രചന : വൈഗ ക്രിസ്റ്റി ✍
ബസ്റ്റോപ്പിൽ വച്ചാണെന്നു തോന്നുന്നു
ക്ലാര മഠത്തിലിനെ ആദ്യമായി കാണുന്നത്
താൻ ഒരു മീനാണെന്ന്
അവൾ പരിചയപ്പെടുത്തി
ഒരു മീനിന് ക്ലാരമഠത്തിൽ
എന്നൊക്കെ പേര് വരുമോ എന്ന്
സംശയിക്കണമെന്നുണ്ടായിരുന്നു
പക്ഷെ ,
അത്ഭുതപ്പെടാനൊന്നും പോയില്ല
പെട്ടെന്ന്
ബസ് വന്നതുകൊണ്ട് ഞങ്ങൾ ബസിൽ കയറിയെന്നു തോന്നുന്നു
സീറ്റുകൾ മുഴുവൻ
ശബ്ദങ്ങൾ ഇരിക്കുകയായിരുന്നു
ഞങ്ങൾക്ക്
നിൽക്കാനേ പറ്റിയുള്ളൂ
ക്ലാര കമ്പിയിൽ പിടിക്കാൻ കൈ ഉയർത്തിയപ്പോൾ
അവളുടെ കൈകൾ
ഉടലുമായി ചേർത്തിരുന്ന
തൊലിയുടെ നേർത്തൊരു പാട കണ്ടു
ആ പാട ശസ്ത്രക്രിയയിലൂടെ
മാറ്റാനാവുമോ എന്നറിയുവാൻ
ആശുപത്രിയിലേക്ക് പോവുകയാണെന്നവൾ
പറഞ്ഞതുപോലെ തോന്നുന്നു
കടന്നു പോയൊരു പുഴയൊഴുക്കിനെ
അവളുടെ കണ്ണുകൾ വഹിച്ചിരുന്നു
അതിജീവനത്തിൻ്റെ
ആ നേർത്ത ഓർമ്മയെ
എന്തിനില്ലാതാക്കണമെന്ന്
സീറ്റിലിരുന്ന ഒരൊച്ച ചോദിച്ചു
നിങ്ങളെങ്ങനെയാണ് ഒച്ച മാത്രമായതെന്ന്
അവൾ
തിരിച്ചു ചോദിച്ചതായിട്ടാണോർമ്മ
ഉടൽ ശസ്ത്രക്രിയയിലൂടെ കളഞ്ഞ്
ശബ്ദത്തെ വേർപെടുത്തിയെന്ന്
കണ്ടക്ടറുടെ ഒച്ച കേട്ടു
അതിൻ്റെ ശസ്ത്രക്രിയ നടത്തിയ
ആശുപത്രിയുടെ ഭാഗത്തു നിന്നാണത്രേ
ബസ് വരുന്നത്
അങ്ങോട്ടായിരുന്നു തനിക്ക് പോകേണ്ടിയിരുന്നത്
എന്നവൾ ഓർത്തോ ആവോ!
പുഴക്ക് ഒരേ ദിക്കിലേക്കൊഴുകിയല്ലേ ശീലമുള്ളൂ
എന്ന്
ഞാൻ ഓർത്തിട്ടുണ്ടാവണം
ബസ് മുകളിലേക്കൊഴുകുമോ എന്ന്
ക്ലാരമഠത്തിൽ എന്ന മീൻ ചോദിച്ചിരിക്കും
ഒച്ചകളെല്ലാം
താഴേക്ക് താഴേക്കെന്നൊഴുകിക്കാണും
എൻ്റെ തോന്നലുകളെ
എന്നിൽനിന്നും വേർപ്പെടുത്താനുള്ള
ആശുപത്രിയുടെ സ്റ്റോപ്പായിരുന്നു .
പുഴയോർമ്മയുടെ
തൊലിയറ്റു പോയില്ലെങ്കിലും
മീൻകൊത്തികളെയോർത്തുള്ള
ഭയം
അവളുടെ കണ്ണുകളിൽ നിന്നും
മുറിച്ചുമാറ്റുമായിരിക്കുമെന്ന്
വെറുതേ ആശ്വസിച്ചു കൊണ്ട്
ഞാനെൻ്റെ സ്റ്റോപ്പിൽ ഇറങ്ങി.