ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ചാക്കോ ഡി അന്തിക്കാട്✍

😍
‘ജനാധിപത്യം’ എന്ന വാക്ക് ഉരുവിട്ടുകൊണ്ട്
ഒരു സംഘം വരുന്നു.
അവർ
‘ഭാരതാംബ’യെ കിരീടം ചാർത്തി ഒരുക്കുന്നു.
തുടർന്ന് മധുരം പങ്കുവെക്കുന്നു.
കുട്ടികൾ കൈകളിൽ പൂവുകളുമായി
വന്നു.
ചുറ്റും വിത്തുകൾ പാകി…
പൂമ്പാറ്റകളായി
പറന്നകന്നു.
മൂന്നു മതക്കാർ
ഒരു ആപ്പിൾ പങ്കുവെക്കുന്നു
ഭക്ഷിക്കുന്നു.
സ്നേഹപ്രകടനങ്ങൾ…
സന്തോഷകരമായ രാഗം സംഗീതോപകരണത്തിൽ വായിച്ചു ഒരു ആർട്ടിസ്റ്റ് കടന്നു പോകുന്നു.
സംഘം നവരസങ്ങൾ
പ്രകടിപ്പിക്കുന്നു.
ഉദാ:
അവർ ഇടത്തോട്ടു നോക്കി വളരെ സന്തോഷകരമായ ദൃശ്യം കണ്ട അനുഭവത്തിൽ
പുഞ്ചിരിക്കുന്നു.
പിന്നെ ചിരി വികസിച്ചു പൊട്ടിച്ചിരിയാവുന്നു.
ആഹ്ലാദിക്കുന്നു…
പിന്നീട് വലത്തോട്ടു നോക്കുമ്പോൾ
ദുഃഖകരമായ കാഴ്ച്ച കണ്ടതുപോലെ
മുഖത്തു വിഷമം…വികസിച്ചു പൊട്ടിക്കരച്ചിലായി മാറുന്നു.
പിന്നീട് മുന്നോട്ട് നോക്കുമ്പോൾ
പ്രണയഭാവം…
ശൃംഗാരം…നൃത്തം ചവിട്ടുന്നു…ആനന്ദം അലയടിക്കുന്നു.
(സംഗീതോപകരണത്തിൽ പശ്ചാത്തലസംഗീതം ആവാം…കോറസ് ഹംമിങ്ങ് ആവാം)
അവർ പറയുന്നു:
“ജനാധിപത്യത്തിൽ
നമ്മുക്ക് സന്തോഷിക്കാനും, ദുഃഖിക്കാനും ഇഷ്ടംപോലെ പ്രണയിക്കാനും കഴിയുന്നു.
നവരസങ്ങൾ അപ്പപ്പോൾ പ്രകടിപ്പിക്കാൻ കഴിയും.
തർക്കിക്കാനും സംവാദം നടത്താനും കഴിയും.
ഒരുമിച്ചുണ്ണാനും ഉറങ്ങാനും കഴിയും.
ഏതു സമയവും ശത്രുക്കൾ മിത്രങ്ങളാവും!
പ്രകൃതിക്ക് ഋതുക്കളുണ്ട്.
സമയമായാൽ അത് മാറിമാറി അതിന്റെ നവരസങ്ങൾ പ്രകടിപ്പിക്കും!
‘ജനാധിപത്യം’-
മനുഷ്യരാശിയുണ്ടാക്കിയ മറ്റൊരു ഋതു!
അതിനു വിലക്കുകളില്ല!
ഓരോ വീട്ടുമുറ്റവും
സർഗ്ഗപ്രക്രിയയുടെ
പൂന്തോട്ടംകൊണ്ട് അലങ്കരിച്ചിരിക്കും!
അമേരിക്കൻ പ്രസിഡണ്ട്‌ അബ്രഹാം ലിങ്കൺ പറഞ്ഞത് വീണ്ടും ഓർക്കുക നമ്മൾ :
‘Democracy – Of the People, By the People & For the People’…”
പെട്ടെന്ന് ഒരു വെടി ശബ്ദം…
തുടർന്ന് അനേകം
വെടിശബ്ദങ്ങൾ!
യുദ്ധവിമാനങ്ങളുടെ ഇരമ്പൽ…
ഒരു പെണ്ണിന്റെ നിലവിളി…
അനേകം പെണ്ണുങ്ങളുടെയും കുഞ്ഞുങ്ങളുടെയും നിലവിളികൾ!
സംഘം
‘ഭാരതാംബ’യെ ചോരപുരണ്ട തുണികൊണ്ട് മൂടുന്നു.
പിന്നീട് യുദ്ധം…കലാപം ഉണ്ടായപ്പോൾ സംഭവിച്ച ദുരന്തങ്ങൾ ചിത്രീകരിക്കുന്നു.
അഭയാർത്ഥികൾ…നിരാലംബർ…പലായനം…
(പെയിന്റിംഗ്സ് & ഫിലിം പ്രൊജക്ഷൻ
എല്ലാം പ്രായോഗിക്കാം)
ആദ്യം വന്ന കുട്ടികളുടെ ഇടത്തെ കൈകളിൽ പൂക്കളും
മറുകൈയ്യിൽ
യുദ്ധോപകരണങ്ങളും…പൂക്കൾ നശിപ്പിക്കപ്പെടുന്നു…
അവർ കഴുകൻമാരായി
അലറി പറന്നുനടക്കുന്നു…
മൂന്നു മതക്കാർ
മൂന്നിടത്തായി നിന്ന്, ശത്രുതയോടെ നോക്കി,
ആപ്പിൾ ഒറ്റയ്ക്കു തിന്നുന്നു.
‘ഭാരതാംബ’യുടെ മുകളിൽ ഒരു
സി.സി.ക്യാമറ തിരിഞ്ഞുകൊണ്ടിരിക്കുന്നു…
സംഘം :
‘ഫാസ്സിസം’
എന്ന വാക്ക് ഉരുവിടുന്നു.
ചുറ്റും ശ്രദ്ധിക്കുന്നു.
പറയുന്നു :
“ആരോ നിരീക്ഷിക്കുന്നുണ്ട്?
ആരാണെന്ന് വ്യക്തമല്ല?
അച്ഛൻ അമ്മയെ…ഭർത്താവ് ഭാര്യയെ…സഹോദരൻ സഹോദരിയെ…
കാമുകീ കാമുകന്മാർ പരസ്പരം!
അയൽക്കാർ ഒളിഞ്ഞും തെളിഞ്ഞും…
സംശയം മാത്രം പ്രകടിപ്പിക്കും
കെട്ട കാലം!
സംശയം മനസ്സിൽ ചിലന്തിയായി വലനെയ്യും കാലം!
ഫാസ്സിസ്സം ഭരിക്കുമ്പോൾ നവരസങ്ങൾ പ്രകടിപ്പിക്കാൻ കഴിയില്ല!”
ശ്രമിക്കുന്നു…
നേരത്തെയുണ്ടാക്കിയ വികാരങ്ങൾ
പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു.
ചിരിക്കാൻ തുടങ്ങുമ്പോഴേയ്ക്കും
വാ പോത്തി പിറുപിറുക്കുന്നു :
“ആരോ നിരീക്ഷിക്കുന്നുണ്ട്?
ആരായിരിക്കും?”
ദുഃഖം, പ്രണയം, കരുണം, ഒക്കെ കാണിക്കുമ്പോഴും,
പറ്റുന്നില്ല!
എല്ലാം ഭയത്തിൽ കലാശിക്കുന്നു.
സംഘം ആവർത്തിക്കുന്നു :
“ചുറ്റും ഭയം ഭരിക്കുന്നു…
ഫാസ്സിസ്സത്തിൽ മര്യാദക്ക് ഭയം പ്രകടിപ്പിക്കാൻ പോലും പറ്റില്ല!”
നേരത്തെ സംഗീതോപകരണങ്ങളുമായി വന്ന ആർട്ടിസ്റ്റ് വായിൽ സംഗീതോപകരണം തിരുകി ശ്വാസംമുട്ടി മരിക്കുന്നു!
സംഘം:
“എല്ലാവരും വാപൊത്തി കഴുതകളായി മാറുന്നു.
ജനാധിപത്യത്തിൽ കുതിരകളായിരുന്നവർ ഫാസ്സിസ്സത്തിൻ കീഴിൽ കഴുതകളായി മാറുന്നു.!”
(ചിത്രീകരണം)
രക്തസാക്ഷികൾ വന്നു…
അടിമകളെ, അലസരെ,
വിപ്ലവഗാനം പാടി
ആഹ്വാനം ചെയ്തുണർത്തുന്നു…
ഒടുവിൽ സംഘം എതിർപ്പിന്റെ സ്വരങ്ങൾ പ്രകടിപ്പിക്കുന്നു…
വിളിച്ചു പറയുന്നു :
“കഴുതകളെയും … അടിമകളെയും… വാർത്തെടുക്കുന്ന ഫാസ്സിസ്സം, ചരിത്രത്തിൽ അധികകാലം വാണിട്ടില്ല! അതിന്റെ നേതൃത്വം ഒന്നുകിൽ ജനങ്ങളാൽ കൊല്ലപ്പെട്ടു! അല്ലെങ്കിൽ ഭ്രാന്ത്‌! അതുമല്ലെങ്കിൽ ആത്മഹത്യ!
മുസോളിനിയും ഹിറ്റ്ലറും ഉത്തമ ഉദാഹരണം!
(ചിത്രീകരണം)
അവർ വെറുപ്പിന്റെ രാഷ്ട്രീയം പഠിപ്പിക്കുമ്പോൾ, നമ്മൾ വെളിച്ചത്തിന്റെ, അറിവിന്റെ, സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, മാനവികതയുടെ രാഷ്ട്രീയം പങ്കുവെക്കും”
(തുടർന്ന് സംഘം വെളിച്ചം തെളിയിക്കുന്നു.
ആദ്യം മെഴുകുതിരികൾ…
പിന്നെ പന്തങ്ങൾ…
ജനങ്ങൾക്ക്‌ കൈമാറുന്നു.
‘ഭാരതാംബ’ക്കുമേൽ മൂടിയ ചോരപുരണ്ട തുണി മാറ്റി, നിറയെ പല നിറത്തിലുള്ള പൂക്കളുടെ ചിത്രമുള്ള തുണികൊണ്ട് പൊതിയുന്നു.
സംഘം:
“ഈ സി.സി.ക്യാമറകൾ,
ഭാവിയിൽ
നന്മകൾ മാത്രം പകർത്തുന്ന കാലത്തിനായി, കൈകോർക്കാം…”
അപ്പോൾ എല്ലാവരുടെ കൈകളിലും വെളിച്ചവും പൂക്കളും…
അവർ
‘സ്വാതന്ത്ര്യം’-ത്തിന്റെ മഹത്വം വിളിച്ചു പറയുന്ന കവിത ആലപിക്കുന്നു.
അവസാനം പറയുന്നു :
“ഇപ്പോൾ സംശയത്താൽ ആരും ആരെയും നിരീക്ഷിക്കുന്നില്ല!പ്രഭാതങ്ങൾക്കൊപ്പം
സ്നേഹത്താലുള്ള നോട്ടങ്ങൾ പൊട്ടിവിടരുന്നു!
ഫാസ്സിസ്സം തുലയട്ടെ!
വംശീയതയും വർഗ്ഗീയതയും തുലയട്ടെ!
ജനാധിപത്യം നീണാൾ വാഴട്ടെ!”
അധ്വാനത്തിന്റെ വൈവിദ്ധ്യങ്ങൾ
കലാപ്രകടനങ്ങളുടെ
വൈവിദ്ധ്യങ്ങൾ…
മംഗളം ശുഭം

By ivayana