രചന : തോമസ് കാവാലം ✍

അടിമത്വത്തിൽ ചങ്ങല പൊട്ടി-
ച്ചാഗസ്റ്റിൻ തിരു മധ്യത്തിൽ
അംബയെ നമ്മൾ മോചിപ്പിച്ചാ –
യസുലഭ നേരമെത്തിയിതാ.


നമ്മൾ കയറിയ പടവുകളെല്ലാം
നമുക്ക് പണിത നാഥന്മാർ
നമുക്ക് മുന്നേ നമ്മുടെ സ്വപ്നം
നാല്പത്തേഴിൽ തന്നേപോയ്‌.


അഹിംസതന്ന ഗുരുവിൻ ചരണം
അശ്രുവിലങ്ങനെ കഴുകുക നാം
നെഹ്റു, പട്ടേൽ, സുഭാഷ്, ശാസ്ത്രി,
നേതൃത്വത്തിൻ കൃപയോർക്കാം.


മദ്യം,മയക്കുമരുന്നുകൾ പോലെ
മനുഷ്യമനസ്സിൻ ഛിദ്രിതയെ
വിദ്വേഷത്തിൻ വിത്തു വിതയ്ക്കും
വാദമുഖങ്ങൾ ചീന്തീടാം.


പാരിൻ നടുവിൽ മൂവർണ്ണക്കൊടി
പാറും നമ്മുടെയഭിലാഷം
പതറാതങ്ങനെയുയരും വാനിൽ
പലവിധ ചിന്താധാരകളായ്.


ശാശ്വത ശാന്തി ഹിമഗിരി പോലെ
ശിരസ്സുയർത്തി നിൽക്കട്ടെ
സ്വാതന്ത്ര്യക്കൊടി പാറിയ നാടിൻ
പാതയിൽ നമ്മളുയരട്ടെ.


ഒരുമയിലൂന്നിയ,യാശയസംഹിത
യരുമകൾ നമുക്കുൾക്കൊള്ളാം
തരണം ചെയ്യാം കരളിൻ നോവുകൾ
മരണം വരെയു,മീധരയിൽ.

തോമസ് കാവാലം

By ivayana