രചന : സുമോദ് പരുമല✍
നിലാവഴിച്ചുവിട്ട കാറ്റിൽ
ചിറകടിയ്ക്കുന്ന
ജാലകച്ചില്ലുകളിൽ
നീയെപ്പോഴും
നൃത്തം ചെയ്യുന്നു .
കവിതകൾ മുത്തിമുത്തി
തുടുത്തുചുവന്ന
ചുണ്ടിണകളിൽ നിന്ന്
സന്ധ്യകൾ
പറന്നുവീണലിയുന്നു .
കാവിചുറ്റി
ജടവിടർന്നൊരു
സന്ന്യാസിനിയായി
നീയപ്പോൾ മാറുന്നു .
വെയിൽക്കുടങ്ങളു-
ടഞ്ഞൊഴുകിയലയുന്ന
മദ്ധ്യാഹ്നങ്ങളുടെ
ആലസ്യങ്ങളിലേയ്ക്ക്
നീ
മുടിയിഴകൾ
കോതിവിടർത്തുമ്പോൾ
വാഴക്കൈയൊടിച്ചിട്ട്
ഒരു കാവതിക്കാക്ക
പറന്നുയരുന്നു .
പനിച്ചൂടിൽ
കനത്തടഞ്ഞ
കൺപോളകൾക്കുമുകളിൽ
നിൻ്റെ കൈത്തലം.
അപ്പോൾ നീ
സന്ധ്യാനാമത്തിൻ്റെ
ഗന്ധമായിത്തീരുന്നു .
ഓർമ്മകൾ കൊണ്ടുഴിഞ്ഞ്
പൊട്ടിയടർന്ന
ജപാക്ഷരങ്ങളിൽ
നിന്നൂർന്നിറങ്ങി
നരച്ചുവെളുത്ത
മുത്തശ്ശിയിലേയ്ക്ക്
നീ പടർന്നുകയറുന്നു .
ജ്വരനീരിൽക്കുളിച്ച്
തണുപ്പിൻ്റെ
കൊടുംകയങ്ങളിൽ
മുങ്ങിനിവരുമ്പോൾ
കാറ്റടങ്ങിത്തുറന്ന
ജാലകവാതിലിലൂടെ
ഒരപ്പൂപ്പൻതാടി
പറന്നകലുന്നു .