രചന : എൻ.കെ.അജിത്ത് ആനാരി ✍

ആരാണ് കീഴാളനാരാണുമേലാള-
നാരേയിതൊക്കെയും നിർണ്ണയിപ്പൂ
നേരായഹന്തകൾ നേരേവരുന്നേര-
മേറെ വീറോടെ നാം ചോദിച്ചിടൂ

അദ്ധ്വാനിതന്നുടെയദ്ധ്വാനമുണ്ടവർ,
അട്ടംപരതികൾ ആയിരുന്നോർ
ഇക്കാലവും നിന്നു കുത്തിത്തിരിപ്പിൻ്റെ
പൊയ്ക്കോലമാടുന്നു ഭൂപരെപ്പോൽ!

മണ്ണിൽപ്പണിതവനന്നംമുടക്കിയോർ
ദെണ്ണത്തെയുണ്ണാൻ കൊടുത്തിരുന്നോർ
കണ്ണായതൊക്കെയും തട്ടിപ്പറിച്ചവർ
പുണ്ണാൽ നിറഞ്ഞ ഹൃദന്തമുള്ളോർ

വിദ്യയ്ക്കു വിഘ്നമതാചാരമാക്കിയോർ
സഞ്ചാരസ്വാതന്ത്ര്യമേകിടാഞ്ഞോർ
വല്ലായ്മയിൽത്തന്നെ ജീവിച്ചു പോകിലു-
മമ്പോയഹങ്കാരമെത്രയിന്നും!

ഭൂതകാലത്തിൻ്റെ നേരറ്റ നാളുകൾ
വീണ്ടെടുത്തീടാൻ തുടിക്കുന്നവർ
കൂറിന്നുമപ്പഴങ്കാലത്തോടുള്ളവ-
രോർക്കണം കാലത്തിൽ വന്ന മാറ്റം

വർണ്ണവും, ജാതിയും, തിണ്ണമിടുക്കിൻ്റെ –
യമ്പുകൾത്തന്നെയായ് തീർക്കുന്നവർ
ഉണ്ടതും, ഊട്ടാനകപ്പുര തീർത്തതും
മണ്ണിൻ്റെ മക്കളെക്കൊന്നു തന്നെ !

അച്ചോരയിൽ നിന്നുയിർക്കൊണ്ടുവന്നതാം
മണ്ണിൻ്റെ മക്കൾതൻ പിന്മുറക്കാർ
ചൊല്ലിത്തരുന്നവയമ്പേ വിഴുങ്ങുവാൻ
മണ്ടരാണെന്നും നിനയ്ക്കവേണ്ടാ

കന്നംതിരിവിൽ കടയ്ക്കസ്ത്രമെയ്തിടാ-
നുണ്ടായിവന്നിടുമേകലവ്യർ
അമ്പോ, പെരുവിരൽ ചോദിക്കുവോരുടെ
കണ്ഠഛേദത്തിൽ കരുത്തുമായി

മണ്ണിൻ്റെ മക്കളേ, മസ്തകംകാരുന്ന
ചിന്താസരണികൾക്കപ്പുറത്തായ്
നേരിൻ്റെ നേരാം നിലാവെട്ടമുണ്ടത്
തേടാതിരിക്കാൻ നമുക്കാകുമോ?

അക്ഷീണയത്നം നടത്തിക്കരിങ്കാല –
മോർമ്മയിൽ നിന്നേ തുടച്ചുനീക്കാം
ഒത്തുചേർന്നീടാതെ മേലാളകോയ്മകൾ
തച്ചുടയ്ക്കാതെയോ വിശ്രമങ്ങൾ?

എൻ.കെ.അജിത്ത് ആനാരി

By ivayana