ലേഖനം : സതി സുധാകരൻ പൊന്നുരുന്നി✍

ദൈവത്തിൻ്റെ കയ്യൊപ്പു ചാർത്തിയ നാടെന്ന് അഭിമാനം കൊണ്ടിരുന്ന നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും, കുഞ്ഞുകുട്ടികൾക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതായിക്കഴിഞ്ഞു.

കവികൾ പാടിപ്പുകഴ്ത്തി

“സ്ത്രീ വീടിൻ്റെ വിളക്കാണെന്ന്.”

മദ്യവും മയക്കുമരുന്നും ഒഴുകുന്ന നമ്മുടെ നാട്ടിൽ അമ്മയേ തോ ,പെങ്ങളേതോ ഭാര്യയേതോ എന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. പിഞ്ചു കുഞ്ഞിനെപ്പോലും വെറുതെ വിടുന്നില്ല. ഇതിന് ഒരറുതി വന്നേ തീരൂ. ചരിത്രം തിരുത്തി കുറിക്കേണ്ടിയിരിക്കുന്ന അവസ്ഥയാണ്.

സ്ത്രീകളെ കൊത്തിക്കീറുന്ന കഴുകന്മാരെ നാട്ടിൽവാഴാൻ അനുവദിച്ചുകൂടാ. അവരുടെ മൂർച്ചയേറിയ ദംഷ്ട്രങ്ങൾ വെട്ടിക്കളയുക തന്നെ വേണം.

അതിഥി തൊഴിലാളികൾ നമ്മുടെ നാടിൻ്റെ പുരോഗതിയ്ക്ക് ആവശ്യമാണ് എല്ലാവരേയും ഒരേ കണ്ണുകൊണ്ട് കാണരുത്. ഭൂരിഭാഗവും ജീവിക്കാൻ വേണ്ടി നമ്മുടെ നാട്ടിൽ വന്നു കഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരുടെ അന്നം മുട്ടിക്കാനായി ചില ക്രിമിനലുകൾ ഉണ്ട് . വിശദവിവരങ്ങൾ അറിഞ്ഞിട്ടു വേണം ഓരോ സ്ഥാപനത്തിലും അവരെ ജോലിക്കു വയ്ക്കുവാൻ.

പണ്ട് വിരലിലെണ്ണാവുന്ന കൊലപാതകങ്ങളെ നമ്മുടെ നാട്ടിൽ ഉണ്ടാകാറുള്ളു. ഇപ്പോൾ കോഴിയെ വെട്ടിനുറുക്കുന്നതു പോലെ ഒരു മടിയുമില്ലാതെയാണ് കൊലപാതക ങ്ങൾ. വടക്കേ ഇൻഡ്യയിൽ സ്ത്രീകൾക്കും കുട്ടികൾക്കും അവരുടെ ജീവന് ഒരു വിലയുമില്ല. നഗ്നരാക്കി നടത്താനും, മക്കളുണ്ടാകാത്തതിന് പൊതുസ്ഥലത്തു നിർത്തി വിവസ്ത്രയാക്കി നീരൊഴുക്കിൻ്റെ താഴെ നിർത്തി മന്ത്രവാദിയുടെ നിർദേശപ്രകാരം ഭതൃവീട്ടുകാർ, കുളിക്കാൻ പ്രേരിപ്പിച്ചതും നമ്മുടെ രാജ്യത്താണ്. ഇതെല്ലാം കണ്ട് ലജ്ജിച്ച് തല താഴ്ത്താനേ നമുക്ക്‌ പറ്റു.

ഇതൊക്കെ കണ്ടും കേട്ടും പഠിച്ചിട്ടാണോ എന്തോ ,നമ്മുടെ നാട്ടിലും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളും കൂടിയത് എന്നു തോന്നിപ്പോകും.

ഇന്നു സ്ത്രീകൾ ചെല്ലാത്ത മേഖലകളില്ല കപ്പലോടിക്കാനും, വിമാനം പറത്താനും കൊടുമുടികൾ താണ്ടാനും കഴിവുള്ളവരാണ് നമ്മുടെ സ്ത്രീകൾ. അവരെ വളരാൻ പോലും സമ്മതിക്കാതെ കുഞ്ഞുങ്ങൾ മുതൽ മുതിർന്ന വരേപ്പോലും യാതോരു ദാക്ഷിണ്യവും കൂടാതെ ചില നരാധമന്മാർ പിച്ചിച്ചീന്തിയെറിയുന്നു. സ്ത്രീധനത്തിൻ്റെ പേരിലും, അല്ലാതെ വെട്ടിക്കൊന്നും ക്രൂരമായി പീഡിപ്പിച്ചും ചുട്ടുകൊന്നും, പാമ്പിനേക്കൊണ്ടു കടിപ്പിച്ചും, പെട്രോളൊഴിച്ചു കൊന്നും, അവർ അഴിഞ്ഞാടുന്നു.

പെൺകുട്ടികൾ തന്നെ കല്യാണത്തിൽ നിന്നും പിന്മാറുന്നു. ഭർത്താക്കന്മാരുടെ ആട്ടും തുപ്പും കൊണ്ട് ചവിട്ടി അരയ്ക്കപ്പെടുന്ന എത്രയോ സ്ത്രീകളുണ്ട്.
സ്വന്തം വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല.പിഞ്ചുകുഞ്ഞുങ്ങളെ മുതൽ 90 വയസ്സായ അമ്മുമ്മമാരെ വരെ വെറുതെ വിടുന്നില്ല.
വിടരാൻ കഴിയാതെ പിഞ്ചു കുഞ്ഞുങ്ങളായ പുമൊട്ടുകളെ കശ്മലന്മാർ കശക്കി എറിയുന്നു.

സ്ത്രീ സമത്വം എന്നത് ഇന്നും ചിലർക്ക് അംഗീകരിക്കാൻ പറ്റുന്നില്ല. പുരുഷമേധാവിത്വമല്ലേ ?അവരുടെ കാൽക്കീഴിൽ കിടന്നുകൊള്ളണം. കാലം മാറിയതറിഞ്ഞില്ല എന്നു തോന്നുന്നു. എന്തും നേരിടാൻ സ്ത്രീകൾ ശക്തിയോടെ മുന്നോട്ടു തന്നെ വരണം.

മയക്കുമരുന്നിൻ്റെ ഒഴുക്കു തടയാനുള്ള പ്രതിവിധിയും കണ്ടെത്തണം. അതിന് എല്ലാവരും ഒറ്റക്കെട്ടായി നില്ക്കണം.

സതി സുധാകരൻ

By ivayana