ഞാനൊരിക്കലും ചക്രവർത്തിയായിട്ടില്ല. എനിക്ക് രാജ്യവുമില്ല. ഇതിനുമുമ്പും അങ്ങനെ ഒന്നുണ്ടായിട്ടില്ല. ഓറിഗോണിലെ എന്റെ കമ്യൂൺ അമേരിക്കൻ സർക്കാർ ഫാസിസ്റ്റ് രീതിയിൽ തകർത്തശേഷം ആളുകൾക്ക് അനുഭാവം തോന്നിത്തുടങ്ങിയെന്നത് മാനുഷികം മാത്രമാണ്.
ഒരു അധികാരവും ഇല്ലാത്ത ഒരു മനുഷ്യനെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്ക എന്തിനു പേടിക്കണമെന്ന് അവർ ചിന്തിക്കാൻ തുടങ്ങി. മരുഭൂമിയിൽ താമസിക്കുന്ന അയ്യായിരം പേരുടെ ഒരു ചെറുസമൂഹത്തെ, ആ മരുഭൂമിയെ മരുപ്പച്ചയാക്കിയ അയൽക്കാർക്കൊന്നും ഒരുതരത്തിലും ശല്യമാകാതിരുന്ന – ആ കമ്മ്യൂണിനെ ഒരു മഹാശക്തി എന്തിന് പേടിക്കണമെന്ന് അവർ ചിന്തിക്കാൻ തുടങ്ങി. കമ്മ്യൂണിന് നൂറ്റിയിരുപത്താറു ചതുരശ്രമൈൽ മരുഭൂമി സ്വന്തമായുണ്ടായിരുന്നു. പക്ഷേ ആ ഭൂമിയിൽ മൂന്ന് ചതുരശ്രമൈലിലാണ് കമ്മ്യൂൺ സ്ഥിതിചെയ്തിരുന്നത്.
നാലുവർഷം അയ്യായിരം പേർ ദിവസവും പന്ത്രണ്ട് മണിക്കൂർ വച്ച് ചിലപ്പോൾ പതിനാലും പതിനാറും മണിക്കൂർ പോലും അധ്വാനിക്കുകയായിരുന്നു. സുന്ദരമായ പാർപ്പിടങ്ങളും വീഥികളും തടാകങ്ങളും ഉദ്യാനങ്ങളും നിർമ്മിക്കുന്നതിന്. സ്വന്തം കൈകൾകൊണ്ട് അവർ ഒരു ചെറിയ പറുദീസതന്നെ നിർമിച്ചു. അതവരുടെ സ്വന്തം സൃഷ്ടിയായിരുന്നു. അമേരിക്കൻസർക്കാർ എന്തുകൊണ്ട് ഈ ജനങ്ങളെക്കുറിച്ച് ഇത്രകണ്ട് ഉത്കണ്ഠകുലരായി ? അവരെ ഇത്രയേറെ ഭയപ്പെട്ടു ? അമ്പതുവർഷമായി ആ ഭൂമി തരിശായി കിടക്കുകയായിരുന്നു. വെറുമൊരു മരുഭൂമിയായതുകൊണ്ട് ആരുമത് വാങ്ങാൻ തയ്യാറായിരുന്നില്ല. ഞങ്ങൾ ആ ഭൂമിക്ക് മാറ്റം വരുത്തി, ഭക്ഷണവും പച്ചക്കറിയും പാലുൽപ്പന്നങ്ങളും – ഞങ്ങൾക്കാവശ്യമുള്ളതെല്ലാം അത് നൽകി. അയ്യായിരം പേരെ അത് തീറ്റിപോറ്റുകയായിരുന്നു. മറ്റേതെങ്കിലും പട്ടണത്തിൽ ആളുകൾ ജീവിക്കുന്നതുപോലെ ഇവർ വെറുതെ ജീവിക്കുകയായിരുന്നില്ല. ഭാവിയിൽ സംഭവിക്കാൻ പോകുന്ന ഒന്നിനുവേണ്ടി അവർ പരീക്ഷണം നടത്തുകയായിരുന്നു. നൂറുവർഷം മുന്നിൽ അവർ ജീവിക്കുകയായിരുന്നു.
പ്രഭാതത്തിൽ അവർ ധ്യാനനിരതരാകും. പിന്നീട് എന്റെ പ്രഭാഷണം, അവരുടെ ചോദ്യങ്ങൾക്കുള്ള എന്റെ മറുപടി ശ്രവിക്കും. അതിനുശേഷം പണിയെടുക്കും. ഒരു സ്ഥലത്തിരുന്ന് അയ്യായിരം പേർ ഭക്ഷണം കഴിക്കുന്നത് സുന്ദരമായ ഒരു കാഴ്ചയായിരുന്നു. കുടുംബം അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു അഥവാ അത് അയ്യായിരം പേരുടെ ഒരു കുടുംബമായിക്കഴിഞ്ഞിരുന്നു. ഇങ്ങനെ പകൽ മുഴുവൻ അധ്വാനിച്ച് കഴിഞ്ഞാൽ രാത്രിയിൽ അവർ നൃത്തം ചെയ്യുന്നതും പാടുന്നതും രാവേറെ ചെല്ലുംവരെ സംഗീതോപകരണങ്ങൾ വായിക്കുന്നതും കാണാമായിരുന്നു. ഇരുപത്തിനാലുമണിക്കൂറും ആനന്ദിച്ചുല്ലസിക്കുകയായിരുന്നു അവർ. ഈ ആളുകളെ എന്തിന് പുറത്താക്കി? അമേരിക്കയ്ക്ക് അതുകൊണ്ട് എന്തു നേട്ടമുണ്ടായി. അമേരിക്കയ്ക്ക് അവരുടെ മരുഭൂമി തിരികെകിട്ടി, അത്രമാത്രം.
ലോകചരിത്രത്തിൽ ഇതാദ്യമായി പണം പ്രചാരത്തിലില്ലാത്ത ഒരു ചെറിയ പ്രദേശം നിലവിൽവന്നു. പണത്തിന്റെ ഉപയോഗം ഞങ്ങൾ നിർത്തിവച്ചു. കമ്മ്യൂണിൽ പണം ഉപയോഗിച്ചിട്ടില്ല. പണത്തിന്റെ ഉപയോഗം നിലച്ചതോടെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള ഭിന്നതയും ഞങ്ങൾ ഇല്ലാതാക്കി. നിങ്ങളുടെ കയ്യിൽ ലക്ഷക്കണക്കിന് ഡോളർ ഉണ്ടായേക്കാം. പക്ഷേ അതിന് ഒരു ഉപയോഗവുമില്ല. അത് വേണമെങ്കിൽ കമ്മ്യൂണിന് സംഭാവനയായി നൽകാം. പക്ഷേ എന്തെങ്കിലും വാങ്ങുന്നത് അതുപയോഗിക്കാൻ കഴിയില്ല. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കമ്മ്യൂൺ നിറവേറ്റും. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുകതന്നെ ചെയ്തു. നാളെയെക്കുറിച്ച് ആർക്കും ഉത്കണ്ഠയുണ്ടായിരുന്നില്ല. ഇന്നുതന്നെ അത്രയേറെ നിറവാർന്നിരുന്നു, വശ്യസുന്ദരമായിരുന്നു, മാസ്മരികമായിരുന്നു. അതുകൊണ്ട് ആരും ഇന്നലെകളെയും നാളെയുംകുറിച്ച് ചിന്തിച്ചില്ല.
പ്രതിവർഷം 50,000 പേരാണ് കമ്മ്യൂൺ സന്ദർശിച്ചുകൊണ്ടിരുന്നത്. അത്യസാധാരണമായ ഒരിടമാണ് ഞങ്ങൾ അമേരിക്കയിലുണ്ടാക്കിയത്. ആത്മീയാന്വേഷണത്തിനായി ആരും അമേരിക്കയിലേക്ക് പോകാറില്ല. ആത്മീയാന്വേഷണത്തിനായി ആരെങ്കിലും അമേരിക്കയിലേക്ക് പോയതായി കേട്ടിട്ടുണ്ടോ? ഇന്ത്യയിലേക്കായിരിക്കും അവർ പോവുക, ജപ്പാനിലേക്കായിരിക്കും അവർ പോവുക, മധ്യപൂർവ്വദേശങ്ങളിലായിരിക്കും പോവുക. പക്ഷെ അമേരിക്കയിലേയ്ക്ക് ആരും പോകുന്നില്ല. ആത്മീയകാര്യങ്ങളിൽ അമേരിക്കയ്ക്ക് എന്താണ് നൽകാനുള്ളത്? പക്ഷേ ഇന്ത്യയിൽനിന്നും മധ്യപൂർവ്വദേശങ്ങളിൽ നിന്നും ജപ്പാനിൽനിന്നും നൂറ്റാണ്ടുകളായി ആത്മീയതയുടെ ഉറവിടങ്ങളായിരുന്ന രാജ്യങ്ങളിൽനിന്നും, ലോകത്തെല്ലായിടത്തുനിന്നും അമ്പതിനായിരംപേർ ആത്മീയാന്വേഷണത്തിന്റെ ഭാഗമായി അമേരിക്കയിലേക്ക് വരികയായിരുന്നു.
അമേരിക്കൻ രാഷ്ട്രീയക്കാർക്ക് വിവേകത്തിന്റെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, എന്തെങ്കിലും ധിഷണയുണ്ടായിരുന്നെങ്കിൽ, അവർ ഈ കമ്മ്യൂണിനെ പിന്താങ്ങണമായിരുന്നു, സഹായിക്കണമായിരുന്നു. ലോകമെങ്ങുമുള്ള യുവജനങ്ങളുടെ മെക്കയായി, യരുശലേമായി മാറാൻ പോവുകയായിരുന്നു അത്. പക്ഷേ രാഷ്ട്രീയക്കാരിൽനിന്ന് നാം ധിഷണ പ്രതീക്ഷിക്കുന്നില്ല. അവർ അസൂയാലുക്കളായി മാറി. ഈ അമ്പതിനായിരം പേർ വൈറ്റ്ഹൗസിലേക്ക് പോലും പോകുന്നില്ല.
അമേരിക്കൻ രാഷ്ട്രീയക്കാർക്ക് ഭയമായി. കാരണം, കമ്മ്യൂൺ സുഖകരമായി, ആഡംബരപൂർണമായി ജീവിക്കുകയായിരുന്നു. ഞാൻ ദാരിദ്ര്യത്തിന് അങ്ങേയറ്റം എതിരാണ്. കമ്മ്യൂണിൽ നാലുവർഷത്തിനിടെ ഒരു കുഞ്ഞുപോലും ജനിച്ചിട്ടില്ല. ജനനനിയന്ത്രണോപാധികൾ ഉപയോഗിക്കാൻ ആരെയും നിർബന്ധിച്ചില്ല, മറിച്ച് ലോകത്ത് ഇപ്പോൾതന്നെ ജനപ്പെരുപ്പമാണെന്ന് വിശദീകരിക്കുക മാത്രമാണു ചെയ്തത്. എയ്ഡ്‌സ് വ്യാപിക്കുന്ന, ആണവായുധങ്ങൾ കുന്നുകൂടുന്ന, ജനസംഖ്യ വർദ്ധിച്ചുകൊണ്ടേയിരിക്കുന്ന ഒരു ലോകത്ത് നിങ്ങളുടെ കുട്ടി വളരണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ഈ നൂറ്റാണ്ട് അവസാനത്തോടെ അനേകദിശകളിൽ നിന്ന് ലോകത്തെയാകെ അന്ധകാരം ഗ്രസിക്കും. നിങ്ങളുടെ കുട്ടി ഈ ലോകത്ത് ജനിക്കണമെന്നാണോ നിങ്ങളാഗ്രഹിക്കുന്നത്? നിങ്ങൾക്ക് സ്നേഹമെന്ന ഒന്നുണ്ടെങ്കിൽ ഒരു കുട്ടിക്ക് ജന്മം നൽകാൻ മുതിരുകയില്ല. അതിനുള്ള സമയം ഇതല്ല.
അമേരിക്കൻ സർക്കാർ ഏറെ രോഷാകുലരാവാൻ കാരണമുണ്ട്. സോവിയറ്റ് റഷ്യയിലോ മറ്റേതൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തോ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്ന കമ്മ്യൂണിസം ഇവിടെ നടപ്പാവുകയായിരുന്നു. അമേരിക്കൻ ഭരണാധികാരികൾ പേടിച്ചുപോയി – സർക്കാരില്ല, നിയമപാലനമില്ല. അവിടെ സംഭവിക്കുന്നതുകണ്ട് അമേരിക്കൻ സർക്കാർ ഭയന്നുപോയി. അമേരിക്കൻ ജനത ഇതറിയാൻ ഇടവന്നാൽ – അവർ അറിഞ്ഞുതുടങ്ങിയിരിക്കുന്നു – സാവധാനം അതൊരു പ്രശ്നമായി മാറും. അതുകൊണ്ട് അതിനെ നശിപ്പിക്കുന്നതാണ് നല്ലത്. അത് നിലനിന്നാൽ ജനങ്ങൾ താരതമ്യത്തിനു മുതിരും.
കമ്യൂണിന് നൂറുകണക്കിന് കാറുകളുണ്ടായിരുന്നു. ഒരു കാർപോലും ആരുടെയും സ്വന്തമായിരുന്നില്ല. ആർക്കുവേണമെങ്കിലും ഏതു കാർ വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു. കമ്മ്യൂണിൽ നൂറു ബസ്സുകളും അഞ്ച് വിമാനങ്ങളും സ്വന്തം വിമാനത്താവളവും ഉണ്ടായിരുന്നു. എല്ലാവരും സന്തുഷ്ടരായി ജീവിച്ചു. ഏതുകാര്യത്തിനും ആരെയും ലഭ്യമായിരുന്നു. എല്ലാവരും നിർവൃതിയിൽ ലയിച്ചിരുന്നു. സമ്പന്നരാകുന്നത് അപകടകരമാണ്. മറ്റു മനുഷ്യരുടെ കണ്ണുകളിൽ അത് താൽപ്പര്യം ജനിപ്പിക്കും. അവർ രാഷ്ട്രീയക്കാരോട് ചോദിക്കും, “ആയിരക്കണക്കിന് വർഷങ്ങളായി നിങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കുന്നത് നാലുവർഷംകൊണ്ട് ഇവിടെ നടപ്പാക്കാൻ കഴിഞ്ഞിരിക്കുന്നു! ഇവർക്കത് സാധ്യമെങ്കിൽ എല്ലാ മനുഷ്യർക്കും എന്തുകൊണ്ട് ഇതായിക്കൂടാ?”
അവരെന്നെ അറസ്റ്റ് ചെയ്തത് ഒരു അറസ്റ്റ് വാറണ്ടുമില്ലാതെ, പന്ത്രണ്ടു തോക്കുകൾ ചൂണ്ടിയാണ്. എന്തുകൊണ്ട് എന്നെ അറസ്റ്റ് ചെയ്യുന്നുവെന്ന് അവരൊരിക്കലും പറഞ്ഞില്ല. എന്റെ അഭിഭാഷകരെ വിവരമറിയിക്കാൻ അവരനുവദിച്ചില്ല. ഇത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായിരുന്നു. ലോകത്തിലെ വാർത്താമാധ്യമങ്ങൾ ഇതെല്ലാം അറിഞ്ഞതോടെ അമേരിക്കൻ യാഥാർത്ഥ്യം പെട്ടെന്ന് തുറന്നു കാട്ടപ്പെട്ടു. പന്ത്രണ്ടു ദിവസം ഞാൻ ജയിലുകളിലായിരുന്നു. ഓരോ ജയിലിനുചുറ്റും നൂറുകണക്കിന് ക്യാമറകളും ടെലിവിഷൻകാരും പത്രക്കാരും അണിനിന്നിരുന്നു. അവർക്ക് എന്നെക്കുറിച്ച് അറിയേണ്ടിയിരിക്കുന്നു. കാറിൽനിന്ന് ജയിലിലേക്ക് പോകുന്നത് കാണുമ്പോൾ അവർ വിളിച്ചു ചോദിക്കും, “അവർ താങ്കളെ ഉപദ്രവിക്കുന്നുണ്ടോ? ഒന്നു പറഞ്ഞാൽമതി, ഞങ്ങളത് ലോകം മുഴുവനും അറിയിക്കാം.”
ലളിതമായ ഒരു മനശാസ്ത്രമാണിത്. എനിക്ക് സാമ്രാജ്യമൊന്നും നഷ്ടപ്പെട്ടുവെന്നല്ല പറയുന്നത് – എനിക്ക് സാമ്രാജ്യമൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് ചക്രവർത്തിപദം നഷ്ടമായെന്നല്ല പറയുന്നത് – ഞാനൊരിക്കലും ചക്രവർത്തിയായിരുന്നില്ല. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു ലോകം എനിക്കുണ്ട് – എന്നെ സ്നേഹിക്കുന്ന ആളുകൾ, എന്റെ സ്നേഹം കൊണ്ട് അനുഗ്രഹീതരായ ആളുകൾ എനിക്കുണ്ട്. സ്നേഹത്തെ അധികാരമെന്ന് വിളിക്കാമെങ്കിൽ ഇത് അധികാരമാണ്. ഒരുപക്ഷേ സംരക്ഷിക്കേണ്ട ഏകഅധികാരം ഇതായിരിക്കും. മറ്റെല്ലാ അധികാരവും നശിപ്പിച്ചേ പറ്റൂ.
എന്റെ പ്രബോധനങ്ങൾ മുഴുവനും മനസ്സ് അടഞ്ഞുപോയിട്ടില്ലാത്ത, വിവേകമുള്ള ഏത് വ്യക്തിക്കും സുവ്യക്തമാകുന്നവയാണ്. ലോകമെങ്ങുമുള്ള മാധ്യമങ്ങൾ എന്റെപിന്നാലെ കൂടാതിരിക്കുന്നത് ഒരു കാരണവും ഞാൻ കാണുന്നില്ല. എന്റെ പിന്നാലെയല്ല അവർ വരുന്നത് സത്യത്തിന് വേണ്ടിയാണത്, സൗന്ദര്യത്തിന് വേണ്ടിയാണത്, ധ്യാനത്തിന് വേണ്ടിയാണത്. ഒരു പുതിയ മതാത്മകതയ്ക്കു വേണ്ടിയാണത്.
🌹 ഓഷോ 🌹 ഓഷോ 🌹