വൃദ്ധസദനത്തിന്റെ കിളിവാതിലിലൂടെ നീളുന്ന വഴി കണ്ണുകളിൽ എന്റെ രൂപം നേർത്ത നിഴലായ് പതിയുന്നുണ്ടാവും.
കവലയിൽ ബസ്സിറങ്ങുമ്പോൾ ഓട്ടോറിക്ഷകൾ
വട്ടം ചുറ്റുന്നത് കണ്ടെങ്കിലും, നടക്കാനാണ് തോന്നിയത് !
വയൽ കടന്നാൽ ആശ്രയ വൃദ്ധ സദനം കാണാം.
എങ്കിലും വയലിന്റെ മധ്യത്തിലൂടെ അല്പ ദൂരം നടക്കണം അവിടെഎത്താൻ . മുൻപ് വെറും വരമ്പുമാത്രമായിരുന്നു.. ഇന്ന് കോൺഗ്രീറ്റ് ഇട്ട് വെടിപ്പാക്കിയ നല്ല റോഡ് ആണ് !

പച്ചപുതപ്പ് മൂടി കിടക്കുന്ന പാടങ്ങൾ പതിയെ കതിർ ചൂടി സ്വർണ്ണ വർണ്ണമാകുമ്പോൾ കാണാൻ നാടൻ പെണ്ണിനെ പോൽ സുന്ദരിയാകും !അതൊക്കെ കാലത്തിന്റെ വെറും
ഓർമ്മകൾ മാത്രമാകുമ്പോൾ, മനസ്സിൽ എവിടെയോ ഒരു നഷ്ട നൊമ്പരം..
സ്കൂൾ അടച്ചാൽ പട്ടങ്ങൾ പറത്തുവാൻ എരിവെയിലറിയാത്ത കുട്ടിക്കാലം ഈ വരമ്പുകളിൽ കളഞ്ഞു പോയിട്ടുണ്ട് !
പെട്ടന്നൊരു ബൈക്ക് വന്നടുത്തു നിന്നപ്പോഴാണ് ചിന്തകൾ വഴിമാറിയത്
നീട്ടി വളർത്തിയ താടിയും, മുടിയും, നിറയെ നരവന്ന് അലസമായി കിടക്കുന്നു..പെട്ടന്ന് ആളെ
പിടികിട്ടിയില്ല.. എന്നാലും ഒരു ഇഴയടുപ്പം തോന്നുന്നു…
“എടാ നിന്റെ നില്പ് കണ്ടാലറിയാം നിനക്കെന്നെ മനസ്സിലായില്ലെന്ന്..”
“പട്ടാളം ചന്ദ്രനെ നീ മറന്നോ”
“അയ്യോ !സോറി… ഈ കാക്ഷയവേഷ ഭൂഷാദി കണ്ടാൽ ആർക്കാ മനസ്സിലാവുക?.”
“എന്താ ഇങ്ങനെ ഒരു വേഷ പകർച്ച? “
“അതൊക്കെ പിന്നെ പറയാം.. നീ വാ.. ഈ വെയിലത്തു നടക്കാൻ നിനക്ക് വട്ടുണ്ടോ? “
“രാവിലെ നിന്നെയും കാത്തു അക്ഷമനായി ഒരാൾ അവിടെ ഹാളിൽ ഉലാത്തുന്നുണ്ട് “
“അറിയാം ചേട്ടാ .. ഈ ഭൂമിയിൽ ഇനി അച്ഛന് കാത്തിരിക്കുവാൻ ഞാനല്ലാതെ ആരാ ഉള്ളത്? “
“അതെ നീയല്ലാതെ ആരാ? ടീച്ചറും പോയപ്പോൾ സർ ആകെ തളർന്നു പോയി “
അച്ഛനും, അമ്മയും,, അധ്യാപകരായിരുന്നു !അവരുടെ ഒരേ ഒരു മകനായ ഞാൻ !അമ്മയ്ക്ക് അസുഖം വന്നു കിടപ്പായത് മുതൽ അച്ഛൻ ലീവെടുത്തു കൂടെ നിന്നു.. എല്ലാം അച്ഛന്റെ മാത്രം ചുമതല പോലെ ഒതുക്കി നിർത്താൻ ശ്രമിച്ചു .
വീടും, നാടും ഉപേക്ഷിച്ചു അച്ഛന്റെ ഒപ്പം ഇറങ്ങി വന്നതാ അമ്മ രണ്ടും കൂടി പഴയകാലം അയവിറക്കി ആ വീരസാഹസിക ഒളിച്ചോട്ടം വിവരിക്കുമ്പോൾ ഞാൻ പറയും
എനിക്കും ഇതൊരു പ്രചോദനം ആവട്ടെ എന്ന്
അവർ രണ്ടും എന്നെക്കാളും ശൈശവതിലാണെന്ന് ചിലപ്പോൾ തോന്നും, അത്രയ്ക്ക് സ്വരമധുരം നിറഞ്ഞൊരു അന്തരീക്ഷം കാണുമ്പോൾ എന്റെ കൂട്ടുകാർ പറയും മനു നീ ഭാഗ്യവാനാണെന്ന് .
അതിലൊന്നും ഒരതിശയോക്തിയും ഇല്ലെന്ന് എനിക്ക് അറിയാം..
എങ്കിലും അമ്മ ഹൈപ്പർ ടെൻഷൻ വന്നു ഒരു വശം തളർന്നു, വീണപ്പോൾ വീട്ടിൽ സന്തോഷത്തിന്റെ വിളക്ക് കെട്ടു !സംസാരിക്കാൻ കഴിയാതിരുന്ന അമ്മയുടെ കണ്ണു നീരിന് കടലോളം ഉപ്പുണ്ടായിരുന്നു… ചികിത്സകൾ ഒത്തിരി ചെയ്തിട്ടും ഒന്നും ഗുണം ചെയ്തില്ല.. അച്ഛനെ തനിച്ചാക്കി അമ്മ പോകുമ്പോൾ, ഞാൻ ദുബായിൽ ആയിരുന്നു.

അന്ന് തന്നെ നാട്ടിലെത്തി, ചടങ്ങ് കഴിഞ്ഞപ്പോൾ എല്ലാവരും പിരിഞ്ഞു പോയി.
അച്ഛൻ ആരോടും ഒന്നും മിണ്ടാതെ അകലേക്ക്‌ നോക്കിയിരിക്കും.. വീട്ടിൽ എല്ലായിടത്തും അമ്മയുടെ സാന്നിധ്യം നിറഞ്ഞു നിന്നു…
അമ്മ ഏറെ ഈ വീടിനെ സ്നേഹിച്ചിരുന്നു . പെട്ടെന്ന് മഹാശൂന്യതയിൽ അകപ്പെട്ടുപോയ പോലെയാണ് എനിക്ക് തോന്നിയത് !

പതിനാറു കഴിയുമ്പോൾ ഞാൻ തിരികെ പോകാതെ അച്ഛനൊപ്പം നിൽക്കുവാൻ തീരുമാനിച്ചപ്പോൾ അച്ഛൻ പറഞ്ഞു .
“നീ തിരിച്ചു പോണം , ഇവിടെ ഇപ്പോൾ അച്ഛന് കൂട്ടിരിക്കാമെന്ന് കരുതാതെ തല്ക്കാലം നീ മടങ്ങി പോകൂ “
“കൂടെ കൂടെ നീ വന്നാൽ മതി…അച്ഛൻ ഇവിടെ
നില്‌കാം , അവൾ എന്നെ വിട്ടെങ്ങും പോകില്ല
ഇവിടെ അച്ഛന്റെ ഒപ്പം തന്നെ കാണും “
അച്ഛന്റെ കണ്ഠം ഇടറുന്നത് ഞാൻ അറിഞ്ഞു…
അച്ഛന്റെ ഒരു സഹോദരി കൂട്ട് വന്ന് നിൽക്കാമെന്ന് പറഞ്ഞു
പക്ഷെ അച്ഛന് സമ്മതമായിരുന്നില്ല
“അവളെ ഇഷ്ടമില്ലാതിരുന്ന ആരും എനിക്കും വേണ്ട”
“ഒറ്റയ്ക്ക് എങ്ങനെ അച്ഛാ…”
“അതൊക്കെ ഞാൻ നോക്കി കൊള്ളാം !നീ പോകുവാൻ തയ്യാറാകൂ “
എന്റെ മടക്കയാത്ര ഒത്തിരി നൊമ്പരങ്ങളും ഉള്ളിൽ നിറച്ചായിരുന്നു..
എയർപോർട്ടിൽ അച്ഛൻ വന്നില്ല…ഒറ്റയ്ക്ക് ലോഞ്ചിൽ ഇരിക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു..
അമ്മ എന്നോട് കോപിക്കുമോ? അച്ഛനെ തനിച്ചാക്കിയുള്ള യാത്ര ഒരു മഹാപരാധം പോലെ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു… ദുബായിൽ ഇറങ്ങി റൂമിൽ എത്തുമ്പോൾ അടുത്ത സുഹൃത്തുക്കളൊക്കെ കാണാൻ വന്നു..
മനു അന്ന് റൂമിൽ കൂടെ നിന്നു . നീ എന്തിനാ ടെൻഷൻ അടിക്കുന്നത്?, അടുത്ത പ്രാവശ്യം പോകുമ്പോൾ നീ വിവാഹം കഴിക്കണം , അതോടെ വീട്ടിൽ വീണ്ടും അടുക്കും ചിട്ടയും ആവില്ലേ? അതുമല്ല നിനക്ക് നാട്ടിൽ സെറ്റ് ചെയ്യാൻ
ശ്രമിച്ചു കൂടെ?
നാട്ടിൽ അച്ഛൻ പൊരുത്തപ്പെട്ടു വെന്ന് പിന്നെ
വിളിക്കുമ്പോൾ തോന്നും.. ആയിടക്കാണ് ചന്ദ്രൻചേട്ടൻ അച്ഛന്റെ കൂടെ കൂടുന്നത് . മുൻപ് പട്ടാളത്തിൽആയിരുന്നു.. പെൻഷൻ ആയതിനു ശേഷം ദേശാടനം ആയിരുന്നു പ്രധാന പരിപാടി !
വിവാഹമൊന്നും ചെയ്യാതെ ഒറ്റത്തടി ആയി ജീവിക്കുന്ന പട്ടാളം ചന്ദ്രൻ.. നല്ല മനുഷ്യൻ !
ഇപ്പോൾ ഒരു സന്യാസിയുടെ രൂപമായി..
അച്ഛന് ഇടക്ക് സുഖമില്ലാതായപ്പോൾ ഹോസ്പിറ്റലിൽ കൂടെ നിന്നതും ഈ പട്ടാളം തന്നെ.
അച്ഛന്റെ ഒറ്റയ്ക്കുള്ള താമസം ഒട്ടും സേഫ് അല്ല, ഞാൻ നാട്ടിൽ വരുന്നത് വരെ ആശ്രയയിൽ നില്‌കാം എന്ന് പറഞ്ഞു അങ്ങോട്ട് അച്ഛനെ മാറ്റിയതും ചന്ദ്രൻ തന്നെ
അതൊരു പഴയ തറവാട് ആയിരുന്നു! നാലുകെട്ടും, അകത്തളം ഒക്കെ ഉള്ള വലിയൊരു തറവാട് , മുൻപ് പുഴയിൽ കുളിക്കാൻ ഇത് വഴി പോകുമ്പോൾ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് !
അവകാശികൾ മാറി വന്നപ്പോൾ അവർ വിറ്റിട്ട്
നഗരത്തിൽ ചേക്കേറി..
പുതുതായി വാങ്ങിയവരാണ് ആശ്രയ തുടങ്ങിയത് .നിറയെ മരങ്ങളും, തെങ്ങിൻ തോപ്പുമാണ് .ഒരു ആശ്രമത്തിന്റെ ശാന്തത പ്രതിഫലിക്കുന്നു.
അച്ഛൻ അങ്ങോട്ട് മാറിയെങ്കിലും, എന്നും വൈകുന്നേരം പട്ടാളം വന്ന് അമ്മയുടെ അസ്ഥിതറയിൽ
വിളിക്ക് കത്തിക്കുവാൻ അച്ഛനെ മുടങ്ങാതെ കൊണ്ട് പോകും

നമ്മൾ ആശ്രയയുടെ ഗേറ്റ് കടന്നപ്പോൾ അച്ഛൻ പതിയെ പടിയിറങ്ങി വന്നു..
പെട്ടെന്ന് അച്ഛൻ വാർധക്യത്തിന് കീഴടങ്ങി എന്ന് തോന്നുന്നു !അതിന്റെ ആലസ്യം ആ ചലനങ്ങളിൽ കാണാം.. അച്ഛന്റെ ഈ അവസ്ഥ കണ്ടിരുന്നെങ്കിൽ അമ്മ സഹിക്കില്ലായിരുന്നു..
ഞാൻ അടുത്തെത്തിയതും എന്നെ ചേർത്ത് നിർത്തി തലയിൽ തലോടി , ആ സ്നേഹം മുഴുവൻ എന്റെ ഹൃദയത്തിൽ നിറയുന്നത് ഞാനറിഞ്ഞു…
“ചന്ദ്രേട്ടാ ഇവിടെ ഇനി എന്തെങ്കിലും ഫോർമാലിറ്റീസ് ഉണ്ടോ”
“ഇല്ല, ഒന്നുമില്ല , അതൊക്കെ രാവിലേ ക്ലിയർചെയ്തു”
അവിടെ ഉറ്റവരെ കാണാനെത്തിയവരുടെ വിലകൂടിയ കാറുകൾ തണലിൽ ഒതുക്കി ഇട്ടിട്ടുണ്ട് !
മരത്തണലിൽ മാറിനിന്ന് അവർ സംസാരിക്കുന്നത് കണ്ടാൽ ഇതൊരു സാധാരണ ഒഴിവാക്കപ്പെടുന്നവരുടെ ഷെൽട്ടർ അല്ലെന്ന് കാണാം.. കൂടെ കൂട്ടി നടക്കുവാനാകാത്ത സാഹചര്യങ്ങളിൽ ഒരു താത്കാലിക സംവിധാനം
ആശ്രയയുടെ വണ്ടിയിൽ ഞങ്ങൾ വീട്ടിലേക്കു തിരിച്ചു.. വളരെ ദൂരം ഇല്ലെങ്കിലും നല്ല വെയിലത്ത് അച്ഛനെയും കൂട്ടി നടക്കുന്നത് ശരിയാവില്ല
വയൽ കടന്ന് നിഴൽ വിരിച്ച വഴിയിൽ കൂടി വീടിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിന്നു.. പിന്നാലെ ബൈക്കിൽ ചന്ദ്രേട്ടനും എത്തി.
വീട്ടിൽ ആൾതാമസം ഇല്ലെന്ന് പറയില്ല !മുറ്റമെല്ലാം അടിച്ചുവാരി വൃത്തിയാക്കിയിട്ടിരുന്നു..
ഞാൻ അച്ഛനെ നോക്കി…
“മോനെ ഇതൊക്കെ ചന്ദ്രൻ ആരെയോ വിളിച്ചു
വൃത്തിയാക്കുന്നതാ “
“ഇവിടെ അലങ്കോലമായി കിടന്നാൽ എന്തോ ഒരു വിഷമമാ, എല്ലാതിരക്കിനിടയിലും ടീച്ചർ ദേവാലയം പോലെ നോക്കിയ ഇടമല്ലേ “ചന്ദ്രേട്ടൻ പറഞ്ഞത് ശരിയാണ് ,അമ്മയ്ക്ക് ഇതൊരു ദേവാലയം തന്നെ ആയിരുന്നു .
അച്ഛൻ സിറ്റൗട്ടിൽ ഇരുന്നു… ഞാൻ അകത്തു കയറി ഒന്ന് ഫ്രഷ് ആയി വന്ന് അച്ഛന്റെ അടുത്തിരുന്നു
‘ചന്ദ്രാ നാളെ നിങ്ങൾ രണ്ടാളും കൂടി ആ കുട്ടിയെ പോയി ഒന്ന് കാണണം”
അച്ഛൻ എല്ലാം ഏർപ്പാട് ചെയ്തിരുന്നു . അമ്മയുടെ കൂട്ട് കാരിയുടെ മകൾ തന്നെ , മുൻപ് ഒരു പാവാടക്കാരിയായിരുന്നപ്പോൾ ഇവിടെ വന്നിട്ടുണ്ട് .
രാത്രിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല !മനസ്സിൽ ഒരു തിരയിളക്കം !അവൾ വലുതായപ്പോൾ കൂടുതൽ സുന്ദരി ആയി കാണുമോ? എന്നെ കാണുമ്പോൾ മറിച്ചൊരു അഭിപ്രായം ഉണ്ടാവില്ലെന്ന് ഉറപ്പിക്കാമോ?
പുലർച്ചെ എപ്പോഴോ ഉറങ്ങിപ്പോയി !അച്ഛൻ വന്ന് വിളിച്ചപ്പോഴാണ് ഉണർന്നത് !
“മോനെ പെട്ടെന്ന് റെഡി ആയി ചെല്ല്, ചന്ദ്രൻ കാത്തിരിക്കുന്നു”
കുളിച്ചു റെഡിയായി വന്നപ്പോൾ ചന്ദ്രേട്ടൻ പുറത്ത് നിന്ന് പ്രാതൽ വാങ്ങി വന്നിരുന്നു…
“അച്ഛൻ കൂടെ വരുന്നില്ലേ?”
“ഞാനും ചന്ദ്രനും കൂടി ഒരിക്കൽ അവിടെ പോയി കണ്ട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്, ഇനി നീ ചെന്ന് കണ്ടിട്ട് നിന്റെ അഭിപ്രായം അറിഞ്ഞാൽ മതി.”
“ഒരു വണ്ടി പിടിച്ചു പോയാൽ മതി”
അച്ഛൻ എല്ലാം ശരിയാക്കിയിട്ടുണ്ട്.. എന്നാലും എന്തോ ഒരു നെഞ്ചിടിപ്പ് ഉണ്ട് !ജീവിതത്തിൽ എന്റെ ഒപ്പം സഞ്ചരിക്കേണ്ട ഒരു പാർട്ണറെ ആദ്യം കാണാൻ പോകുമ്പോൾ എല്ലാവർക്കും ഇങ്ങനെ ആയിരിക്കുമെന്ന് എനിക്ക് തോന്നി
അവിടെ എത്തുമ്പോൾ പതിനൊന്നു മണിയായി
ഗേറ്റ് തുറന്നു ചന്ദ്രേട്ടൻ പറഞ്ഞു “കയറി വാ ഇത് നമ്മുടെ വീട് തന്നെ “
അമ്മയുടെ കൂട്ട്കാരി ലതിക ടീച്ചറും, മാധവൻ മാഷും പൂമുഖത്തു തന്നെ ഞങ്ങളെ കാത്തു നിന്നു.
എല്ലാം അറിയാവുന്നത് കൊണ്ടാവും കൂടുതൽ ഔപചാരികത ഒന്നും വേണ്ടി വന്നില്ല !
ഹാളിലെ ചുമരിൽ ഗാന്ധിജിയുടയും, സുഭാഷ് ചന്ദ്രബോസിന്റേയും ഫോട്ടോകൾ കൂടാതെ ഇന്ദിരാഗാന്ധി, ചെഗുവേര എന്നീ ഫോട്ടോകളും ഉണ്ട് !
അല്പം കഴിഞ്ഞു ചന്ദ്രേട്ടൻ പറഞ്ഞു “മോളെ വരാൻ പറയ്”
അവൾ ഒരു ട്രേയിൽ മൂന്നാലു ചായയുമായി കടന്ന് വന്ന് എന്റെ നേരെ ചായ നീട്ടിയപ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചു.. മനസ്സ് പറഞ്ഞു “ഇവൾ നിന്റെ പെണ്ണ് “
“അവർ പരിചയപ്പെട്ടോട്ടെ നമുക്കപ്പുറത്തെ റൂമിൽ ഇരിക്കാം” മാഷാണ് അത് പറഞ്ഞത്
ഒറ്റക്കായപ്പോൾ ഞാൻ പറഞ്ഞു ..”എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചോദിച്ചോളൂ”
അവൾ പുഞ്ചിരിച്ചു .ഒന്നും ചോദിക്കാതെ എന്നെ നോക്കി നിന്നു
“ഇപ്പോൾ തന്നെ നമുക്കങ്ങു പോയാലോ” ഞാൻ അവളോട് തമാശക്ക് ചോദിച്ചു
“അച്ഛനോടും, അമ്മയോടും, പറഞ്ഞിട്ട് കൂടെ വരട്ടെ” അവളുടെ
മറുപടി എനിക്കൊത്തിരി ഇഷ്ടമായി.. ഞങ്ങൾ രണ്ടാളും ചിരിച്ചു പോയി..
ഞങ്ങൾ ജന്മാന്തരങ്ങളിലൂടെ അടുത്തറിഞ്ഞവരെ പോലെ എനിക്ക് തോന്നി..
അവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അവരോടൊപ്പം ഉമ്മറത്തു അവളും യാത്ര പറയാൻ വന്നു…
വരുന്ന വഴി ചന്ദ്രേട്ടൻ പറഞ്ഞു “സർ എല്ലാം ഇവരോട് പറഞ്ഞിട്ടുണ്ട് , വേറെ ചോദ്യവും
പറച്ചിലും, കച്ചവടവും ഒന്നുമില്ലാത്തതിനാൽ അവർക്ക് അന്നേ സമ്മതം”
വീട്ടിൽ എത്തുമ്പോൾ അച്ഛൻ മുറ്റത്ത്‌ തന്നെ നില്പുണ്ട്
“അവളെവിടെ? നീ കൂടെ പോരാൻ വിളിച്ചൂന്നാണല്ലോ മാഷ് പറഞ്ഞത് “
അച്ഛന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഞാനും ചിരിച്ചുപോയി
എന്നാലും എനിക്കിട്ട് ആദ്യമേ പണി തന്ന അവൾ ഇങ്ങ് വരട്ടെ എന്ന് ഞാൻ മനസ്സിൽ കുറിച്ചു.
സന്ധ്യക്ക്‌ തുളസിത്തറയിൽ വിളക്ക് കൊളുത്താൻ അച്ഛൻ എന്നെയും കൂട്ടി…
മോനെ അമ്മയുടെ സമ്മതത്തിനായി പ്രാർത്ഥിക്ക് നീ … അവൾക്കു ഒത്തിരി ഇഷ്ടം ആകുമെന്നെനിക്കറിയാം.
അത്താഴം കഴിച്ചു കഴിഞ്ഞപ്പോൾ ചന്ദ്രേട്ടൻ പോകാൻ ഇറങ്ങി..
“ഇന്ന് പോകണോ ഇനി, രാവിലെ പോയാൽ പോരെ ചന്ദ്രാ’ അച്ഛൻ നിർബന്ധിച്ചതിനാൽ ചന്ദ്രേട്ടൻ പോയില്ല .
“വിവാഹം ഒരാഴ്ച കൊണ്ട് നടത്താൻ അവർ സമ്മതിച്ചു., ഗുരുവരുൾ പ്രകാരം മതിയെന്നു ഞാൻ അവരോടു പറഞ്ഞിട്ടുണ്ട് “അച്ഛൻ പറഞ്ഞു.
‘അങ്ങനെ ആവുമ്പോൾ വെറുതെ അനാവശ്യ ചിലവുകൾ ഒഴിച്ച് നിർത്താം”
അച്ഛൻ പറഞ്ഞത് പോലെ കാര്യങ്ങൾ മംഗളമായി നടന്നു…
വീട്ടിൽ വിളക്ക് നല്കി എതിരേറ്റതും അച്ഛൻ തന്നെ !അച്ഛന്റെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.
വീട്ടിൽ വീണ്ടും വിളക്ക് തെളിഞ്ഞതിന്റെ സന്തോഷം നിറഞ്ഞു നിന്നു..
അടുത്ത ദിവസം അമ്പലത്തിൽ പോകും വഴി അവളോട് ഞാൻ ചോദിച്ചു..
“നിന്നെ കൂടെ വരാൻ വിളിച്ചത് നീ എന്തിനാ വീട്ടിൽ പറഞ്ഞത്?. ഇവിടെ അച്ഛൻ ചോദിച്ചപ്പോൾ ഞാൻ ചമ്മി പ്പോയി”
“അതോ ! അത് ചേട്ടനെ ഇഷ്ടമയോ എന്ന് ചോദിച്ചപ്പോൾ, ഇപ്പോ കൂടെ ചെല്ലാനാ വിളിച്ചതെന്ന് ഞാൻ പറഞ്ഞു “
“ചേട്ടന് വിഷമായോ?’
“ഏയ്‌ ഇല്ല, ചുമ്മാ”
ഒരാഴ്ച കഴിഞ്ഞു..അച്ഛൻ എന്നെ വിളിച്ചു .
“മോനെ ഇവിടെ നീയും മോളും ഉണ്ട് , ഞാനും ചന്ദ്രനും കൂടി മൂകാംബികയിൽ പോയെന്നു തൊഴുതു വരാം, പിന്നെ കൂട്ടത്തിൽ വേറെയും
മഹാക്ഷേത്രങ്ങളും ഒന്ന് കാണണം”
“അതെന്താ അച്ഛാ ഇപ്പൊ ഒരു തീർത്ഥയാത്ര “
“അച്ഛൻ നേരത്തെ തീരുമാനിച്ചതാ ,ഇപ്പോഴകുമ്പോൾ ചന്ദ്രനും കൂട്ടിനുണ്ടല്ലോ”
ചന്ദ്രേട്ടൻ തീർത്ഥാടനത്തിന്റെ ഗുരുസ്വാമിയാണെന്ന് എനിക്കറിയാം .ഒറ്റത്തടി .പണ്ടൊരു പ്രണയം ഉണ്ടായിരുന്നു അത്യാവശ്യം മദ്യം കഴിക്കുന്ന കൂട്ടത്തിലും ആയിരുന്നു പട്ടാളം.
എന്തോ ആ കുട്ടിയെ വീട്ടുകാർ വേറെ കെട്ടിച്ചു വിട്ടു , അതിന് ശേഷം വേറെ ഒരു ബന്ധം പട്ടാളം വേണ്ടെന്ന് വെച്ചു !പിന്നെ യാത്രകളോടായി പ്രണയം !ദേശാടനക്കിളിയെ പോലെ… എന്നാൽ അച്ഛൻ എന്തിനാ ഇപ്പോൾ പോകുന്നതെന്ന് മനസ്സിലാകുന്നില്ല !.
എനിക്കെന്ത് പറയണമെന്ന് അറിയാത്ത പോലെ ആയി !ശബ്ദം ഇടറുന്ന പോലെ…
“അച്ഛൻ പോയാൽ പിന്നെ ഇവിടെ നമുക്കാരാ ഉള്ളത്” അവളുടെ ചോദ്യം കേട്ട് അച്ഛൻ പറഞ്ഞു.
“മോളെ,അച്ഛൻ മടങ്ങി വരും , എല്ലായിടത്തും ഒന്ന് തൊഴുതു വരാം”
പിറ്റേന്ന് നേരം പുലർന്നപ്പോൾ അച്ഛനും ചന്ദ്രേട്ടനും പോകാൻ റെഡിയായി നില്ക്കുന്നു..
“മോനെ സന്തോഷം കൊണ്ടല്ലാതെ സങ്കടം കൊണ്ട് ഇവളുടെ കണ്ണ് നിറയാതെ നോക്കണം നീ , അമ്മയുറങ്ങുന്ന മണ്ണാണിത് ഓർമ്മ വേണം “
അച്ഛൻയാത്ര പറഞ്ഞിറങ്ങി..റെയിൽവേ സ്റ്റേഷൻ വരെ ഞങ്ങളും കൂടെ പോയി. ദൂരെ ട്രെയിൻ മറയുന്നത് വരെ ഞങ്ങൾ നോക്കി നിന്നു……..

By ivayana