ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : സഫി അലി താഹ✍

അവളെ കാണുമ്പോൾ അവനത്രയേറെ തണുത്തിരുന്നു , ചത്തുപോയ ഒരു നോട്ടത്തിൽ കൊരുത്തയക്കുന്ന അവന്റെ പുഞ്ചിരി കാണുമ്പോൾ തിളച്ച്‌ മറിഞ്ഞുകൊണ്ടിരിക്കുന്ന അവളുടെ പ്രണയത്തിന് പാറയുടെ ഉറപ്പാകും.അതിവേഗത്തിൽ പിടച്ചുക്കൊണ്ടിരുന്ന ഹൃദയം സാധാരണ നില കൈവരിക്കും.അവനെക്കാൾ വിരസതയോടെ അവനോടൊപ്പം മുന്നോട്ട് നടക്കുമ്പോൾ അവളോർക്കും, ഇവനെന്താ ഇങ്ങനെ?ഇതാണോ പ്രണയത്തിന്റെ മഴത്തണുപ്പ്!അല്ല….. ഇതല്ല.


ആ തണുത്ത വെളുപ്പാൻകാലത്തും ചൂടേറിയ മനസ്സുമായി അവരവരുടെ മഴമുറി ലക്ഷ്യമാക്കി നടന്നു.ചെമ്പരത്തികൾ ഭ്രാന്തമായി പൂത്തുലഞ്ഞ മതിൽക്കെട്ടിനപ്പുറത്തുള്ള വഴിത്താരയിൽ കൊഴിഞ്ഞടിഞ്ഞ നീല വാകപ്പൂക്കളെ ചവിട്ടിയരയ്ക്കാതെ അവർ നടന്നുനീങ്ങി.ചിന്തകളിലേക്ക് നുഴഞ്ഞുകയറുന്നത് പോലെ അവൻ അവളെ നോക്കുമ്പോൾ ശുണ്ഠിയോടെ മുഖം തിരിക്കുന്ന അവളുടെ ആ കൈകൾ അവൻ സ്വന്തമാക്കിയത് പെട്ടെന്നാണ്.
വെളുത്തുനീണ്ട കൈയിൽ അവന്റെ സ്പർശനമേൽക്കുമ്പോൾ അവൾ പിടഞ്ഞു,അത് തൊട്ടറിഞ്ഞ് അവനവളുടെ പുറകിലൂടെ കൈയിട്ട് ചേർത്തുപിടിച്ച് തന്നോട് ചേർക്കുമ്പോൾ ഒരു കടലിനെയപ്പാടെ ചേർത്തണച്ച ഒരുവനായി അവൻ രൂപാന്തരം പ്രാപിച്ചിരുന്നു.


അവർക്കായൊരു മഴ ജന്മമെടുത്ത് തിമിർത്തുപെയ്തുകൊണ്ടിരുന്നു.
എത്രപെട്ടെന്നാണ് അവളിലൊരു കടൽ രൂപപ്പെട്ടതും തങ്ങിനിന്നിരുന്ന ചൂടിനെ കുടഞ്ഞെറിഞ്ഞതും എന്നവൻ അതിശയത്തോടെ ഓർത്തു . മഴവീടിൻെറ വാതിലുകൾ മലർക്കേ തുറക്കുമ്പോൾ രണ്ടാളുടെ മനസ്സുകളും അത്പോലെയായിരുന്നു.പിന്നെയവർ ചുണ്ടുകൾക്ക് മഴചിറകുകൾ രൂപപ്പെടുന്നതും അവിടെയൊരു മധുരപ്പുഴ ഉറവ തീർക്കുന്നതും തിരിച്ചറിഞ്ഞു .പുഴയുടെ നിറവിലേക്ക് മഴയായവൻ ചുണ്ടുകൾ കൂർപ്പിച്ചെത്തുമ്പോൾ അവന്റെ ചുണ്ടുകൾ വീണ്ടും വീണ്ടും അവളാ പുഴകൊണ്ട് നനച്ചിരിക്കും.


പല്ലുകൾക്കിടയിലമർന്ന വേദനയിൽ അവളിലൊരു ഉഷ്ണവനം പെട്ടെന്ന് വളരും.അവന്റെ കൈകളിൽ കൊടുംങ്കാറ്റ് ആവേശിക്കുന്നതും തീയണയ്ക്കുന്നതും ഇരുവരും ദാഹം തീർക്കാൻ പരസ്പരം കിണറുകളാകുന്നതും എത്ര പെട്ടെന്നാണ്.!പറന്നുപൊങ്ങുന്ന ഇളം നീല ജാലകവിരികൾ അവർക്ക് മുകളിൽ ശലഭമേലാപ്പ് തീർക്കും.അതുപോലെ ഒരു ശലഭമായി അവനിലൂടെ അവൾ ചിറകുവീശി തുടങ്ങും.
അവളുടെ പേര് വിളിക്കുന്ന പതിഞ്ഞ ശബ്ദത്തിനപ്പുറം അവളൊരു സുനാമിയായവനെ ശ്വാസംമുട്ടിക്കും.


അവളോടുള്ള പ്രണയത്താൽ വിശാലമായ നെഞ്ചിലെ രോമക്കാടിലൂടെ പതിയെ ഇഴഞ്ഞെത്തുന്ന അവളുടെ വിരലുകൾക്ക് എത്രയേറെ കൈകൾ ജന്മം കൊള്ളുന്നു എന്നവനോർക്കും.അവന്റെ ഉപ്പുരുചിയിലൂടെ തെന്നിനീങ്ങുന്ന അവളുടെ ചുണ്ടുകളുടെ ചലനങ്ങളിൽ പിടഞ്ഞ് ജീവന്റെ അവസാന കണികയെ തിരികെ പിടിക്കാനായി അവനവളിലൊരു തൂവലായി മാറും. തൂവൽ സ്പർശമേൽക്കുന്ന ഓരോ ഇടവും അവൻ സ്വന്തമാക്കികൊണ്ടിരിക്കും. തടയാൻ കെൽപ്പില്ലാത്ത പോരാളിയായി അവൾ പടച്ചട്ടകൾ അഴിച്ചുവെയ്ക്കും. യുദ്ധം ചെയ്യാതെ അവന്റെ കണ്ണുകളുടെ സ്വർഗത്തിലേക്ക് ഇറങ്ങിപോകണമെങ്കിൽ പ്രണയത്തിന്റെ കോണി കുത്തിച്ചാരണമെന്നവൾ മനസ്സിലാക്കും.ഏത് യുദ്ധത്തിനും തയ്യാറെന്ന മട്ടിൽ നിൽക്കുന്ന അവൻ കടലിനെയപ്പാടെ കുടിച്ചു തീർക്കാനും അപ്പോൾ സജ്ജമായിരിക്കും.


ഓരോ കാൽച്ചുവട്ടിലും പിന്തുടരുന്ന സ്വപ്നാടകയെ പോലെ അവന്റെ തൂവൽകൈകളിൽ മയങ്ങി കിടക്കുന്ന അവളെ പൊതിഞ്ഞുപിടിച്ച് നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ പ്രണയദാഹം തിരയടിയ്ക്കും. തീരമടുക്കുന്ന തിരപോലെ ആർത്തലയ്ക്കുന്ന അവളുടെ നിറവിലേക്ക് അവൻ മുങ്ങാംക്കുഴിയിടും. ആർത്തലച്ചു പെയ്യുന്ന പേമാരിയെ കടലെടുക്കുന്നത് പോലെ അവനവളിലേക്ക് അലിഞ്ഞില്ലാതാകും….. നാരങ്ങ മഞ്ഞ നിറമുള്ള ഭിത്തിയിൽ ചില്ലിട്ടു വെച്ചിരിക്കുന്ന കുതിരകൾ വേഗത്തിലോടി പോകും. അവിടെ ചേർത്തു വെച്ചിരിക്കുന്ന മൂന്ന് ഫോട്ടോ ഫ്രെയിമുകൾക്കകത്തുമുള്ള ചുവന്ന പനിനീർ പുഷ്പങ്ങളുടെ ഇതളുകളിൽ തേൻ പടരും. ചുവർ മഞ്ഞനിറത്തെ മറന്ന് പലവിധ വർണ്ണങ്ങൾ കടംകൊള്ളും.
അവസാനം,ശാന്തമായ കടലിന്റെ ഹൃദയത്തോട് ചേർന്നുകിടന്നുകൊണ്ട് ഉപ്പുരുചിയുള്ള കടൽനെറ്റിയിലേക്ക് അവൻ ചുംബനം കൊണ്ടൊരു അടയാളം ചാർത്തും.


വെളുപ്പാൻകാലത്തെ തണുപ്പിനെയപ്പാടെ പ്രഭാതസൂര്യൻ വലിച്ചുകുടിച്ചിട്ടും ആ മുറിയിൽ മാത്രമൊരു തണുപ്പ് നിലനിൽക്കും, അതേ കടലും മഴയും വീണ്ടുമവിടെ പരസ്പരം ചുംബനം പൊഴിച്ചുതുടങ്ങിയിരിക്കുന്നു!അവളുടെ മുഖത്ത് വിരിയുന്ന ശോണിമ നോക്കി രസിക്കുമ്പോൾ അവനറിയുകയായിരുന്നു, ചെന്തൊണ്ടി പഴങ്ങൾക്കും കുങ്കുമത്തിനും ചുവന്ന പനിനീർ പുഷ്പങ്ങൾക്കും നിറം കൊടുക്കുന്നത് ആ ചുണ്ടുകളാണെന്ന്,
തന്റെ പ്രണയമാണ് അവളിലെ നിറഞ്ഞ ചുവപ്പെന്ന്‌!

സഫി അലി താഹ

By ivayana