ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ശ്രീലത രാധാകൃഷ്ണൻ ✍

ഓരോ സ്വാതന്ത്ര്യദിനത്തിലും ഓർമ്മയുടെ നാരങ്ങാമിഠായി നാവിലെത്തും.

സ്വാതന്ത്ര്യദിനമെന്നാൽ ചേവായൂർ യു.പി.സ്കൂളിലെ ഓർമ്മകളാണ്. ഓടിട്ട ചെറിയ സ്കൂൾ. ഓഗസ്റ്റ് ഒന്നാം തിയ്യതി മുതലേ സ്വാതന്ത്ര്യമെത്തുന്നിടം. അർത്ഥമറിയാത്ത സ്വാതന്ത്ര്യഗാനങ്ങൾ ഈശ്വരിട്ടീച്ചർ ഞങ്ങൾ ഗായക സംഘത്തെ രണ്ടാഴ്ച മുന്നേ പഠിപ്പിച്ച് തുടങ്ങും. ജണ്ടാ ഊംഞ്ചാ രഹേ ഹമാര വിജയീ വിശ്വധി രംഗാ പ്യാരാ😂

ഉച്ചാരണമോ താളമോ ഒന്നും ശരിയായിട്ടല്ല എന്നെ ഗായക സംഘത്തിൽ ഉൾപ്പെടുത്തുന്നത്. അസ്സമ്പ്ളി എന്ന വെയിലത്തോ മഴയത്തോ നിർത്തുന്ന ചടങ്ങിൽ എല്ലാവരിലേക്കും എന്റെ ശബ്ദം എത്തുന്നതിനാൽ മാത്രമാണ്. വന്ദേമാതരം, ഹിന്ദ് ദേശ് കെ നീവാസിയുമൊക്കെ ഞാൻ എന്റെ ഉച്ചസ്ഥായിയിൽ പാടിത്തിമിർക്കും.
എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതസ്മദ്ദ്ദേവിയുടെ തൃപ്പതാകകൾ എന്ന പാട്ടാണ്. അതിലെ ചില പദങ്ങളുടെ അർത്ഥം എനിക്കറിയില്ലെങ്കിലും അത് പല രീതിയിൽ ഞാൻ കാറിപ്പാടും.


ഓഗസ്റ്റ് 15 ന് അമ്മ നേരത്തെ എഴുന്നേറ്റു കുളിക്കും. ഓണവും വിഷുവും പോലെ പവിത്രമായ ഒരു ദിവസമായി അമ്മ ആ ദിവസത്തെ കരുതിയിരുന്നു. ഏറ്റവും നല്ല ഡ്രസ്സ്‌ അല്ല അതിന് തൊട്ടുതാഴെ ചെറിയ ഓണത്തിന് ഇടാൻ വച്ച ഡ്രസ്സ് എടുത്ത് തരും. .എന്റെ മുഖത്തെ എണ്ണമെഴുക്ക് കളയുവാനായി കുറച്ച് ക്യൂട്ടീക്കുറ പൌഡറും. എന്റെ പീച്ചാംവാൽ മുടി രാഘവവല്യച്ഛന്റെ മകൾ ശ്യാമളേച്ചി മെടഞ്ഞ് ചൂടി പോലെയാക്കിത്തരും. ഇതൊക്കെക്കൂടിയായാൽ അച്ഛൻ ഷേവ് ചെയ്യുമ്പോൾ നോക്കുന്ന കണ്ണാടിയിൽ നോക്കിയാൽ ഓണത്തുമ്പി പോലെയുണ്ടാകും എന്നെക്കാണാൻ.


സ്കൂളിലേക്ക് പോകുന്ന വഴിയിലൊക്കെ പായസവിതരണവും മിഠായി വിതരണവും ഉണ്ടാകും. ആര് എന്തുതന്നാലും വാങ്ങരുത് എന്ന അമ്മയുടെ കല്പനയുള്ളതിനാൽ ഒന്നും വാങ്ങിക്കഴിക്കുവാൻ പറ്റില്ല. മത്തങ്ങാക്കണ്ണും വിടർത്തി എല്ലായിടത്തൂമുള്ള കൊടിത്തോരണങ്ങൾ നോക്കി നടക്കുന്ന എന്നെ ആട്ടിൻകുട്ടിയെ പിടിച്ചു കൊണ്ടുപോകുന്നപോലെ ചേച്ചി വലിച്ചു കൊണ്ടുപോകും 😔.


സ്കൂളിലെത്തിയാൽ നല്ല രസമാണ്. അന്ന് എല്ലാംകുട്ടികളെയും കാണാൻ കളർമിഠായി പോലെ ഉണ്ടാകും. എല്ലാവർക്കും ഒരു കുഞ്ഞു പതാകയും മൊട്ടുസൂചിയും തരും ഞങ്ങളെല്ലാവരും. അത് ഷർട്ടിന്റെ മുകൾഭാഗത്ത്.ഇടത് വശത്തായി കുത്തിവയ്ക്കും.അസ്സമ്പ്ളി തുടങ്ങി ഹെഡ്മാസ്റ്റർ എന്തൊക്കെയോ പറയും. മറ്റുകുട്ടികൾ കൈ കൊട്ടുമ്പോളൊക്കെ ഞാനും കയറിക്കൊട്ടും. ഗാന്ധിജി,നെഹ്‌റു,, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ് എന്നൊക്കെ പറയുമ്പോൾ എന്റെ കുടുംബക്കാരെപ്പോലെ എനിയ്ക്ക് സ്നേഹം തോന്നും. സ്കൂൾ ലീഡറും ഹെഡ്മാസ്റ്ററും ചേർന്ന് പതാക ഉയർത്തുമ്പോൾ മുകളിൽ പതാകഎത്തിയാൽ ചെത്തിപ്പൂക്കൾ താഴോട്ട് വീഴുന്നത് കണ്ണുതള്ളി അമ്പരപ്പോടെ ഞാൻ നോക്കി നിൽക്കും.

അപ്പോൾ ഈശ്വരട്ടീച്ചർ ഒരു സിഗ്നൽ തരും. മൈക്കില്ലാത്തതിനാൽ ഈരേഴ് പതിനാല് ലോകം കേൾക്കുമാറുച്ചത്തിൽ ഞങ്ങൾ ഗായക സംഘം ജണ്ടാ ഊഞ്ചാ പാടും. പിന്നെ കുറേ ടീച്ചർമാർ ആശംസകൾ നേരും. ജനഗണമന ചൊല്ലി അസംബ്ലി അവസാനിപ്പിക്കുമ്പോഴേക്കും എന്റെ വയറ്റിൽ നിന്ന് പീപ്പി വിളിക്കുന്നുണ്ടാവും.
ക്ലാസ്സിലെത്തി കുറച്ച് കഴിഞ്ഞാൽ ക്ലാസ്സ് ടീച്ചർ കടലാസിൽപ്പൊതിഞ്ഞ മഞ്ഞയും ഓറഞ്ചും നിറമുള്ള നാരങ്ങാമിഠായി തരും. ലോശഞ്ചർ എന്നാണ് ആ മിഠായിയെ അന്ന് പറഞ്ഞിരുന്നത്. മിക്കവാറും ഓരോ കുട്ടിക്കും അഞ്ചെണ്ണം. അതിൽ ഒരു ഓറഞ്ച് നിറമുള്ള മിഠായി മാത്രം ഞാൻ ക്ലാസ്സിൽ നിന്ന് തിന്നും.

അന്നും ഇന്നും ഓറഞ്ച് നിറമുള്ള ആ മിഠായി എന്റെ ബലഹീനതയാണ് . കല്ലുപോലുള്ള അത് വായിലിട്ട് ഊറി വരുന്ന മധുരം ഇറക്കിയിറക്കി അങ്ങനെ. ഒടുവിൽ ഒരു പാ ടപോലെയാകുേമ്പാൾ രണ്ട് കടി കടിച്ച് വിഴുങ്ങും. വീട്ടിലെത്തുമ്പോഴേക്കും ബാക്കിയുള്ള മിഠായി കൈയിലിരുന്ന് അലിഞ്ഞ് അളിഞ്ഞിട്ടുണ്ടാകും. അതിൽ നിന്ന് രണ്ടെണ്ണമെടുത്ത് അച്ഛന് കൊടുക്കുവാനായി കുഞ്ഞിപ്പാത്രത്തിൽ മൂടിവയ്ക്കും. ഒന്ന് അമ്മ തിന്നും, ബാക്കി ഒന്ന് എനിക്കും. തരും. മധുരമുള്ള പുളിയുള്ള നാരങ്ങാമിഠായിയ്ക്ക് എന്തൊരു സ്വാദാണെന്നോ !
….
എല്ലാവർഷത്തേയും പോലെ കെട്ടിയോൻകുഞ്ഞ് പതാക കൊണ്ടു വന്നിട്ടുണ്ട്. മൂന്ന് പതാകത്തൊപ്പിയും.
“മോനേ അച്ഛൻ flag കൊണ്ടു വന്നിട്ടുണ്ട്. ” രണ്ടു ദിവസം മുമ്പേ സുതനോട് മേം ഉവാച .
“വല്യതൊന്നും പറയണ്ട ഇങ്ങള്… അത് വാങ്ങിച്ചില്ലേൽ ഇങ്ങളെ മുഖം കൂർക്കൂല്ലേ “
സ്വാതന്ത്ര്യദിനഓർമ്മകൾ ചെറുതായി ഇവിടെ സമാപ്ത ഹു 💪
സ്വാതന്ത്ര്യദിനഓർമ്മകളുടെ നാരങ്ങാ മിഠായി നുണഞ്ഞുകൊണ്ട് എല്ലാവർക്കും സ്നേഹത്തോടെ സ്വാതന്ത്ര്യദിനാശംസകൾ

ശ്രീലത രാധാകൃഷ്ണൻ

By ivayana