പ്രണയം ചുവക്കും ഗുൽമോഹർ ചോട്ടിലൂടെത്രയോ വട്ടം
ഞാൻ നടന്നുപോകേ,
ചങ്കിലെ വിപ്ലവചോപ്പുപോലാപ്പൂക്കൾ
വാനവും ഭൂമിയുമായിമാറേ,
ചെങ്കടൽ ഉള്ളിൽതള്ളും തിരകളോ
കലാലയചുമരിലാഞ്ഞടിയ്ക്കേ
കണ്ടിട്ടും കാണാതെപോയി ഞാൻ
ഗുൽമോഹർ പൂക്കൾക്കിടയിൽ നിൻ
ചോന്നചിത്തം
വിപ്ലവപ്പൂക്കൾ ചിരിക്കുന്ന
നിൻചുണ്ടിൽ വിരിയുന്ന
പ്രണയത്തിൻ ശുഭ്രപുഷ്പം
ഭൂതകാലക്കുളിർ പുണരുമീ സന്ധ്യയിൽ
പിന്നെയും എന്നിൽ നീ
പ്രണയം പുതയ്ക്കുന്നോ..?

മൗനം കുടിച്ചു നീയുരുകിയുറയവേ
പറയുവെൻ പെൺകിളീ-
യെന്റെ ചിറകൊച്ചയിൽ
നീ-നിന്നെ മറക്കുന്നുവോ..?
എഴുതാതെ പോയൊരാ ജീവതാളുകളിൽ
തുടയ്ക്കാതെയെൻ
ചിത്രം മനസ്സിൽ പതിഞ്ഞുവോ..?
ചിറകുവിടർത്തിയീ-
യാകാശമേലാപ്പിൽ
കൂടെപ്പറക്കുവാൻ
ഇനിയെനിയ്ക്കാവുമോ..?
ഒരു ‘നിമിഷാർദ്ധ-മരികി-
ലണയുവാൻ ‘കാക്കുമോ’ കാലമേ..?
അവളെന്റെ കിളിയല്ലേ..
അവളാർത്തു പറന്നെന്റെ
നെഞ്ചോരമെത്തുമ്പോ-
ളിനിയെങ്ങിനെ ഞാനൊറ്റയ്ക്ക് പാറിടും..
ആവുമോ ഇനിയുമൊന്നായ് പറക്കുവാൻ..

മൂളിയെത്തും ചെറുകാറ്റു പോല്‍,
നിറഞ്ഞു പെയ്യുന്ന നനഞ്ഞയോര്‍മ്മയില്‍ ,
നിന്‍റെയലസ്സിപ്പൂമരത്തെ;
കട്ടെടുത്തതറിയാതെ -ഞാന്‍
രാച്ചീവിടിനു കൂട്ടായിരിക്കുന്നു….
പറയുവെൻ പെൺകിളീ,
പറയാതെ പോകയോ
തിരിഞ്ഞൊന്നു കാണാതെ,
മിഴി നിറയ്ക്കാതെ
അകലേയ്ക്കു ചിറകടിച്ചാർത്തു നീ അകലുമ്പോൾ ചിറകറ്റു,
നീർവറ്റി നിന്നിടും പെൺകിളീ..
ഇവിടെയീ വിജനതയിൽ
ഇടവപ്പെരും മഴയിൽ
പ്രണയം മരിച്ച ഹൃദയത്തെ, നനച്ചേകനായ്‌…!!

By ivayana