രചന : കൃഷ്ണമോഹൻ കെ പി ✍
കരളിലെച്ചിന്തകൾ ഇതളിട്ട പുഷ്പമായ്
ഹൃദയത്തിൽ പൂത്താലമേന്തി നില്പൂ
സവിതാവിൻയാത്രയെ, അനുധാവനം ചെയ്യാൻ
അഹസ്സിൽ തപസ്സിൽ മുഴുകി നില്പൂ
ഒരു വാക്കുമോതാതെ, കിരണങ്ങൾ വീശി നീ
കനകാംബരത്തിൽ മറഞ്ഞുവെന്നോ
ഒരുവേളയെങ്കിലുമെൻ നേർക്കുനോക്കാതെ
ഒഴിവാക്കിടുന്നോ, ഈ സഖിയെ ഭവാൻ
ഒച്ചവച്ചീടുവാനാകാതെ നില്ക്കുന്നു
നിശ്ചേഷ്ടയായിട്ടീ, സൂര്യകാന്തി
ഒടുവിൽ തളർന്നിതാ വാടിക്കൊഴിയുന്നു
ഒരു വട്ടം നിന്നോടു യാത്ര ചൊല്ലി
പുതിയൊരുജന്മത്തെകൈക്കൊള്ളും താവക
പദമലരിങ്കൽ തപസ്സിനെത്തും
പരമാർത്ഥമായുള്ള പ്രണയത്തിൻ പൂമ്പൊടി
പതിയെയാ കാൽക്കൽ ചൊരിഞ്ഞിടും ഞാൻ.