രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

എല്ലായിടത്തുമിന്നു
വെളിച്ചമെത്തി
എല്ലായിടങ്ങളുമേറെ
തെളിഞ്ഞതായി
രാത്രിയായാലും വെളിച്ചം
സ്ഥായിയായി
മനുഷ്യനുള്ളിൽ മാത്രം
ഇരുട്ടു ബാക്കിയായി
വെളിച്ചത്തിൽ നടക്കുന്ന
മനുഷ്യനെന്തേ
ഇരുട്ടിലേക്കിറങ്ങുന്നു
ഇടക്കിടക്ക്
വെളിച്ചം മറച്ചവർ
ഇരുട്ടു തീർത്തു
ചെയ്യുന്ന കർമ്മങ്ങൾ
ദുഷ്ക്കർമങ്ങൾ
വെളിച്ചമാകട്ടെ ഓരോ
ഉള്ളങ്ങളും
തെളിഞ്ഞിരിക്കട്ടെ ഓരോ
മാനസവും
ഇരുട്ടിന്റെയീ തടവറ
ആർക്കുവേണ്ടി
ഇരുകാലിയാം മർത്ത്യനു
മാത്രമായോ
ഇരുട്ടിലീ ജീവിതം നീ,
തളച്ചുകെട്ടി
ഇരുട്ടടിയേറ്റൊരു നാൾ
തകര്‍ന്നുപോകും
ഇനിയിരുട്ടിൽനിന്നു
പുറത്തിറങ്ങൂ
ഈ ലോകം വെളിച്ചത്തിൽ
കണ്ടുനോക്കൂ….
ഈ ലോകമല്ലാതെ വേറെ
ലോകമില്ല
ഈ കോലത്തിലല്ലാതെ
മനുഷ്യനുമില്ല
ഇവിടെ നിന്നുരുവിട്ടു
പാടുന്ന സ്വർഗ്ഗം
അതിവിടെത്തന്നെയതു
വെളിച്ചമല്ലേ…?

മോഹനൻ താഴത്തേതിൽ

By ivayana