്ണോക്കുകാർ ചുറ്റും നോക്കി
എവിടെ? എഴുത്തു മുറി ?
നമുക്കിതെല്ലാം പെറുക്കി
അവിടെ വെക്കാം.
അയാൾ വീടാകെ ചുറ്റി നടന്നു
താഴെയും മീതെയും
പരിശോധിച്ചു.
മുറ്റത്തും പറമ്പിലും
മരക്കൊമ്പിലും നോക്കി
എവിടെയായിരിക്കും
അവളുടെ എഴുത്തുമുറി
ഒളിഞ്ഞിരിക്കുന്നത്?
■■■■■

(വാക്കനൽ)

By ivayana