ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ഷാജി നായരമ്പലം ✍

വിട്ടയച്ചേക്കുക നാടിനെ, നാഡിയിൽ
കുത്തിവച്ചീടും മതാന്ധവേഗങ്ങളാൽ
ഒക്കെയും നിങ്ങൾ കെടുത്തിക്കൊളുത്തുന്ന
അഗ്നിയിൽ വെന്തുപോവുന്നെൻ്റെ നാടിനെ…

മെത്തുന്ന ദംഷ്ട്രകൾ, ധാർഷ്ട്യം, കൊടുംഭീതി
നട്ടിട്ടു പിന്നോട്ടടിക്കുന്ന ശക്തികൾ,
വാക്കുമെൻ നാക്കും മുറിക്കാനരം രാകി
നിൽക്കുന്നു പാഴ്പെറ്റുകൂട്ടും മുളപ്പുകൾ,

അജ്ഞത പാകിപ്പടർത്തി, യിന്നാടിൻ്റെ
സംജ്ഞകളൊക്കെത്തുടച്ചു മാറ്റീടുവാൻ
ആർഷ,സനാതന ഭോഷ്കിൽ മുഖം മറ-
ച്ചീർഷ്യവളർത്തി മെരുക്കുന്നിതിന്ത്യയെ….

എത്രയോ ജീവൻ പൊലിപ്പിച്ചുയർത്തിയ
ചിത്രങ്ങൾ; നാടിൻ്റെ നാനാമുഖങ്ങളിൽ
കൃത്യമായാരോഹണം ചെയ്ത സ്വാതന്ത്ര്യ-
രഥ്യകൾ, സംസ്കൃതി, സംസ്കാരഗോപുര-

ശിൽപ്പങ്ങൾ; ഒക്കെയും തീർത്തും തമസ്കരി-
ച്ചൊപ്പമായ് പൊക്കും ധ്വജത്തിൻ്റെ കാളിമ…
കെട്ടുപോകാതെൻ വെളിച്ചം പുലർത്തുവാൻ
“ക്വിറ്റിന്ത്യ”യെന്നു വിളിക്കൂ , വിളക്കുമായ്….

ഷാജി നായരമ്പലം

By ivayana