ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : മംഗളാനന്ദൻ✍

ബത്ത്ലഹേമിലെ കാലി-
ത്തൊഴുത്തിൽ പിറന്നവൻ
എത്തി, കാൽവരിക്കുന്നി-
ലൊടുവിലവശനായ്.
കരുതിവച്ചീടുന്നു,
നീതിമാന്മാർക്കായ് കാലം
കുരിശുമരണങ്ങൾ,
ഭീകരദുരന്തങ്ങൾ!
കഴിഞ്ഞു വിചാരണ,
നീതിയെ നിയമം കൈ-
യൊഴിഞ്ഞു, സ്വന്തം കൈകൾ
കഴുകി പീലാത്തോസും.
ദൈവപുത്രനെ ക്രൂശി-
ച്ചീടുവാൻ വിധിയായി,
കൈവല്യരൂപൻപോലും
കണ്ണുകളടയ്ക്കുന്നു !
സ്വന്തമായ് തോളിൽ മര-
ക്കുരിശു ചുമന്നവൻ
അന്തിമയാത്രയ്ക്കുള്ള-
യകലം താണ്ടീടുന്നു.
ചാട്ടവാറടിയേറെ
നീതിമാൻ ശരീരത്തിൽ
ഏറ്റുവാങ്ങവേ, സത്യം
ചോരവാർന്നുഴലുന്നു.
ആവതു ശ്രമിച്ചിട്ടും
കുരിശിൻഭാരം താങ്ങാ-
നാവാതെ കൃശഗാത്രൻ
വീണുപോകുന്നു, മണ്ണിൽ.
മരണഭയംപൂണ്ട
ശിഷ്യരുമോടിപ്പോയി,
കുരിശിൻവഴികളി-
ലേകനായിരുന്നു നീ.
ഒടുവിൽ ‘ഗാഗുൽത്തായിൽ’
കുരിശേറ്റിയ നിന്റെ
ഉടലിൽനിന്നു നിണ-
ച്ചാലുകളണപൊട്ടി.
പരിശുദ്ധനാം നിന്റെ
കോശങ്ങളോരോന്നായി
മരണത്തിനു മെല്ലേ
കീഴടങ്ങിയ നേരം,
പരിചാരകരായി
നിന്നവർ, സ്ത്രീരത്നങ്ങൾ,
പരമപ്രേമത്തിന്റ
വേദന സഹിച്ചവർ.
“എനിക്കു ദാഹിക്കുന്നു”
എന്നു നീ വിലപിച്ചു,
ഒരിറ്റു കുടിവെള്ളം
കിട്ടാതെ പിടഞ്ഞവൻ.
അവസാനമായ് ദൈവ-
ത്തോടങ്ങു ചോദിക്കുന്നു:-
” ഇവിടെയെന്തിന്നായി
നീയെന്നെയുപേക്ഷിപ്പൂ?”
ഒടുവിൽ പിതാവിന്റെ
കൈകളിലാത്മാവിന്റെ
മുഴുവൻ ഭാരം തിരി-
ച്ചേൽപ്പിച്ച മഹാത്മാവേ,
അവസാനമായങ്ങു
ചോദിച്ച ചോദ്യംതന്നെ
ഇവിടെയെന്നും ദൈവ-
ത്തോടു ഞാൻ ചോദിക്കുന്നു!

മംഗളാനന്ദൻ

By ivayana