രചന : S. വത്സലാജിനിൽ✍

ഓണം എന്നത് ഒരു പ്രതീക്ഷയാണ്!
കൂനാംക്കുരുക്ക് പോലെ അത് ചിലപ്പോഴൊക്കെ രക്ഷിതാക്കളെ വരിഞ്ഞു മുറുക്കുന്ന നിസ്സഹായതയാണ്.
ഓണത്തെക്കുറിച്ച്,
ഒട്ടുവലിയ സങ്കല്പങ്ങളോ…,
നിലയ്ക്കാത്ത പ്രതീക്ഷകളോ
ഒന്നും എനിക്കില്ലായിരുന്നു.
ഓണത്തിന്റെ അന്ന് രാവിലെ ഉറക്കമെഴുന്നേറ്റ് വരുമ്പോൾ
നല്ല പച്ചനെല്ല് പുഴുങ്ങിയുണക്കികുത്തി
പൊടിച്ചെടുത്ത പൂനെല്ലിൻ പുട്ടും
പയറും പപ്പടവും പഴവും.
ഒപ്പം എത്ര വേണേലും മധുരമിട്ട ചായയും സ്പെഷ്യലായി
അമ്മ തയ്യാറാക്കി വച്ചിട്ടുണ്ടാവും.
എന്നും,
ഇതൊന്നും കഴിച്ചു ശീലമില്ലാത്തത് കൊണ്ടാണോന്നറിയില്ല,
അതൊന്നകത്തോട്ടിറക്കാനാകാതെ
ബുദ്ധിമുട്ടി ഞാൻ ഇടയ്ക്കിടെ ചായയുടെ സഹായം തേടിക്കൊണ്ടിരിക്കും. അല്ലങ്കിൽ തൊട്ടടുത്തിരുന്നു കഴിക്കുന്ന അച്ഛൻ ഒന്ന് എണീറ്റ് പോകാൻ പ്രാർത്ഥിച്ചു കാത്തിരിക്കും :
ശേഷം
അത് അപ്പാടെ ബാക്കി വച്ച് അമ്മേ കൊണ്ട് മീൻകറിയും, കട്ടതൈരും കടുമാങ്ങയും ചാലിച്ച പഴങ്കഞ്ഞി വാങ്ങി
അച്ഛൻ കാണാതെ മടമടാന്ന് അകത്താക്കും.
അത് എന്റെയൊരു വല്യ പ്രതീക്ഷ ആയിരുന്നു. സന്തോഷം ആയിരുന്നു.
പിന്നെ ഓണക്കോടി.
അങ്ങിനെയൊരു സംഭവത്തിന്, ബാല്യം മുതൽ
വല്യ പ്രാധാന്യം ഒന്നും ജീവിതത്തിൽ ഇല്ലാത്തത് കൊണ്ട് ഓർമ്മകളിലും തെളിയുന്നില്ല.
ഇനി പിന്നെ എന്താണ് എന്റെ ഓണം “
എന്ന് ഹൃദയം മന്ത്രിച്ചാൽ,
ഇതൊക്കെ തന്നെ ‘എന്ന ഒറ്റ ഉത്തരം മാത്രം.
കൂട്ടുകാരുടെ വീട്ടിൽ പോയി മതിയാകാതെ ഊഞ്ഞാലാടി തിരിച്ചു പോന്നു, നിരാശയെ പനിച്ചു കിടന്നും..
മച്ചമ്പിയുടെ വീട്ടിലെ റേഡിയോയുടെ ചോട്ടിൽ കുത്തിയിരുന്ന് ഓണപ്പരിപാടികൾ കേട്ട് ഉറങ്ങി വീണും.
ഓണം അങ്ങിനെ ഇതിലൊക്കെ മാത്രമായി ഒതുക്കി വച്ചു തൃപ്തിപ്പെട്ട്
നടന്നു..
അതേസമയം
ഓണം കഴിഞ്ഞു
സ്കൂൾ തുറന്നാൽ,
ചുമന്നു കൊണ്ട് പോകുന്ന
ഏറ്റവും വലിയ സന്തോഷം,
വീട്ടിൽ കാത്തിരിക്കുന്ന ബ്രിട്ടാനിയ പാട്ട നിറയേ അമ്മ നിറച്ചു വയ്ക്കുന്ന മുന്തിരികൊത്തും ആലങ്ങയും ആയിരുന്നു. ആക്കൂട്ടത്തിൽ അച്ചപ്പം വേണ്ടത്ര എന്റെ ശ്രദ്ധ പിടിച്ചു പറ്റിയില്ല.
അതുകൊണ്ട് തന്നെ ഇരുപത്തിഏട്ടാം ഓണം കഴിഞ്ഞാവും അതിന്റെ ആ ഇരുപ്പിന്
ഒരു ഇളക്കം തട്ടിതുടങ്ങുക.
ഇനി ,ഓണഅവധിക്ക് അണ്ണൻ ഗോവയിൽ നിന്നും വരുന്നെങ്കിൽ മാത്രം
വർഷത്തിൽ ഒരു സിനിമ!
അങ്ങിനെ
ഇത്രേം ലളിതമായ ചടങ്ങുകളിലൂടെ ആയിരുന്നു
എന്റെ ഓണക്കാലങ്ങൾ നിശബ്ദതയോടെ അങ്ങ് കടന്നു പോയത്.
ജീവിതം,
എന്നും സാധാരണയിൽ സാധാരണം പോലെ നീങ്ങിക്കൊണ്ടിരുന്ന
അവിടെ
ഒരിക്കൽ പോലും ഒരു ഊഞ്ഞാൽ ഇല്ലായിരുന്നെങ്കിലും…
ഓണക്കോടികൾ ഇല്ലായിരുന്നെങ്കിലും
അത്തപ്പൂക്കളങ്ങൾ
ഇല്ലായിരുന്നെങ്കിലും….
സമവായം ഇല്ലാതെ
ഓണമെന്റെ മനസ്സിനെ പറഞ്ഞറിയിക്കാനാകാത്ത വിധം എക്കാലവും
സമൃദ്ധമാക്കിയിരുന്നു…..
🌹🌹🌹🌹🌹🌹🌹

S. വത്സലാജിനിൽ

By ivayana