ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : റഫീഖ് പുളിഞ്ഞാൽ✍

അയാൾ വാതിൽ തുറന്ന് പുറത്തേക്ക് നോക്കി.
പുറത്ത് മഴ കോരി ച്ചൊരിയുന്നുണ്ട്. ഉച്ചക്ക് തുടങ്ങിയ പെയ്ത്താണ്.
ഇതുവരെ ശാന്തമായിട്ടില്ല.
പൊതുവേ വയനാടൻ മഴ അങ്ങനെയാണ്. പെയ്യാൻ തുടങ്ങിയാൽ നിർത്താതെ അങ്ങ് പെയ്യും.
അത് തോരുന്നതും കാത്തുനിന്നാൽ ശരിയാവില്ലെന്ന് അയാൾക്ക് തോന്നി.
ഇപ്പോൾ തന്നെ സമയം സന്ധ്യ
ആകാറായി.
പത്തു പതിനാറ് കിലോമീറ്റർ ദൂരം പോകാനുണ്ട് അയാളുടെ ഭാര്യയുടെ വീട്ടിലേക്ക്.
അവിടെ അയാളുടെ അളിയന്റെ കുട്ടിയുടെ പിറന്നാളാണ്.
ഭാര്യയും കുട്ടികളും നേരത്തേ പോയി.
അവൾ പോകുമ്പോൾ കൂടെ പോകാൻ ആയാളേയും വിളിച്ചതാണ്.
തനിക്ക് ഒരു പുസ്തകം വായിച്ചു തീർക്കാനുണ്ടെന്നും, പരിപാടി തുടങ്ങുമ്പോഴേക്കും താൻ എത്തിക്കോളാം എന്നും പറഞാണ് അവളെ അയാൾ യാത്രയാക്കിയത്.
അയാൾക്ക് ധരിക്കാനുള്ള
ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടും
അവൾ അയേൺ ചെയ്തു വെച്ചിരുന്നു.
കൂടാതെ മാനത്ത് മഴക്കാർ കണ്ടപ്പോൾ,
‘ഇക്ക കുട നോക്കി നടക്കേണ്ടല്ലോ’
എന്ന് പറഞ്ഞ് അതും അയാൾകാണുന്ന സ്ഥലത്തവൾ എടുത്തു വച്ചിട്ടുണ്ട്.
അവൾ അങ്ങനെ യാണ്.
അയാൾക്ക് വേണ്ട എല്ലാ സാദന സാമഗ്രികളും വേണ്ട സമയത്തേക്ക് മുൻകൂട്ടി ഒരുക്കി വെയ്ക്കും.
അയാളുടെ ഡ്രസ്സ്‌, ചെരുപ്പ്, വാച്ച്, പെന്ന്, കണ്ണട എല്ലാം.
“അതൊക്കെ താൻ എടുത്തോളും” എന്ന് അയാൾ പറഞ്ഞാലും,
‘ഇക്ക അതൊന്നും നോക്കി നടന്നാൽ കാണില്ല’
എന്ന് പറഞ്ഞാണ് അതൊക്കെ അവൾ ഒരുക്കി വെയ്ക്കുന്നത്.
ശരിയാണ് അവൾ പറയുന്നത്.
അയാളെത്ര നോക്കി നടന്നാലും അയാൾക്ക് വേണ്ടതൊന്നും കയ്യിൽ കിട്ടാറില്ല.
പോകാനുള്ള എല്ലാ ഒരുക്കത്തോടെയും അയാൾ പുറത്തേക്കിറങ്ങി നടന്നു.
മഴക്ക് നല്ല ശക്തിയുണ്ട്. ഓരോ തുള്ളികളും മണ്ണിൽ ചിതറി വീഴുമ്പോഴും അത് അയാളുടെ കറുത്ത പാന്റിൽ ചിത്രങ്ങൾ വരക്കുന്നുണ്ട്.
ആ വീതി കുറഞ്ഞ മൺ പാതയിൽയിലൂടെ നടന്ന് അയാൾ ടാറിട്ട റോഡിലെത്തി.
മഴത്തുള്ളികൾ കറുത്ത റോഡിൽ പളുങ്കു മണികൾ പോലെ ചിതറി വീണുകൊണ്ടിരുന്നു.
ഏതോ അജ്ഞാതമായ വിലാപ ഗാനം പാടിവരുന്ന കാറ്റുകൾ മരച്ചില്ലകളെ കരയിപ്പിച്ചു കൊണ്ടേയിരുന്നു.
കാറ്റിന്റെ ആരവത്തിൽ ചില്ലകളിൽ അള്ളിപ്പിടിച്ചു നിൽക്കാനാവാത്ത ചില തളർന്ന ഇലകൾ നിരത്തിൽ വീണു പിടയുകയും, ചിലത് ഒഴുകുന്ന മഴവെള്ളത്തിനൊപ്പം നീന്തി പോകുകയും ചെയ്തുകൊണ്ടിരുന്നു.
ആകാശമതിന്റെ സർവ്വ ശക്തിയുമെടുത്ത് പൊട്ടിക്കരയുകയാണെന്ന് അയാൾക്ക് തോന്നി.
മെയിൻ റോഡ് മുറിച്ചുകടന്ന്
അയാൾ ബസ് വയ്റ്റിങ് ഷെഡിലെത്തി.
അവിടെ അപ്പോൾ മറ്റാരും ഉണ്ടായിരുന്നില്ല.
ശൂന്യത തളം കെട്ടിനിന്ന ആ ബസ്‌റ്റോപ്പ് ഒരനാഥ ഗ്രഹം പോലെ അയാൾക്ക് അനുഭവപ്പെട്ടു.
അയാൾ വാച്ചിലേക്ക് നോക്കി.ഇനി ഏഴു മണിക്കാണ് ബസ്സുള്ളത്.
ബസ്സ് വരാൻ ഒരു പത്തു പതിനഞ്ചു മിനിറ്റു കൂടിയുണ്ട് .
അയാളുടെ നനഞ്ഞ കുട വെയിറ്റിംഗ് ഷെഡിന്റെ നിലത്ത് ഉണക്കാൻ നിവർത്തി വെച്ചതിനുതിനു ശേഷം,
അയാൾ കുനിഞ്ഞു നിന്ന് പാന്റിൽ തെറിച്ച മൺ തരികളെല്ലാം തട്ടിക്കളഞ്ഞു.
പാന്റ് നേരെയാക്കി ബസ്റ്റോപ്പിലെ സിമന്റ് സ്ലാബിൽ ഇരുന്നു.
മഴ അതിന്റെ ശക്തി ഒന്ന് കുറച്ചിട്ടുണ്ട്.
മഴ കുറഞ്ഞപ്പോൾ റോഡിലൂടെ ആളുകൾ കൂടണയാൻ തിടുക്കപ്പെട്ട് നടന്നു പോകുന്നത് അയാൾക്ക് കാണാമായിരുന്നു.
പെട്ടന്നാണ് ഒരു ഓട്ടോറിക്ഷ വൈറ്റിംഗ് ഷെഡിന്റെ മുന്നിൽ വന്നു നിന്നത്.
ആ ഓട്ടോ യിൽ നിന്നും ഒരു അമ്മച്ചിയും ഒരു കാരണവരും പുറത്തേക്കിറങ്ങി.
അവർ ആ വൈറ്റിംഗ് ഷെഡിൽ അയാളിരിക്കുന്നതിന്റെ നേരെ ഓപോസിറ്റ് സൈഡ് വന്നിരുന്നു.
ആ കാരണവർ ശ്വാസം ആഞ്ഞു വലിക്കുന്നുണ്ട്.
അദ്ദേഹത്തിന് ശ്വാസം മുട്ടലിന്റെ അസുഖമുണ്ടെന്ന് അയാൾക്ക് മനസ്സിലായി.
അയാൾ കാരണവരെ സൂക്ഷിച്ചു നോക്കി .
കാരണവർ രണ്ടു കാൽ മുട്ടിലും കൈകളൂന്നിയിരുന്നാണ് ശ്വാസം പ്രയാസപ്പെട്ട് വലിക്കുന്നത്ക്കുന്നത്.
ഇടക്കിടക്ക് അയാൾ നെഞ്ച് തടവുന്നുമുണ്ട്.
ആ അമ്മച്ചി കാരണവരുടെ മുതുകിൽ പതുക്കെ തലോടുകയാണ്.
അയാൾ അമ്മച്ചിയോടു ചോദിച്ചു:
“മൂപ്പർക്ക് സുഖമില്ല ലേ ? “
“ആ കൊച്ചേ …തീരെ വയ്യ “
“ഡോക്ടറെ കാണിച്ചില്ലേ ?”
“കാണിച്ചു. ഇവിടുത്തെ ക്ലിനിക്കേല്.
അവിടെ കാണിച്ചപ്പോ ഡോക്ടർ പറഞ്ഞു
മാനന്തവാടി ജില്ലാ ഹോസ്പിറ്റലോട്ട് പോയി കാണിക്കാൻ. അങ്ങോട്ട് പോകുവാ “
അയാൾ ചോദിച്ചു:
“കൂടെ വേറെ ആരും ഇല്ലേ ?”
അമ്മച്ചി പറഞ്ഞു:
“ആരേയും കൂട്ടിയില്ല. കാണിചേച്ച് വേഗം പോയേക്കാമല്ലോന്ന് കരുതി.
വീട്ടിലാണെ പയ്യനില്ല.
അവൻ … ഡ്രൈവറാണ് .. ഇച്ചിരി ദൂരെ എങ്ങോട്ടോ ഓട്ടം പോയേക്കുവാ….അവനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ട്.
അവനങ്ങോട്ട് എത്തിയേക്കാം എന്നാ പറഞ്ഞത് “
പിന്നീട് അയാൾ എന്തോ സംസാരിക്കാൻ ശ്രമിക്കുമ്പോഴേക്കും ബസ് വന്നു.
അയാൾ ആ കാരണവരുടെ കൈ പിടിച്ചു ബസ്സിൽ കയറാൻ സഹായിച്ചു.
ബസിൽ നല്ല തിരക്കായിരുന്നു.
കാരണവരേയും അമ്മച്ചിയേയും എങ്ങനെയൊക്കെയോ അയാൾ ഓരോ സീറ്റുകളിൽ ഇരുത്തി.
എന്നിട്ടയാൾ ബസിന്റെ സീലിംഗ് പൈപ്പും പിടിച്ച് നിന്നു.
അയാളുടെ മൊബൈൽ ഫോണിൽ ആരോ വിളിക്കുന്നുണ്ട് .
അയാൾ മൊബൈൽ ഫോൺ എടുത്തു നോക്കി.
അയാളുടെ ഭാര്യ യാണ് വിളിക്കുന്നത്.
അവളോട് അയാൾ ബസ്സിലാണെന്നും, അങ്ങോട്ടേക്ക് വരുകയാണെന്നും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.
ബസ്സിലെ ബഹളത്തിനിടയിലും ആ കാരണാവർ ശ്വാസം ആഞ്ഞു വലിക്കുന്ന ശബ്ദം അയാൾക്ക് കേൾക്കാമായിരുന്നു.
മാനന്തവാടിയിൽ ബസ് എത്തിയപ്പോയേക്കും മഴ തോർന്നിട്ടുണ്ട്.
അതിനിടക്ക് വീണ്ടും ഭാര്യയുടെ ഫോൺ കോൾ അയാളെ തേടിയെത്തി.
താൻ മാനന്തവാടി എത്തിയെന്നും,
ഉടനെ എത്താമെന്നും അവളോട് അയാൾ പറഞ്ഞു.
ബസിൽ നിന്നു ആ കാരണവരുടെ കയ്യും പിടിച്ചു ആ അമ്മച്ചിയോടൊപ്പം അയാൾ പുറത്തിറങ്ങി .
അയാൾ ആ അമ്മച്ചിയോടു പറഞ്ഞു:
“ഞാനും വരാം അമ്മച്ചി ഹോസ്പിറ്റലിലേക്ക്.”
ആ അമ്മച്ചി അതിനു മറുപടിയൊന്നും പറയാതെ ഒരു സഹായം ആഗ്രഹിക്കുന്ന മുഖഭാവവുമായി അയാളെ നോക്കുക മാത്രം ചെയ്തു.
അയാൾ വീണ്ടും അമ്മച്ചിയോടു ചോദിച്ചു:
“നിങ്ങൾ ഒറ്റക്ക് ഇയാളേയും കൊണ്ട് പോയാൽ പ്രയാസപ്പെടില്ലേ .?”
അമ്മച്ചി അതിനും മറുപടി ഒന്നും പറഞ്ഞില്ല.
ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
തനിച്ച് ഹോസ്പിറ്റലിലേക്ക് ചെന്നാൽ എന്താകും എന്ന ചിന്ത ആ അമ്മച്ചിയുടെ മുഖത്തു നിന്നും അയാൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.
ഒരു ഓട്ടോയിൽ കയറി അവർ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
അയാൾക്ക് കുറച്ചു തിരക്കുണ്ടെങ്കിലും അതൊക്കെ അയാൾ തൽക്കാലം മറന്നു.
അവരെ സഹായിക്കലാണ് അയാൾക്കിപ്പോൾ പ്രധാനപ്പെട്ടകാര്യം എന്ന് അയാൾ അയാളുടെ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തി.
ഈ സന്ധ്യാ നേരത്ത് രണ്ട് വൃദ്ധരെ ഈ ചെറു പട്ടണത്തിൽ തനിച്ചാക്കി അയാളുടെ തിരക്കിലേക്ക് പോകാൻ അയാൾക്ക് തോന്നിയില്ല.
അവരെ കാണുമ്പോൾതന്നെ വല്ലാത്തൊരു സഹതാപം തോന്നുന്നുണ്ട്.
രണ്ട് വൃദ്ധരായ മനുഷ്യർ,
ഒരാൾക്കാണെങ്കിൽ തീരേ വയ്യതാനും.
അവരെ ആ ചെറുപട്ടണത്തിൽ അയാളെങ്ങനെ ഉപേക്ഷിച്ചു പോകും.?
അല്ലെങ്കിലും അയാൾക്ക് വയസ്സൻ മാരെ കാണുമ്പോഴെല്ലാം വല്ലാത്തൊരു അനുകമ്പ തോന്നാറുണ്ട്.
കുഞ്ഞുങ്ങളെ പോലെയാണ് വയസ്സൻമ്മാരെന്ന് അയാൾ ചിന്തിക്കാറുണ്ട്.
അവരുടെ ചില നേരത്തെ ഭയം , ചില കാര്യങ്ങളിലെ വാശി, നിസ്സാര കാര്യത്തിൻ മേലുള്ള പിണക്കങ്ങൾ,അതൊക്കെ കാണുമ്പോൾ ശരിക്കും അവരുടെ മനസ്സിന് കുട്ടികളുടെ പ്രായമാണെന്ന് തോന്നും.
ഓട്ടോ ഹോസ്പിറ്റലിന്റെ കുന്ന് കയറുമ്പോൾ അയാളുടെ ചിന്തികളിൽ ,വൃദ്ധരായ അയാളുടെ മാതാപിതാക്കൾ ഓടിയെത്തി.
തറവാട്ടു വീടിന്റെ അകത്തളങ്ങളിൽ ഊന്നു വടിയിൽ, കുഞ്ഞുങ്ങളുടെ മനസ്സുമായി പതുക്കെ ഇഴഞ്ഞു നീങ്ങുന്ന അവരുടെ രൂപം മനസ്സിൽ കടന്നുവന്നപ്പോൾ, അയാളുടെ ഉള്ളിലെവിടെയോ ഒരു നോവ് ഉറഞ്ഞു വന്നു.
അവര് ഇത്പോലെ ഒരു ഘട്ടത്തിൽ ഒറ്റപ്പെട്ടു പോയാലുള്ള അവസ്ഥയെ കുറിച്ച് അയാൾ ആലോചിച്ചു നോക്കി.
അയാൾക്ക് അങ്ങനെയൊന്ന്കരുതാൻ പോലും ആകുമായിരുന്നില്ല.
അങ്ങനെയൊന്ന് വെറുതെ സങ്കല്പിച്ചു നോക്കിയ അയാൾ വല്ലാതെ വേദനിക്കാൻ തുടങ്ങി.
അയാൾ അയാളുടെ ചിന്തകളെ മറ്റെവിടേക്കോ പറിച്ചെറിയാൻ ശ്രമിച്ചു.
പെട്ടന്ന് ഫോൺ വീണ്ടും ശബ്ദിച്ചു.
ഇത്തവണ അയാളുടെ അളിയനായിരുന്നു ഫോണിൽ.
എവിടെ എത്തീ എന്ന അവന്റെ അന്വേഷണവും.
നിങ്ങൾ വന്നിട്ട് വേണം പരിപാടി തുടങ്ങാൻ എന്ന് അവന്റെ ഓർമപ്പെടുത്തലിനും,
ശരി വേഗം വരാമെന്ന് അവനോട് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
ഹോസ്പിറ്റലിന്റെ മുന്നിൽ ഓട്ടോ നിർത്തി.
അയാൾ ഓട്ടോ ചാർജ് കൊടുത്ത് അവരേയും കൂട്ടി ഓ പി യിലേക്ക് നടന്നു.
പരിശോധനാ ഹാളിൽ അവർക്ക് മുൻപേ
വന്ന രോഗികൾ ഉണ്ടെങ്കിലും, അവരോട് അയാൾ കാരണവരുടെ മോഷം സ്ഥിതിയേകുറിച്ചു പറഞ്ഞ് വേഗം അകത്തുകടന്നു.
അതിനിടക്ക് അമ്മച്ചി പറഞ്ഞു:
“കൊച്ച് ഇനി പൊക്കോ…. തിരക്കുള്ളതല്ലേ…
ഇച്ചിരി കഴിയുമ്പോൾ പിള്ളേരിങ്ങെത്തും.
ഇവിടെ എത്തിയല്ലോ സമാദാനമായി “
തന്റെ തിരക്ക് സാരമില്ലെന്നും,
ഇനി എന്തായാലും പരിശോധന കഴിഞ്ഞു പോകാമെന്ന് അയാൾ മറുപടി പറഞ്ഞു.
വിശദമായ പരിശോധനക്ക് ശേഷം
ഡോക്ടർ അയാളെ നോക്കി പറഞ്ഞു :
“കുറച്ചു കോബ്ലിക്കേറ്റടാണ്. ഇയാളെ ഐ സി യു വിലേക്ക് മാറ്റണം.
അയാൾ അതിന് തലകുലുക്കി.
പെട്ടന്ന് തന്നെ അയാളെ ഐ സി യുവിലേക്ക് കൊണ്ടുപോയി.
അയാളും അമ്മച്ചിയും ഐ സി യുവിനു പുറത്ത് നിന്നു.
അമ്മച്ചിക്ക് നല്ല വെപ്രാളവും, വിഷമവും ഉണ്ടെന്ന് അയാൾക്ക് മനസ്സിലായി .
അവരെ ഓരോന്ന് പറഞയാൾ സമാദാനിപ്പിച്ചുകൊണ്ടിരുന്നു.
അപ്പോഴും അയാളുടെ ഫോൺ ശബ്ദിക്കുന്നുണ്ട്
അയാൾ ഫോൺ എടുത്തില്ല. അയാൾ ആ ഫോൺ സൈലന്റ് മോഡിലേക്ക് മാറ്റി പോക്കറ്റിൽ തിരുകിവെച്ചു.
ഐ സി യുവിന്റെ ചില്ല് ഗ്ലാസ് തുറന്ന് ഒരു നേയ്‌സ് അയാളെ അകത്തേക്ക് വിളിച്ചു.
അയാൾ അകത്തേക്ക് ചെന്നപ്പോൾ
നേഴ്സ് ഒരു ബോട്ടിലിൽ ഈ സീ ജി ജെല്ല്
അയാളുടെ കയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു. കാരണവരുടെ ഷർട്ട് ഊരിയിട്ട് അത് പുരട്ടിക്കൊടുക്കാൻ.
അയാൾ കാരണവരുടെ ഷർറ്റിന്റെ ബട്ടൺ അഴിക്കാൻ ശ്രമിച്ചപ്പോൾ കാരണവർ അതിനയാളെ അനുവദിചില്ല.
കാരണവര്തന്നെ ഒരു കൈകൊണ്ട് പോക്കറ്റ് പൊത്തി പിടിച്ച് മറ്റേ കൈകൊണ്ട് പ്രയാസപ്പെട്ട് ബട്ടൻ അഴിക്കാൻ തുടങ്ങി.
പക്ഷെ മലർന്നു കിടക്കുന്നതിനാൽ കാരണവർക്ക് ആ ഷർട്ട് പൂർണമായി ഊരി എടുക്കാൻ സാധിച്ചില്ല.
അയാൾ കാരണവരെ പതുക്കെ ഉയർത്തി
ആ ഷർട്ട് ഊരി യെടുത്തു.
അയാളുടെ ഷർട്ടിന് അസാധാരണമായ ഭാരമുണ്ടായിരുന്നു.
അതിന്റെ പോക്കറ്റിൽ പണമോ മറ്റോ കിടക്കുന്നത് കൊണ്ടാണതെന്ന് അയാൾ ഊഹിച്ചു.
അതുകൊണ്ട് തന്നെയാവണം ആ കാരണവർ ആ പോക്കറ്റ് പൊത്തിപ്പിടിച്ചത്.
അയാളങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ
പെട്ടന്നാണ് ആ കാരണവർ അയാളുടെ കയ്യിൽ നിന്നും ആ ഷർട്ട് പിടിച്ചു വാങ്ങിയത്.
എന്നിട്ടത് അയാളുടെ തലക്കടിയിൽ വെച്ചു.
അയാളുടെ ആ പ്രവണതകണ്ടപ്പോൾ അയാൾക്ക് വല്ലാത്ത ഒരു ഷോക്ക് ഏറ്റതുപോലെയായി.
ഒരുനിമിഷം അയാൾ സ്തംഭിച്ചു നിന്നുപോയി.
അയാൾ ആലോചിച്ചു.
താനൊരു പോക്കറ്റടിക്കാരനോ
പിടിച്ചുപറിക്കാരനോ ആണെന്ന് കാരണവർ കരുതുന്നുണ്ടാവാം.
ആർക്കും ആരേയും വിശ്വസിക്കാനോ മനസ്സിലാക്കാനോ പറ്റാത്ത കാലമാണല്ലോ ഇന്ന്.
അത്കൊണ്ട് തന്നെ കാരണവർ അങ്ങനെ ചിന്തിച്ചുവെങ്കിൽ അയാളെ കുറ്റപ്പെടുത്താൻ കഴിയില്ല.
തികച്ചും അപരിചിതനായ ഒരാളെ എങ്ങനെ മനസ്സിലാക്കാൻ കഴിയും ?
വഴിയിൽ വെച്ച് കൂടെ കൂടിയ ഏതോ ഒരു തട്ടിപ്പു കാരനാണ് അയാളെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം.
ഓരോ ആളുകളും അവരവരുടെ ഉള്ളേ അറിയുന്നുള്ളൂ.
മറ്റൊരാളുടെ ഉള്ളിലുള്ളത് കണ്ടെത്താൻ ആർക്കും കഴിയില്ല.
വർത്തമാന കാലം വിളിച്ചു പറയുന്നത് അത്തരം വാർത്തകളാണല്ലോ.
എല്ലാവരും അങ്ങനെ അല്ലെന്ന് ചിന്തിക്കുന്നതിലും കൂടുതൽ, എല്ലാവരും അങ്ങനെയാണെന്ന് ചിന്തിക്കുന്നവരാണ് ഇന്നേറെയും.
അയാൾ കാരണവരെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
നേഴ്സ് പറഞ്ഞത് പോലെ അയാൾ ആ ജെല്ല് പുരട്ടികൊടുത്തു.
അയാൾക്ക് ഒക്സിജൻ മാസ്ക് ധരിപ്പിക്കുമ്പോൾ നേഴ്സ് പറഞ്ഞു:
“നിങ്ങളിനി പുറത്തിറങ്ങിക്കോളൂ..”
അയാൾ പുറത്തേക്കിറങ്ങുമ്പോൾ നേഴ്സ്
ആ കാരണവരുടെ തലക്ക് താഴെ ചുരുട്ടി വെച്ച ഷർട്ട് എടുത്ത് അയാൾക്ക് നേരെ നീട്ടി.
“ദാ ഇത് കൂടെ എടുത്തോളൂ.”
അയാൾ പറഞ്ഞു.
” അത് വേണ്ട…നിങ്ങൾ തന്നെ പുറത്തു നിൽക്കുന്ന ഇയാളുടെ ഭാര്യയുടെ കയ്യിൽ കൊടുത്തേക്ക്.
താൻ .. വഴിക്കുവെച്ച് ഇവരുടെ പ്രയാസം കണ്ട് കൂടെ വന്ന ആളാണ്.
ആ ഷിർട്ടിന്റെ പോക്കറ്റിൽ പൈസയോ മറ്റോ ഉണ്ട്.
അപ്പൊ താനത് വാങ്ങിയാൽ ശരിയാവില്ല “
നേഴ്സ് ആ ഷർട്ടെടുത്ത് ആ അമ്മച്ചിയുടെ കയ്യിൽ കൊടുത്തു.
അയാൾ പുറത്തേക്കിറങ്ങി.
കൈ കഴുകാനായി
വാഷ് ബൈസിനടുത്തേക്ക് പോയി.
ആ കാരണവർ ചെയ്തകാര്യം ഓർത്തപ്പോൾ അയാളുടെ ഹൃദയം വല്ലാതെ നോവുന്നുണ്ട്.
സാരമില്ല വയസ്സൻ മാരല്ലേ അവരുടെ ചില പ്രവൃത്തികൾ അങ്ങനെയാണല്ലോ അത് വിട്ടുകളയെന്ന് അയാൾ അയാളുടെ മനസ്സിനെ പറഞ്ഞു സമാധാനിപ്പിച്ചുനിർത്തി.
കയ്യും മുഖവുമെല്ലാം കഴുകിയ ശേഷം അയാൾ വാച്ചിൽ നോക്കി.
സമയം ഏതാണ്ട് പത്തുമണി ആയിട്ടുണ്ട്.
അളിയന്റെ കുട്ടിയുടെ പിറന്നാൾ എന്തായിട്ടുണ്ടാകും ?
തന്നെ കാത്തുനിന്ന് മുഷിഞ്ഞിട്ടുണ്ടാകുമല്ലേ അവർ..
ഒരുപക്ഷേ താൻ എങ്ങോട്ട് പോയെന്ന് അറിയാതെ അവർ വേവലാതി പെടുന്നുണ്ടാകണം.
ഹോസ്പിറ്റലിൽ നിന്നും നിന്നും സൈലന്റ് മോഡ് ചെയ്‌ത മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നും അയാൾ എടുത്തു നോക്കി.
ഭാര്യയുടേയും അളിയന്റേതുമായിട്ട്
നൂറു കണക്കിന് മിസ്കാൾ അതിൽ കിടക്കുന്നുണ്ട്.
തിരിച്ചങ്ങോട്ട് വിളിക്കേണ്ടന്നയാൾ തീരുമാനിച്ചു.
വിളിച്ചാൽ എന്താണ് പറയുക.
ഹോസ്പിറ്റലിൽ ആണെന്ന് കേൾക്കുമ്പോഴേ അവർ ഞെട്ടും.
ഇനി എന്തായാലും
അവിടെ ചെന്നിട്ട് വിശദമായിട്ട് പറയാം എന്ന് അയാൾ ചിന്തിച്ച് മൊബൈൽ പാന്റിന്റെ പോക്കറ്റിൽ തിരുകി.
അയാൾ ഐ സി യുവിന്റെ മുന്നിലേക്ക് നടന്നു.
അയാൾ അവിടെ എത്തിയപ്പോൾ അമ്മച്ചി ഓടിവന്നു പറഞ്ഞു.
“ഇതാ മോനേ എന്റെ പിള്ളേരെല്ലാം വന്നു”
അയാൾ അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു:
“ഇപ്പൊ സമാദാനം ആയില്ലേ അമ്മച്ചിക്ക് ?”
അവർ തലയാട്ടി
അയാൾ അവരുടെയെല്ലാം യെല്ലാം മുഖത്തേക്ക് മാറി മാറി നോക്കി പുഞ്ചിരിച്ചു.
പക്ഷേ അവരാരും അയാളെ കാര്യമായി മൈൻഡ് ചെയ്തില്ല. എന്ന് മാത്രമല്ല
സംശയത്തോ ടെയോ അത്ഭുദത്തോടെയോ ഉള്ള നോട്ടമാണ് അയാളിലേക്ക വർ എറിഞ്ഞത്.
അയാൾ അമ്മച്ചിയോടു യാത്ര ചോദിച്ചു.
അമ്മച്ചി നന്ദിയോടെ കണ്ണുനിറച്ചു കൊണ്ട് തലയാട്ടി അയാളോട് പറഞ്ഞു:
“മോന് നല്ലത് വരും….”
അയാൾ അപ്പോൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
അയാൾ ചിന്തിച്ചു.
അവരാരും പരിഗണിച്ചില്ലെങ്കിലും, തന്റെ ഹൃദയം നിറക്കാൻ ആ നന്ദികോരിച്ചൊരിഞ്ഞ അമ്മച്ചിയുടെ മുഖത്തെ പ്രകാശം മാത്രം മതി.
എല്ലാ അവഗണനകളും ആ പ്രകാശത്തിൽ കത്തി ചാമ്പലായി പോകുന്നുണ്ട്.
നമ്മെ മനസ്സിലാക്കാൻ ഒരാളെങ്കിലും ഈ ഭൂമിയിൽ ഉണ്ടെങ്കിൽ അതുതന്നെ എത്ര മഹത്വരമാണ്.
പിന്നീട് അയാൾ അവിടെ നിന്നില്ല.
അയാൾ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങുമ്പോൾ അവിടെ കൂടിനിന്നിരുന്ന ബന്ധുക്കളിൽ നിന്ന് ആരോ ഒരാൾ പറയുന്നത് അയാൾ കേട്ടു.
” അപ്പന്റെ പോക്കറ്റ് ഒന്ന് ശരിക്ക് പരതി നോക്ക് അതിലുള്ള കാശെല്ലാം അവിടെ തന്നെ ഉണ്ടോന്ന്….
ഒരുത്തനേം വിശ്വസിക്കാൻ കൊള്ളത്തില്ല. “
തിരിഞ്ഞു നോക്കാൻ അയാൾക്ക് ശക്തി ഇല്ലായിരുന്നു. ഒരു കൂർത്ത മുള്ളിൽ വീണ ഒരില പോലെ അയാൾ കീറിപ്പോകുകയായിരുന്നു.
പുറത്തിറങ്ങിയപ്പോൾ ആകാശം അയാൾക്ക്‌ വേണ്ടിയെന്നപോലെ അപ്പോൾ പൊട്ടിയൊലിച്ചു കരയുന്നുണ്ട്.
കുടചൂടി അയാൾ ആ മഴയിലൂടെ പതുക്കെ നടന്നു.

By ivayana