ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ടി എം നവാസ് വളാഞ്ചേരി✍

അതിരില്ലാത്ത നിബന്ധനകൾ ഏതുമില്ലാത്ത നിസ്വാർത്ഥ സൗഹൃദത്തിന്റെ കനി തേടി സൗഹൃദ ദിനത്തിൽ ഒരു യാത്ര .

സ്നേഹമാം കിട്ടാകനി തേടിയലയുന്നു
മാലോകരൊക്കെയും ചുറ്റിലൂടെ.
ആരോ പറഞ്ഞത്രെ എങ്ങാണ്ടെവിടെയോ
സ്നേഹ മരമൊന്ന് പൂത്തതുണ്ടെ
ദാഹാർത്തരായവർ ഓടിക്കിതച്ചങ്ങ്
സ്നേഹമരത്തിൻ ചുവട്ടിലെത്തി
മേൽപോട്ട് നോക്കിപ്പോ കണ്ടോരൊ കൊമ്പിലും
തൂങ്ങി കളിക്കും പഴങ്ങളേറെ
വിവിധ വർണത്തിൽ നിറങ്ങളിൽ
തൂങ്ങും പഴങ്ങൾക്ക് രുചിയത് വേറെയാണേ
ഏറെയും ഓടി വന്നാദ്യമറുക്കുന്നു
ഞെട്ടുറപ്പില്ലാ പഴത്തെയാണെ
ഉള്ളിൽ കറുപ്പുള്ള പുഴുവുള്ള കായയ്ക്ക്
കാണാൻ പുറംമോടി മാത്രമാത്രെ
ഉള്ളിലൊളിപ്പിച്ച വഞ്ചനയുണ്ടതിൽ
സ്വാർത്ഥതയും പിന്നെ തേപ്പുമുണ്ട്
പഴമിതറുക്കുന്നു തിന്നുന്നു പിന്നെയോ
തേങ്ങുന്നു ഖിന്നരായ് കൈകടിച്ച്
മിന്നുന്നതെല്ലാം പൊന്നല്ലതെന്നത്
ഇനിയും പഠിക്കാത്ത കൂട്ടരായ്
പെട്ടെന്നു വീഴാത്ത കണ്ടാലുറപ്പുള്ള
പഴമൊന്നു നടുവിലെ കൊമ്പിലുണ്ടെ.
എത്തി പിടിക്കണേൽ കൊത്തി പിടിച്ചിട്ട്
മരമതിൽ കെട്ടിപ്പിടിക്കണത്രെ
കാൽ തെറ്റി വീഴാതെ സൂക്ഷിച്ചു കയറണം
ലക്ഷ്യം പഴമതു മാത്രമാണെ.
രുചിയുള്ള തേനൂറും പഴമാണതെന്നാലും
രുചി നിൽക്കും ജീവിതകാലമത്രെ
സ്നേഹമരത്തിലെ പ്രണയമാണാ പഴം
തിന്നണേൽ ഒത്തിരി പണിയതുണ്ടെ
മുള്ളൊന്നും കൊള്ളാതെ എന്നും നിലനിന്നാൽ
ഈ പഴം ജീവിതം മധുരമാക്കും
മുകളിലെ കൊമ്പതിൽ ഇടതൂർന്നു നിൽക്കുന്ന
ഇലയെ മറക്കും പഴങ്ങളുണ്ടെ
താഴേന്നു ചോദിച്ചാൽ കയ്യിലെക്കെത്തുന്ന
രുചിയൂറും തേനൂറും പഴമതാത്രെ
ചോദിച്ചോർക്കൊക്കെയും കിട്ടുന്ന
ആ പഴം സ്നേഹമരത്തിലെ സൗഹൃദമാ.
അതിരില്ല നിറമില്ല സ്വാർത്ഥതയുമില്ല
കൂട്ടാണ് താങ്ങാണ് സൗഹൃദങ്ങൾ
ഇറുകെ പുണരുക. സ്നേഹം നുണയുക.
സൗഹൃദ ചില്ലയിൽ തേൻകനിയാവുക

ടി എം നവാസ് വളാഞ്ചേരി

By ivayana