രചന : ജിബിൽ പെരേര✍
ജോണി മരിച്ച പിറ്റേന്ന്
ഒരുപിടി കത്തുമായി പോസ്റ്റ്മാൻ വന്നു.
കത്തുകളിൽ,
കൊലപാതകമെന്ന് വീട്ടുകാർ
ആത്മഹത്യയെന്ന് പോലീസ്
വിധിയെന്ന് നാട്ടുകാർ
മുങ്ങിയതാണെന്ന് കടക്കാർ
ആത്മീയതീർത്ഥാടനമെന്ന് മതം
ആനന്ദയാത്രയെന്ന് ബുദ്ധിജീവികൾ
വൃത്തികെട്ട തമാശയെന്ന് മിത്രങ്ങൾ
പ്രച്ഛന്നവേഷമെന്ന് ശത്രുക്കൾ
കള്ളയുറക്കമെന്ന് പലിശക്കാർ
നല്ലവനെന്ന് നന്മമരങ്ങൾ
പാഴ്ജന്മമെന്ന് മറ്റ് ചിലർ
വിശുദ്ധനെന്ന് വിദൂരത്തുള്ളവർ
പാപിയെന്ന് പറുദീസവാസികൾ.
അക്കൂട്ടത്തിൽ ,
ജോണി എന്നുമെന്നും
എന്റേത് മാത്രമാണെന്ന്
ഒരു ഊമക്കത്ത് ..
ശവപ്പെട്ടിയിൽ നിന്ന് ജോണിയെണീറ്റ്
ആ ഊമക്കത്തിന്റെ വിലാസം തിരക്കി
ഇറങ്ങിനടന്നു.
ശവടക്കിനായി കാത്തുനിന്ന
മറ്റ് കത്തുകളെല്ലാം മടങ്ങിപ്പോയി.