രചന : ഷബ്‌നഅബൂബക്കർ✍

ദീർഘ കാലമായി അടച്ചിട്ട സമൂഹ
മാധ്യമങ്ങളുടെ വാതിൽ തള്ളിത്തുറന്നു
അകത്തേക്ക് ചെന്നപ്പോൾ
അന്യഗ്രഹത്തിൽ പെട്ടതുപോലെയൊരു
ശ്വാസതടസ്സം…
വിചിത്രമായ രൂപങ്ങൾ…
അതിലും വിചിത്രമായ പലതരം ഭാവങ്ങൾ…
മിഴികൾ ആവർത്തിച്ചു ചുറ്റിലും
ഭ്രമണം ചെയ്തിട്ടും അപരിചിതത്വം
മായ്ച്ചു കളയാനുതകുന്ന ഒന്നും തന്നെ
കാണാനായില്ല.
കണ്ട കാഴ്ച്ചകളിൽ മുഴുക്കെയും
ചത്തു മലച്ച ആത്മവിശ്വാസത്തിന്റെ
ഒരുപറ്റം വെള്ളപൂശിയ മുഖങ്ങൾ…
പുഞ്ചിരി മറന്നു പോയ കൂർത്ത ചുണ്ടുകൾക്ക്
കണ്ണഞ്ചിപ്പിക്കും മാരിവില്ലിൻ വർണ്ണങ്ങൾ…
നീരറ്റ അരുവികൾ പോലെയുള്ള കവിളിണകൾക്ക്
ചുറ്റും വട്ടച്ചൊറി പിടിച്ച പോലെയൊരു ചെഞ്ചായം…
മനുഷ്യ ഉടലിൽ മൃഗീയമായ മുഖവും മനസ്സുമായി
അഹംഭാവത്തിന്റെ മൂർത്തീ ഭാവങ്ങൾ…
അടക്കമില്ലാത്ത അടക്കം പറച്ചിലുകൾക്കും
അശ്ലീലമായ വാക്കുകളുടെ ഒട്ടും കൂസലില്ലാത്ത
കസർത്തിനൊക്കെയും ‘നിക്കറില്ലാത്ത കുറേ
സ്റ്റിക്കറുകളാ’ൽ അഭിനന്ദനങ്ങൾ..
എങ്ങും ഉറഞ്ഞു തുള്ളുന്ന പേക്കോലങ്ങളുടെ
നീണ്ടു പോവുന്ന നിര…
‘മുഖചിത്ര’ത്തിന്റെ ഉമ്മറത്തിരുന്ന്
കാലം കുടിനീരിന്റെ കുത്തകയായിരുന്ന
‘അരിച്ചെടുപ്പ്’ കാലത്തിന് അന്ത്യകൂദാശ ചൊല്ലുന്നു…
‘റീൽസ്’ എന്ന ചൂണ്ടയിൽ പിടഞ്ഞു തീരുന്ന ആയുസ്സിനെ
പകച്ചുനോക്കവേ എനിക്കും വന്നു
കുയിൽ കൂവും നാദത്തിലൊരു നോട്ടിഫിക്കേഷൻ…
ആശങ്ക വേണ്ട,
കാലത്തെയൊന്നാകെ ‘ഫിൽറ്റർ’
ചെയ്തതാണെന്നുള്ളയാ ഓർമ്മപ്പെടുത്തൽ കാണേ
ഞാനും കുറിച്ചൊരു നീളൻ ‘ഹാഷ് ടാഗ്’…
‘അരിച്ചെടുത്തു തെളിമയാക്കി വിശുദ്ധിയോടെ
ദാഹമകറ്റിയ നന്മയുള്ള കാലമേ നിനക്കു വിട…’
മാനവ കുലത്തെയാകെ ‘ഫിൽറ്റർ’ ചെയ്ത്
നന്മയാൽ ശുദ്ധിയാക്കട്ടെ മനസ്സുകൾ…
അതിനപ്പുറം ഇനിയുമൊരു ‘ഫിൽറ്റർ യുഗം’
പുഴയേ, സമുദ്രമേ, നിലക്കാത്ത ജലപ്രവാഹമേ…,
നിനക്കായി മാത്രം നൽകാം…
അശുദ്ധി വരുത്തിയ കൈകളാൽ തന്നെ
വീണ്ടുമൊരു വിശുദ്ധിയുടെ പിറവി നൽകാം.

By ivayana