ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : മധു നമ്പ്യാർ, മാതമംഗലം*✍

ഞാനൊരച്ഛനാകുംവരെയും
അയാൾ വെറുമൊരു ആൾ
രൂപം മാത്രമായിരുന്നുവോ?
അതെയെന്നു ചൊല്ലുവാൻ
തെല്ലും മടിയില്ലിനിക്കിന്ന്!

ആണായ്‌ ഒരാൾരൂപം മാത്രം
തൂണായ്‌ മാറുന്നതും തുലോം
പ്രച്ഛന്നവേഷത്തിലാവുന്നതും
അച്ഛന്റെ വേഷപ്പകർച്ചയല്ലോ!

ഉള്ളിൽ തപം ചെയ്തുറഞ്ഞു
ഘനംകെട്ടി നിൽക്കും സ്നേഹം
അവനിലെ ആണൊരു തുണ-
യായ്‌ തൂണിരമായ്‌ മാറുമ്പോൾ!

ഒരിടത്തിരുന്നല്ല ചിന്തകളൊന്നും
അവനിലെ ആശയ ഗർഭങ്ങൾ
തീർക്കുന്നത്, അതിലൊരുവേള
വ്യഥയുടെ താളവും, തികട്ടുന്നില്ല!

നിലമറന്നുള്ളൊരു എണ്ണയും
ലേപനം ചെയ്യുവാൻ പാകം
വരില്ല,വന്നാലതിന്നു നളപാകം
തീർപ്പത്തിന്നു പ്രേരകമാകും
പേരാണ് എന്റെ അച്ഛൻ!

നിറമുള്ള ജാലകം അമ്മയാണ്
എങ്കിലും, നിലാവിന്റെ ലോകം
ജാലക പ്പുറത്തിന്ന് വെളിയിൽ
കാട്ടുന്ന ജീവിതയാത്ര അച്ഛൻ,

നിറമുള്ള കുടയല്ല അച്ഛൻ
കാലുള്ള കുടയാണ് കൂട്ടിന്ന്
അതിഭാവുകത്വത്തിന്റെ
പര്യായമേ അല്ല, അതിലും
മികവുള്ള ചിത്രമീയച്ഛൻ!

കുടചൂടും മന്നന്, നിവരുന്നതും
ചുരുളുന്നതും കുടയല്ല, പരിഭവ-
മില്ലാതെ നിവരാതെ നിറയുന്ന
കുടയാണ് അച്ഛനെനിക്കെന്നും!

അച്ഛൻ ചിത്രവിശേഷങ്ങളത്രയും
പകർത്തുന്ന നീല മഷിക്കണം
നിർദ്ദയം, ജീവിതം പഠിക്കുവാൻ
പൊടിക്കൈയുമായ്‌ വരുംകാലം!

അത്രയും നാൾ ഞാൻ വെറും
അതിഥി, അതികായകന്മാർക്ക്
ഔചിത്യമേയില്ല, ഓർക്കണം
ഉച്ചത്തിൽ പറയുന്ന വെറും
ശബ്ദമായിരുന്നെന്റെ അച്ഛൻ!

അച്ഛനിലെ നല്ലതാം സംഗീതത്തെ
അറിയും നേരമാണിന്ന്, ചിങ്ങം
പിറക്കുമീ പുലരിയിൽ, ഓർമ്മകൾ-
ക്കിന്നല്ലോ ആണ്ട് തികയുന്നു,
എന്നിലേറെക്കരുത്തും പകരുന്നു 🌹

By ivayana