രചന : സതി സതീഷ്

മഴ വെറുതേ പെയ്യുന്നു…
എന്നിലേയ്ക്കു
നിന്നെ വർഷിച്ചുകൊണ്ട്
തിമിര്‍ത്തു നിറയുകയാണ്
മാനം.
നീയെന്നില്‍ തുളുമ്പിയിരിക്കുന്നതു
കൊണ്ടാവാം
അക്ഷരങ്ങളെന്നിൽ
എത്തിച്ചേരാത്തത്.
നീ പാതിവഴിയിലുപേക്ഷിച്ചുപോയ ഞാന്‍,
പൊള്ളുന്ന വെയിലില്‍
മഷിവറ്റിയ നാരായം മാത്രം…
മഴ വെറുതേ പെയ്യുന്നു…
കുടയുടെ വിഹ്വലതയെ
ഭേദിച്ച് തെറിച്ചുവീഴുകയാണ്….
മൗനംകുസൃതിത്തുള്ളികളായെന്നെ
പഴിച്ചും പരിഹസിച്ചും
കൊണ്ടിരിക്കുകയാണ്…
കാഴ്ചകള്‍ കണ്ണിനെ
മടുപ്പിക്കുമ്പോള്‍
നിനക്കെന്നിലേയ്ക്കു
മടങ്ങി വരാം.
മഴ പതുക്കെ പെയ്യുന്നു…
എത്ര ശ്വാസം ഉള്ളിലെടുത്തിട്ടും
അകംപൊള്ളയായ പോലെ,
ഓരോ വാക്കിലും
നീ നിറഞ്ഞാലേ
ഒരു തുള്ളിയാകൂ…
പക്ഷേ….
നിശബ്ദമാവാനാണ്
എനിക്കിപ്പോഴിഷ്ടം.

സതി സതീഷ്

By ivayana