രചന : വാസുദേവൻ. കെ. വി✍
പണ്ട് നാട്ടിൻപുറങ്ങളിലെ മാടമ്പികളിൽ നിന്നും സ്വഭാവസർട്ടിഫിക്കറ്റ് കുറിച്ചുവാങ്ങി മത്സരരംഗങ്ങളിൽ. ഇപ്പോൾ എഴുത്തുകാരിയാണ് സർട്ടിഫിക്കറ്റ് എഴുതാൻ കുത്തിയിരിക്കുന്നത്.
ഉൽകൃഷ്ട രചനകളാൽ വായനാസമൂഹത്തിന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയവർ സ്ഥാനമാനങ്ങൾ കിനാവുകണ്ട് ചിലരെ വിശുദ്ധരാക്കുന്ന കുറിപ്പ് എഴുതുമ്പോൾ അവശ്യം ശ്രദ്ധിക്കേണ്ട ചിലതുണ്ട്.
അക്കാദമിക് നേട്ടങ്ങൾ നമ്മുടെ യൂണിവേഴ്സിറ്റികളിൽ നിന്നാകുമ്പോൾ ജനം നെറ്റിചുളിക്കും. നമ്മുടെ സർവ്വകലാശാലകളിലെ രാഷ്ട്രീയ വൽക്കരണം, ചോദ്യപ്പേപ്പർ ചോർച്ച, ഉത്തരകടലാസുകെട്ടുകൾ പാർട്ടിപ്രവർത്തകരിൽ നിന്ന് പിടിച്ചെടുക്കൽ, മാർക്ക് ലിസ്റ്റ് തിരുത്തൽ, ബിരുദമില്ലാത്തവരുടെ പിജി പ്രവേശനം ഇത്യാദി വാർത്തകൾ കോടതി കേറി നിരങ്ങുമ്പോൾ. കേരള മുഖ്യനും, മുൻമുഖ്യമന്ത്രിമാരിൽ നായനാരും, ലീഡറുമൊക്കെ സർവ്വകലാശാല റാങ്ക് ഹോൾഡർമാർആയിരുന്നില്ല. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വരെ ആ പട്ടികയിൽ. എന്നിട്ടും ജനസമ്മിതി പിടുച്ചുപറ്റിയ സാമാജികർ.
ചാനൽ ചർച്ചയിൽ വന്നിരുന്നു ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ മുട്ടാപ്പോക്ക് മറുപടി പറയുന്നവരോടുള്ള ജനങ്ങളുടെ സമീപനം തിരിച്ചറിയാൻ സർവ്വേയൊന്നും നടത്തേണ്ടതില്ല.
ജനാധിപത്യസ്വഭാവം ചർച്ചയിൽ പ്രകടിപ്പിക്കാതെ ചാനൽ ഡിബേറ്റ് ആംഗർമാരോടും സഹ പാനലിസ്റ്റുകളോടും മെക്കിട്ട്കയറുമ്പോൾ വോട്ടവകാശമുള്ള പ്രേക്ഷകർക്ക് അരോചകം തന്നെ. ഉത്തരമില്ലാതെ ചർച്ച ബഹിഷ്കരിക്കുന്നത് പ്രേക്ഷകമനസ്സുകളിൽ നിന്നു കൂടിയാണ്. ഇളിഭ്യചിരി കൊണ്ടോ, ധാർഷ്ട്യ ശരീരഭാഷ കൊണ്ടോ ഇരിക്കുന്നതും അപഹാസ്യമാണ്.
വിദ്യാർത്ഥിരാഷ്ട്രീയ പോരാട്ടമഹിമ
സർട്ടിഫിക്കറ്റിൽ ചേർത്തു കാണുമ്പോൾ രക്ഷിതാക്കളും കുട്ടികളും അത് കണ്ട് മുഖംചുളിക്കുന്നു. മക്കളെയും പേരമക്കളെയും സമരമില്ലാതെ സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നവരുടെ പീക്കിരിക്കൂട്ടങ്ങൾ നടത്തുന്ന സമരങ്ങൾ നഷ്ടപ്പെടുത്തുന്ന മക്കളുടെ അധ്യയന ദിനങ്ങൾ ഓർത്ത്..
ഇതൊന്നുമല്ലാത്ത ചിലതുണ്ട് ബുദ്ധിപൂർവ്വം സർട്ടിഫിക്കറ്റിൽ കുറിച്ചിടാൻ.
പാർട്ടി മേധാവിക്കൊപ്പം പ്രസംഗവുമായി കാസർകോട് മുതൽ കളിയിക്കാവിള വരെയുള്ള സഞ്ചാരങ്ങൾ. കേരളത്തെ തൊട്ടറിഞ്ഞ കണ്ടറിഞ്ഞ അനുഭവസമ്പത്ത്.
ഒരേ മണ്ഡലത്തിൽ രണ്ടു തവണ സ്ഥാനാർതിയായി മണ്ഡലത്തിലെ മുക്കും മൂലയും ചെന്നുള്ള ജനസമ്പർക്കം. മറ്റാർക്കും അവകാശപ്പെടാനില്ലാത്ത രാഷ്ട്രീയ അനുഭവപാഠങ്ങൾ.
അതൊക്കെയാണ് സ്ഥാനാർഥിയ്ക്ക് സർട്ടിഫിക്കറ്റ് നൽകുമ്പോൾ വേണ്ടത്.
ആറടി പൊക്കം, വെളുത്ത നിറം, വശികരണ ശക്തിയുള്ള കണ്ണുകൾ, പാൽ നിലാപുഞ്ചിരി, വിരലോടിക്കാൻ തോന്നുന്ന കുറ്റിത്താടി എന്നൊന്നും സർട്ടിഫിക്കറ്റിൽ കാവ്യത്മകമായി കുറിച്ചിടാൻ തുനിയാത്തത് മഹാഭാഗ്യം.
പൊളിറ്റിക്സിനെ പൊളിറ്റിക്കലായി നേരിടണമെന്ന് നായനാർ ചൊല്ല് ഓർമ്മയിൽ.
പദ്മനാഭൻ മാഷും, റോസ്മേരിയും , കവി സച്ചിദാന്ദനുമൊക്കെ എഴുത്തുനിർത്തി സർട്ടിഫിക്കറ്റ് കുറിക്കാനിരിക്കുന്നത് ആലോചിക്കാനേ വയ്യ. എഴുത്തുകാരുടെ സ്ഥാനം ജനമനസ്സുകളിലാണ്. തെരഞ്ഞെടുപ്പ് വരും പോകും. മതിപ്പ് കളഞ്ഞുകുളിക്കരുത്. മാപ്രാ തൊഴിൽ പരിചയം ഉണ്ടായിട്ടും അബദ്ധങ്ങൾ ആവർത്തിച്ചു കാണുമ്പോൾ പറയാതെ വയ്യല്ലോ.