രചന : ബീഗം✍
ആടിപ്പാടിയ
അരങ്ങിനോടും
അകതാരിൽ വാടാതെ
സൂക്ഷിക്കൂന്ന
സുഗന്ധ സൂനങ്ങളോടും
പൂത്തിരി കത്തിക്കുന്ന നർമ്മമുഹൂർത്തങ്ങളോടും
ഇനിയും പറഞ്ഞു തീർക്കാത്ത വിശേഷങ്ങളോടും
വിടചൊല്ലി
കൊലുസു മണികളുടെ
കിലുക്കവും
നർമ്മസല്ലാപത്തിൻ്റെ
ഇടവേളകളും
ഉരുളക്കുപ്പേരി വിളമ്പുന്ന
കുസൃതിക്കുരുന്നുകളുടെയും
ഇടയിലേക്ക്
അപരിചിതത്വത്തിൻ്റെ
ആടയാഭരണങ്ങളില്ലാതെ
എത്രയെത്ര
വേഷപ്പകർച്ചകൾക്കായ്
വീണ്ടും അരങ്ങത്തേക്ക്
വിശേഷങ്ങൾ പറയുന്ന
കൂട്ടുകാരിയാവാൻ
അന്നം കൊത്തിക്കൊടുക്കും അമ്മക്കിളിയാവാൻ
കൗമാര പൂക്കളെ കൊഴിച്ചു കളയാതിരിക്കാൻ
കരുത്തും കരുതലുമേകുന്ന
കരങ്ങളാകാൻ
വീണ്ടുമീ അക്ഷരമുറ്റത്തേക്ക്
അറിവിൻ മകരന്ദം നുകരാൻ
വെമ്പൽ കൊള്ളും പൂമ്പാറ്റകളുടെയടുത്തേക്ക്
എത്ര നുകർന്നാലും മതിവരാത്ത
പ്രകൃതി സൗന്ദര്യത്തിൻ്റെ
മടിത്തട്ടിലേക്ക്
ആത്മസംതൃപ്തിയുടെ
ചിറകുമായി തളരാതെ