btfmdn

രചന : റഫീഖ് ചെറുവല്ലൂർ✍

അമ്മ രാവിലൂട്ടുമ്പോൾ
ദൂരങ്ങൾക്കകലെയെങ്ങോ
ചൂണ്ടിക്കാണിച്ചു തന്നതേ
അമ്പിളിമാമന്റെ നെഞ്ചിലും
ചികഞ്ഞെത്തിപ്പിടിച്ചു നാം!
ഇനി സൂര്യവെളിച്ചം തൊടാനായ്
ത്വര മൂത്തിറങ്ങുന്നു താമസം വിനാ.
ചൊവ്വയിലും ശുക്രനിലും
മനുഷ്യവാസമൊരുക്കുവാൻ,
അനന്യഗ്രങ്ങൾ തേടിയലയും.
ഹാ ! കഷ്ടമവനൊന്നേ,
അമ്പിളിമാമനെ ചൂണ്ടിയ
വിരൽ പിടിച്ചവൻ വളർന്നു വളർന്ന്,
ആകാശഗോളങ്ങളിലേക്കു
പറക്കവേ,
മറന്നു പോകുന്നഹോ സങ്കടം
അമ്മയുടെ സ്നേഹഗ്രഹങ്ങളിൽ തൊടാൻ.
വാസയോഗ്യമല്ലാതായിത്തീർന്നുവോ,
ഉത്കൃഷ്ടസൃഷ്ടിയാം മനുഷ്യ മാനസം?
കണ്ണീരു കാണാത്ത കണ്ണഹോ
കർമ്മനിരതരാവുന്നന്യ ഗ്രഹങ്ങളിൽ.
സ്വാർത്ഥലേശം തീണ്ടാത്തൊരിത്തിരി
സ്നേഹത്തിന്നുറവ തേടുവാൻ,
സ്വയമാത്മത്തിലേക്കെറിഞ്ഞു തൊടുക്കുവാൻ,
ഞാനുമൊരുക്കണമൊരു സ്നേഹയാനം.

By ivayana