രചന : കെ ജയനൻ✍
കല്പന
പ്രമാണിക്ക
അകൃത്യ കല്പന
വാഴുന്നോർ തൻ
വരബലം
ഭോഗിച്ചു തീർക്കുന്നു
ദേശവാഴികൾ;
അന്യന്റെ കർമ്മഫലങ്ങളും ….
മുഴങ്ങുന്നൊരാപ്തവാക്യം;
ചൂണ്ടുന്നു ദേശവാഴിക്കു നേരെ
വയലേലയിൽ , പണിയിടങ്ങളിൽ
കനൽ കത്തുന്ന കണ്ണിൽ നിന്നും
സഹികെട്ട നാവേറായ്:
ആലക്കുടിയിൽ കിടക്കും
നായയ്ക്കുണ്ടോ പേടി
തീപ്പൊരി കണ്ടീടിനാൽ ….
അനുതപിക്കുന്നു
പ്രജാപതി
വെറും വാക്കിനാൽ കോർത്തു വച്ച
നോക്കുകുത്തികളല്ലോ നമ്മൾ;
ഇഹപരലോകവാസികൾ….
മതം
ദേശം
മാനവികത
തരം പോലെ മൊഴിയുന്നു വൃഥാഭിമാനങ്ങൾ
മുഴങ്ങുന്നു
ഇഹ പര ലോക വൃത്താന്തങ്ങൾ
വരവായ്
ആദിത്യൻ നീചഭാവത്തിൽ
ഉന്മത്തരായ്
നമ്മൾ
ജന്മാന്തരങ്ങളാൽ …
ഒഴിഞ്ഞഹംബുദ്ധിതന്നാരവം
കൊഴിയുന്നു നിർജ്ജിവമായ്
ദൈവത്തിന്നുടലാധാരങ്ങൾ…
അരങ്ങേറുന്നു
നരമേധങ്ങൾ ;
ദേശമിന്നൊരു യാഗശാല…
പ്രജാപതി കല്പിക്കുന്നു :
ദൈവത്തിന്നുടൽ നിറം മങ്ങുന്നു;
പൂവിന്റേതല്ല;
ഇലയുടേതുമല്ലാതായ് …
മൺ മറഞ്ഞുപോയ്
മൃദുസ്വരത്താൽ
നമ്മെ സ്പർശിച്ച കുല മൂർത്തികൾ …
ആർത്തിയോടെ ഭക്ഷിച്ചു
ദേശവാഴികൾ
അപര പ്രാർഥന…
ആട്ടിയോടിച്ചു
ബുദ്ധനെ
ശ്രീരാമനാമം ജപിച്ചാമോദമോടെ
പുലർന്നു കാലം
ദേവാസുര മിശ്രഭോജനത്തിനായ് ..
മർത്ത്യനായ്
ജനിച്ചവർ വഴി മാറുക
തുറക്കുന്നു
വൈകുണ്ഠകവാടം
വരത്തിനായ്
തിരക്കായ്
ദേവാസുരോത്തമന്മാർ ….