രചന : പ്രിയബിജൂ ശിവക്യപ ✍

അന്ന് നല്ല നിലാവായിരുന്നു…. ശ്രീക്കുട്ടി മുറിയുടെ ജനാലയ്ക്കൽ പതിവ് പോലെ പുറത്തേക്ക് നോക്കിയിരിക്കുന്നു… രണ്ടു നാൾ കഴിഞ്ഞാൽ ഓണമാണ്…
ഈ ഓണ നിലാവും തൊടിയിലെ എഴിലംപാലയുടെ പൂക്കളുടെ മദിപ്പിക്കുന്ന സുഗന്ധവും.. പിന്നെ മുല്ല…. പാരിജാതം എന്നിവയുടെ സുഖകരമായ ഗന്ധം….
തൊടിയിലേക്ക് നോക്കിയപ്പോൾ കണ്ടു… ഹരിയേട്ടന്റെ പട്ടടയ്‌ക്കരികിൽ പൂത്തു നിൽക്കുന്ന എഴിലംപാല…
ആ പാല പൂത്തതിന്റെ സുഗന്ധമറിയണമെങ്കിൽ അതിന്റെ ചുവട്ടിൽ പോയിരുന്നു ഓർമ്മകളുടെ കൂട്ടു പിടിക്കണം..
ഹരിയേട്ടനും താനും ഒന്നിച്ചിരുന്നു സ്വപ്നം കണ്ട ആ നാളുകളിലേക്ക് മടങ്ങണം..
പാതിവഴിയിൽ തന്നെ ഉപേക്ഷിച്ചു പോകേണ്ടി വന്ന തന്റെ ഹരിയേട്ടൻ..
ചിലപ്പോൾ തനിക്ക് അത്ഭുതം തോന്നാറുണ്ട്… തനിക്കെങ്ങനെ കഴിയുന്നു… ആ സാന്നിധ്യമില്ലാതെ…
താനിപ്പോഴും ജീവിച്ചിരിക്കുന്നുവല്ലോ..അപ്പോൾ താൻ അദ്ദേഹത്തോട് പറഞ്ഞതൊക്കെ വെറും വാക്കുകളായിരുന്നോ…
അദ്ദേഹമില്ലാതെ ജീവിക്കാനാവില്ലെന്ന്…
നന്നായി പാടുമായിരുന്ന ആ ശബ്ദത്തിൽ എന്നും ഒരു സ്നേഹഗീതം കേൾക്കാതെ ഉറങ്ങാനാവില്ലെന്ന്….
ഇത്രേയുള്ളൂ മനുഷ്യർ… എല്ലാവരും സ്വാർത്ഥതയ്ക്ക് വേണ്ടി പലതും പറയും…. താനുൾപ്പടെ….
ശ്രീക്കുട്ടി കുറ്റബോധത്തോടെ ചിന്തിച്ചു….
പക്ഷെ ബന്ധങ്ങൾ ബന്ധനങ്ങളാകുമ്പോൾ ഒരിക്കലും സ്വന്തം ഇഷ്ടങ്ങൾക്ക് പ്രസക്തി ഉണ്ടാവില്ല….
അവൾ എഴുനേറ്റു….
എല്ലാവരും കിടന്നു കാണും.. അമ്മ ഒഴികെ…
അമ്മ ഇപ്പോഴും അടുക്കളയിലാവും…
ഏട്ടത്തിമാരൊക്കെ നേരത്തെ സ്ഥലം വിട്ടുകാണും….
ഇത്രയും നേരം താൻ അടുക്കളയിൽ ഉണ്ടായിരുന്നു.. പഴയ ഓർമ്മകൾ കുത്തി നോവിക്കാൻ തുടങ്ങിയപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു…
ഈ സമയത്തൊക്കെ ഹരിയേട്ടൻ തന്നെ ചുറ്റിപ്പറ്റി അടുക്കളയിൽ ഉണ്ടാവും…. താനും അമ്മയും അച്ചാർ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും…
“ഡീ ഇതിനു കുറച്ചു ഉപ്പു കൂടി വേണം… എരിവ് കറക്ട് ആണ്…”
ഇങ്ങനെ ഒക്കെ അഭിപ്രായം പറഞ്ഞു അടുക്കളയിലുണ്ടാവും…
ഏട്ടന്മാർക്കൊന്നും അങ്ങനെ ഒരു ശീലവുമില്ല…
അവർ ഏട്ടത്തിമാരുമായി ടീവി യുടെ മുൻപിൽ ആയിരിക്കും….
അങ്ങനെ അടുക്കളയിൽ നിൽക്കവേ കണ്ണുകൾ നിറയുന്നത് കണ്ട അമ്മ പറഞ്ഞു…
” മോളു പോയിക്കിടന്നോളു… ഇനിയിപ്പോ രണ്ടു പാത്രങ്ങളൊക്കെ കഴുകിയാൽ മതിയല്ലോ.. അതുഞാൻ ചെയ്തോളാം… “
അങ്ങനെ മുറിയിലേക്ക് വന്നതാണ്….
കണ്ണൻ നല്ല ഉറക്കമായിരുന്നു…
തങ്ങളുടെ പൊന്നുമോൻ..
നിഷ്കളങ്കമായ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്ക് അടക്കാനാവാത്ത സങ്കടം തോന്നി…
നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ ഒതുക്കി വച്ചു അവന്റെ കുഞ്ഞിളം കവിളിൽ ഒരുമ്മ കൊടുത്തു അവൾ കതക് മെല്ലെ ചാരിയിട്ട് പുറത്തേക്ക് നടന്നു……
തൊടിയിൽ നിലാവ് വീണ വഴിയിലൂടെ അവൾ ഏകയായി നടന്നു…
അക്കരയുള്ള അമ്പിളിച്ചേച്ചിയുടെ വീട്ടിൽ വച്ചിരിക്കുന്ന പാട്ട് ചെറുകാറ്റിൽ അലയടിക്കുന്നു
ഹരിയേട്ടൻ എപ്പോഴും പാടാറുള്ള പാട്ട്
“നീയെന്റെ പാട്ടിൽ ശ്രീരാഗമായി
മാറോടു ചേർക്കും മൺവീണയായി
താനേ തുളുമ്പും താരാട്ട് പോലെ
സ്നേഹാർദ്രമേതോ തൂമഞ്ഞു പോലെ
നീ… എൻ ചാരെ…”
ശ്രീക്കുട്ടി മെല്ലെ ആ പാലയുടെ ചുവട്ടിൽ വന്നിരുന്നു….
ചുറ്റും പൂവുകൾ ചിതറിക്കിടപ്പുണ്ട്….
അവയൊന്നെടുത്തവൾ വാസനിച്ചു…
“ശ്രീ….”
ഹരിയേട്ടൻ വിളിച്ചുവോ
അങ്ങനെ തോന്നി… അവൾക്ക്…
” ഉറങ്ങാറായില്ലേ പെണ്ണെ നിനക്ക് “
അവൾ ഞെട്ടിതിരിഞ്ഞു നോക്കി….
അതേ.. തന്റെ ഹരിയേട്ടൻ…
തൂവെള്ള ജുബ്ബയണിഞ്ഞു…. മൃദുവായ പുഞ്ചിരിയോടെ തന്റെ പ്രാണൻ!!!!
“ന്റെ ഹരിയേട്ടാ “
അവൾ തേങ്ങലോടെ എഴുനേറ്റു ഓടിച്ചെന്നാ മാറിലേക്ക് വീണു…
“എന്തിനാ എന്നെ തനിച്ചാക്കി പോയത്…. സഹിക്കാൻ വയ്യ ഈ വേർപാട് “
അവൾ ഏങ്ങിയേങ്ങിക്കരഞ്ഞു…
” ന്റെ പെണ്ണെ ഞാൻ നിന്റെ കൂടിയില്ലേ… ശരീരമല്ലേ പോയുള്ളു… ഞാൻ നിന്റെ കൂടെയില്ലേടി “
” ഞാൻ വരട്ടെ എന്റെ ഏട്ടനോടൊപ്പം.. “
” അപ്പോൾ നമ്മുടെ കണ്ണനോ? “
അവൻ ചോദിച്ചു…
” അവൻ ഒറ്റയ്ക്കാവില്ലേ “
അവൾ വിതുമ്പി…..
” നീ വിഷമിക്കേണ്ട.. നിന്റെ ഹരിയേട്ടൻ നിന്നോടൊപ്പമുണ്ട്… താങ്ങായി… തണലായി… നമുക്ക് നമ്മുടെ കണ്ണനെ വളർത്തി വലുതാക്കണ്ടേ “
അവൾ തലയാട്ടി..
അവൻ അവളെ മെല്ലെയടർത്തി മാറ്റി…
വരൂ നമുക്ക് ഇവിടെയിരിക്കാം കുറച്ചു നേരം….
അവൻ കണ്ണീരാൽ തിളങ്ങുന്ന അവളുടെ മുഖത്തേക്ക് സ്നേഹവായ്പ്പോടെ നോക്കി….
തന്റെ പെണ്ണ്…. തന്നെ ജീവനെപ്പോലെ കരുതി സ്നേഹിക്കുന്ന പെണ്ണ്… വിധി അനുവദിച്ചില്ല… അധികനാൾ ഒന്നിച്ചു ജീവിക്കാൻ…
കണ്ണനെയും സമ്മാനിച്ചിട്ട് തനിക്ക് മടങ്ങേണ്ടിവന്നു…. അവളെ പാതിവഴിയിലൂപേക്ഷിച്ചു പോകേണ്ടി വന്നു… എന്തൊരു വിധിയാണിത്…
അവൻ അവളെ ചേർത്തുപിടിച്ചു….
പൊട്ടിച്ചിരിക്കുന്ന വിധിയുടെ മേൽ കനത്ത പ്രഹരമേൽപ്പിച്ചു അവരുടെ സ്നേഹം….
ഒരിക്കലും വറ്റാത്ത സ്നേഹം ആ രാവിൽ നിറഞ്ഞൊഴുകി….
അവർക്കു മാത്രം അനുഭവവേദ്യമാകുന്ന സ്നേഹം….
പാലപ്പൂവുകൾ അവരുടെ മേലേയ്ക്ക് വീണു കൊണ്ടിരുന്നു… ആ സ്നേഹത്തിനു സുഗന്ധം ഏറെ നൽകിക്കൊണ്ട്…..

By ivayana