ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : സാജുപുല്ലൻ✍

ചർച്ചയുടെ ഗൗരവം സൂചിപ്പിക്കുന്നതായിരുന്നു മുഖങ്ങൾ .കാടിന്റെ തലസ്ഥാനത്ത് പാറയാൽ ചുറ്റപ്പെട്ടിടത്ത് അവർ നിന്നു. മൂപ്പന്റെ ആസ്ഥാനമായിരുന്നു .
തിരഞ്ഞെടുക്കപ്പെട്ടവനും ബുദ്ധിമാനുമായിരുന്നു മൂപ്പൻ .കാടിന്റെ ഋതുക്കളും മാറ്റങ്ങളും കണ്ടിരുന്നു .വിശ്വസ്തരായ അനുയായികളുടെ നടുവിൽ ഒരു വലിയ പാറയിൽ ഇരിക്കുകയായിരുന്നു .
കുരങ്ങന്മാരുടെ സംഘത്തലവൻ മൂപ്പന്റെ അധികാരം അംഗീകരിച്ചുകൊണ്ട് ആദരപൂർവ്വം മുമ്പിൽ മുട്ടുകുത്തി .പിന്നാലെ മറ്റ് മേധാവികളും, സംഘാംഗങ്ങളും.
” ബഹുമാനപ്പെട്ടവനേ,
ഇതൊരു സഭയാണ് .
കൂടിയാലോചനയാണ്-
നമ്മുടെ സമൂഹത്തിന്റെ പുരോഗതിയുടെ തെളിവുകളുമായാണ് ഞങ്ങൾ വന്നിരിക്കുന്നത് – “
തലവൻ പറഞ്ഞു .
“താമസിക്കാൻ ആഡംബര വീടുകൾ ,
സഞ്ചരിക്കാൻ വിശാലമായ റോഡുകൾ …
അങ്ങനെയെന്തെല്ലാമോ

നമ്മൾ നേടിയെടുത്തു-
നാമെല്ലാം വെളുത്തവരും മിനുത്തവരുമായി മാറിയിരിക്കുന്നു .
നമ്മൾ വികസനം കൈവരിച്ചിരിക്കുന്നു – “
തിളങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച കുരങ്ങന്മാരെ അയാൾ ചൂണ്ടിക്കാട്ടി .ശുദ്ധതയുടെ അടയാളമായി അവർ കൊണ്ടാടിയിരുന്ന വെളുത്ത തൊലിപ്പുറത്ത് രോമങ്ങൾ അഭിമാനപൂർവ്വം എഴുന്നു നിന്നു.
സഭയിൽ കയ്യടി ഉയർന്നു , തലവന്റെ വാക്കുകൾക്കുള്ള അംഗീകാരമായി അലർച്ചകളും .
സംഘത്തിലെ രണ്ടാമൻ മുന്നോട്ടാഞ്ഞു-
അയാൾ പറഞ്ഞു :
“നമ്മൾ മുന്തിയ വിദ്യാഭ്യാസം നേടി .നമുക്ക് നമ്മിൽനിന്നുതന്നെ പ്രൊഫഷണലുകൾ ഉണ്ട് .ഏതു രോഗവും ഭേദമാക്കാൻ പഠിപ്പുള്ള ഡോക്ടർമാർ …ബിസിനസ്സുകാർ …എൻജിനീയർമാർ …
നമ്മളിൽനിന്ന് ആരും തൊഴിലാളികൾ ഇല്ലെന്ന് അഭിമാനപൂർവ്വം അറിയിക്കുന്നു .ഇനി ഉണ്ടാവാനും പാടില്ല .നമ്മൾ എല്ലാത്തിനും മേൽനോട്ടം വഹിക്കും . “
അയാൾ ടാബ്ലറ്റുകളും ഫോണുകളും കൈവശം വച്ചിരിക്കുന്ന മറ്റ് കുരങ്ങുകളെ ചൂണ്ടിക്കാട്ടി .
കരഘോഷം …
മൂന്നാമത്തെ മേധാവി കേന്ദ്ര സ്ഥാനത്ത് നിന്നതോടെ കരഘോഷം കനത്തു .
“ഇനി നമ്മളാവണം ലോകം മുഴുവൻ ബിസിനസ്സ് നിയന്ത്രിക്കേണ്ടത് . “
അയാൾ പ്രഖ്യാപിച്ചു .
“നാം എല്ലാം ശേഖരിച്ച് വക്കേണ്ടതുണ്ട് .നാം മൊത്തക്കച്ചവടം ചെയ്യും.
വാങ്ങാനും വിൽക്കാനും ചില്ലറ വ്യാപാരികൾ വേണം , കസ്റ്റമേഴ്സ് വേണം .
നമ്മൾ നിശ്ചയിക്കുന്ന കൂലിക്ക് വേല ചെയ്യാൻ തൊഴിലാളികൾ വേണം .
സാധനങ്ങളെ വിലയായി മാറ്റാൻ പണം എന്നൊരു സമ്പ്രദായം വികസിപ്പിച്ചെടുത്തിട്ടുണ്ട് .നമുക്കിനി പണം വേണം .”
കൈയ്യടികൾ …
നാലാമൻ മുന്നോട്ടുവന്നു :
“വിശാലമായ വഴികൾ നമുക്ക് യാത്ര ചെയ്യാൻ മാത്രം റിസർവ് ചെയ്യണം .
ചെറുവഴികളിൽ അവർ നടക്കട്ടെ .
മണിമന്ദിരങ്ങൾ നമുക്ക് മാത്രമായിരിക്കട്ടെ .
അവർക്ക് കൂടുകൾമതി .
നമ്മൾ മേലധികാരികളായിരിക്കും .
അവർ നമുക്ക് വേണ്ടി പണിയെടുക്കട്ടെ .
നമ്മുടെ ചരക്കുകൾ നമ്മൾ നിശ്ചയിക്കുന്ന വിലക്ക് വാങ്ങാൻ ദൂരദേശങ്ങളിലും ഡിമാൻഡ് ഉണ്ടാവണം .
ബുദ്ധിമാനായ മൂപ്പാ –
ഇതിനൊക്കെ വേണ്ടി അങ്ങ് ഇപ്പോൾ തന്നെ പ്രവർത്തിക്കണം – “
നാലു പ്രമാണിമോരോടുമായി മൂപ്പൻ ഒരു ചോദ്യം ചോദിച്ചു :
“നിങ്ങൾ പരാമർശിക്കുന്ന അവർ ആരാണ് ?”
“അവർ ഞങ്ങളിൽനിന്ന് വ്യത്യസ്തരാണ്. അവർ ഞങ്ങളെക്കാൾ താഴ്ന്നവരാണ് .പഠിപ്പില്ലാത്തവരും പിന്നാക്കക്കാരുമാണ് .അവർ ദുർബലരും വിധേയരുമാണ് .
ആശ്രിതരാവാൻ യോഗ്യതയുള്ളവരാണ് …”
മൂപ്പൻ നിശബ്ദനായിരുന്നു .
മൂപ്പൻ ചിന്തിച്ചു .
തന്റേതായ ഒരു അഭിപ്രായം പറയാനുള്ള സന്ദർഭമാണ് .
മൂപ്പൻ ചിന്തിച്ചു
-മൂപ്പൻ എന്ന പദവി മാത്രമേയുള്ളൂ ,എല്ലാം ഇവരാണ് …ഇവരാലാണ്….-
മൂപ്പൻ സംസാരിച്ചു :
“നിങ്ങളുടെ വാദങ്ങൾ ന്യായം തന്നെ .അതിനുള്ള പ്രവർത്തനങ്ങൾക്കായി വൈദഗ്ദ്യമുള്ള ആശയ വ്യാഖ്യാതാക്കളെ നമുക്കിടയിൽ നിന്നും കണ്ടെത്തി കൊണ്ടു വരിക .അവർ ഏത് ആശയത്തെയും നമുക്കുവേണ്ടി വ്യാഖ്യാനിക്കട്ടെ ,-പരിഷ്കരിക്കട്ടെ .
സൈദ്ധാന്തികമാനം …
ദാർശനികമാനം…താത്വികമാനം…
അവ വേണം, ആധികാരികമായിരിക്കണം.
അങ്ങനെവേണം പ്രചരിപ്പിക്കാൻ .
അതിനായി മിടുക്കരായ ആശയവിനിമയക്കാരെ കണ്ടെത്തുക .അവരെ നമ്മുടെ ദൂതന്മാരായി അയൽക്കാടുകളിലേക്കയക്കാം .അവർ അവിടെ
മൂപ്പന്മാരെ വശീകരിക്കട്ടെ
…; അവർ അവിടെനിന്നും വാഗ്ദാനങ്ങളുമായി തിരിച്ചു വരട്ടെ – “
അധിനിവേശം എന്നു തോന്നാത്ത ഒരു പടയോട്ടത്തിന്റെ ഒരുക്കങ്ങൾ അതിർത്തി കടന്നു തുടങ്ങി…
O

സാജുപുല്ലൻ

By ivayana