ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : എം പി ശ്രീകുമാർ✍

ചിങ്ങമാസപ്പുലരിതൻ മണി
ചന്ദന വാതിൽ തുറക്കയായ്
പൊൻ ദീപങ്ങൾ കൊളുത്തി കേരളം
പൊൻകുരുത്തോലകൾ തൂക്കി
പുത്തനാണ്ടു പിറക്കയാണിന്ന്
മലയാളത്തിരുനാളായ്.
മന്ത്രകോടിയുടുത്തെഴുന്നെള്ളി
കൈരളി കാവ്യമോഹിനി !
പൂർവ്വ ദിങ്മുഖകാന്തിയൊക്കെയും
നിൻ മുഖത്തേയ്ക്കൊഴുകിയൊ !
ധനു മാസത്തിരുവാതിര പോൽ
ചന്ദ്ര താരകൾ പൂത്തുവൊ !
ചെന്താമരപ്പൂ വിടർന്നു കവിൾ
ത്തടങ്ങളിൽ പുളകമായ് !
ദേവികെ നിന്റെ ഗാനധാരകൾ
ചാരു മോഹന വിസ്മയം !
നാവിലെന്നും വിളങ്ങേണം നിന്റെ
നർത്തനത്തിൻ ചിലമ്പൊലി !
കുഞ്ചൻ പാടിയ തുള്ളൽ പാട്ടുകൾ
തുഞ്ചന്റെ കിളിപ്പാട്ടുകൾ
താരാട്ടീണത്തിൽ കണ്ണന്റെ കഥ
പാടിയ ചെറുശ്ശേരിയും
വാസുദേവന്റെ തോഴന്റെ കഥ
വാഴ്ത്തി വണങ്ങി വാര്യരും
അങ്ങനെ തിരുപഞ്ചമം പാടി
പിന്നാലെ വന്നോരൊക്കെയും
ചന്ദന വാതിൽ ചാരിയെത്തുന്ന
ചന്ദനമുഖിയായ് വരും
നിന്റെ മാന്ത്രിക ഹസ്തലാളന
മേറ്റു പാടുന്നീ വിപഞ്ചിക
നിൻ ചൊടികളുണർത്തുമ്പോളീ
വേണു, ഗാന മുതിർത്തിടും
നിൻ വിരൽത്തുമ്പിൻ വൈഭവമെന്റെ
മനസ്സിലിടും പൂക്കളം
അക്ഷരപ്പൂക്കളാക്കി മാറ്റുമ്പോ-
ളത്ര ചാരുത കിട്ടിടാ.

എം പി ശ്രീകുമാർ

By ivayana