രചന : മംഗളൻ എസ്✍
പട്ടുനൂൽപ്പുഴു തന്റെ സ്വപ്നങ്ങൾതൻ
പട്ടുമെത്ത പുതച്ചു കിടത്തി തൻ
കുട്ടിയെത്തോണ്ടി ദൂരെക്കളഞ്ഞുടൻ
പട്ടുചേലയൊന്നുണ്ടാക്കി മാനുജൻ!
പട്ടുസാരിയുടത്തു ചമഞ്ഞുടൻ
പട്ടണത്തിൽ വിലസിക്കറങ്ങി തൻ
പട്ടുചേലതൻ പൊങ്ങച്ചം കാട്ടുവാൻ,
പൊട്ട വേലത്തരങ്ങളും കാട്ടുവാൻ!
പട്ടുനൂൽസാരി മൊത്തവ്യാപാരിയോൻ
പട്ടുനൂൽ വസ്ത്രമില്ലിന്നുടമയോൻ
പട്ടുപൂമ്പാറ്റരോദനം കേൾക്കാത്തോൻ
കൂട്ടിനുള്ളൊതോ പാവം പണിക്കാരൻ!
പട്ടിണിയറിയാതെ വളർന്ന നിൻ
തട്ടകങ്ങളിലൊന്നിൽ വസിപ്പവൻ
പട്ടിണി മാറ്റി പിള്ളേ വളർത്തുവാൻ
പട്ടുനൂലിനായ് മൾബറി നട്ടവൻ!
പട്ടിണിയറിഞ്ഞങ്ങുവളർന്നതൻ
കുട്ടികൾക്കൊട്ടു നൽകിയില്ലൊട്ടവൻ
പട്ടുപാവാടയും പട്ടുടുപ്പുമവൻ
പട്ടുമെത്തയും പത്രാസുകാട്ടുവാൻ!
പട്ടുനൂൽപ്പഴു ചത്തൊടുങ്ങീടുവാൻ
പട്ടുസാരികൾ കുന്നുകൂടീടുവാൻ
പട്ടണക്കട പട്ടാൽ നിറയുവാൻ
പൊട്ടിക്കേഴുന്നൊരമ്മനോവേറുവാൻ!