രചന : മാധവ് കെ വാസുദേവ് ✍

അത്തപ്പൂക്കളമായി മിഴിയിൽ
പൊന്നോണത്തിറയായി
വിരുന്നുവന്നു തിരുവോണത്തിനു
കൊഞ്ചും മൊഴികളുമായി…..
തൊടിയിലെ മാവിൻ കൊമ്പിൽകെട്ടിയ
ഊഞ്ഞാൽ വള്ളികളിൽ
ആടിപ്പാടിയിരുന്നു
കാവിലെ പാലമരച്ചോട്ടിൽ…
കണ്ടുമയങ്ങിയ സ്വപ്നങ്ങളിലൊരു
കാർമേഘക്കുലയായി
രാവിൻ കാളിമ മിഴികളിലെഴുതിയ
കൽഹാര പൂവായി ….
ചൊടികളിലൊഴുകിയ മൊഴിമഴ ചുറ്റും കാറ്റലയായപ്പോൾ…
അറിയാതുള്ളിൽ വിടർന്നു
നീലത്താമര മുകുളങ്ങൾ….
കാളിന്ദിത്തിര പോലെ തഴുകി
ഖരഖര കാംബോജി….
കാവിലെ ഉത്സവമേളച്ചന്തയിൽ
ഉണരും കരിവള കിന്നാരം
താളം തുള്ളി പടയണി വരവിൽ
കൊമ്പന്മാർ തലയാട്ടുമ്പോൾ
തെളിയും നെയ്ത്തിരി നാളത്തിൽ…
ചന്ദനവർണ്ണ സുഗന്ധങ്ങൾ.
ഉത്രാട പൂത്താലവുമായി
താരകൾ
വാനിൽ നിറയുമ്പോൾ
മനസ്സിലാകെ പൂത്തുലയുന്ന
ശ്യാമമേഘങ്ങൾ…
ആവണി രാവിലുണരുന്നു ജീവിത മോഹങ്ങൾ…..

മാധവ് കെ വാസുദേവ്

By ivayana