രചന : ഗഫൂർ കൊടിഞ്ഞി.✍
ഉപ്പു പുരണ്ട
നിൻ്റെ നോവുകൾ
നക്കിത്തുടച്ചാണ്
ഞാൻ കവിയായത്
പക്ഷെ നീയതറിഞ്ഞില്ല.
ആ കണ്ണീർ കിനിവുകളിലൂടെ
എൻ്റെ സർഗാത്മകത തിടം വെച്ചു.
നിൻ്റെ നൊമ്പരങ്ങൾ
ഇറക്കിവെക്കാനുള്ള
ഒരത്താണിയാണ്
ഞാനെന്ന് നീ ആശ്വസിച്ചു.
എന്നാൽ നീ ചീഞ്ഞു
വളമാകുന്നതും കാത്ത് ഞാനിരുന്നു.
ആ ജീർണ്ണതയുടെ പശിമയിൽ
ചേറ്റിലെ ചെന്താമര പോലെ
കവിതകളും കഥകളും
കായ്ച്ച് പൂത്തു.
നിൻ്റെ വേവിലും ചൂടിലും
പൊള്ളലുകൾ തിണർക്കുമ്പോൾ
ഞാനതിന് അക്ഷരപ്പൊലിമ
നൽകുകയായിരുന്നു.
കാവ്യ വേദികൾ
നിൻ്റെ ജീവിതം
ചർച്ചിത ചർവ്വണം ചെയ്തപ്പോൾ
നിൻ്റെ സ്വകാര്യത
പരസ്യപ്പെടുന്നുവെന്ന്
നീ പരിഭവം പറഞ്ഞു.
നീ അമരത്വത്തിൻ്റെ
ആകാശത്തേക്കുയരുകയാണെന്ന്
നിന്നെ ഞാൻ സാന്ത്വനിപ്പിച്ചു.
നിൻ്റെ കദനങ്ങളുടെ
കണ്ണീർ കയങ്ങൾ
ആവർത്തന വിരസമായപ്പോൾ
എൻ്റെ സർഗാത്മകത വറ്റിവരണ്ടു.
ഞാൻ പുതിയ ലാവണങ്ങളും
താവളങ്ങളും തിരഞ്ഞ്
യാത്ര തുടർന്നു.