രചന : കൃഷ്ണമോഹൻ കെ പി ✍

” തുമ്പപ്പൂവിൻ്റെ കണ്ണിലൂടെ”
സമീരണനും, സർവംസഹയും സായന്തനത്തിൽ ഒരു സരള വേദിയിൽ, സമ്മേളിച്ചു.
(സാഗരമൊളിപ്പിച്ചു വച്ച സംഗമ വേദിയായിരുന്നു, അത്).
സഹർഷം, പരസ്പരം പുഞ്ചിരിയേകിയ അവർ,
സ്വപ്ന സീമകളെ ഉമ്മ വച്ചുണർത്തുവാൻ, ഉള്ളിൽ വെമ്പൽ കൊണ്ടു.
സമയപുഷ്പം നിമിഷദലങ്ങൾ കൊഴിച്ചു, സംഗീതം നനുത്ത കുളിരുമായി അന്തരീക്ഷത്തിലൊഴുകി,
സകലരും ഉന്മാദഭരിതരാകുന്ന യാമം….
സംഭോഗശൃംഗാരത്തിൻ്റെ ലയതാളതരംഗങ്ങളുണരുന്ന യാമം,….
സമ്മോഹനമായ ആ യാമ നിമിഷങ്ങളിലൊന്നിൽ,
സമീരണൻ, സർവംസഹയെ പ്രാപിച്ചു സംതൃപ്തിയടഞ്ഞു.
സ്വപ്ന സാക്ഷാത്ക്കാരമായി ഒരു പൂവു വിരിഞ്ഞു,
സന്ധ്യാവേളയിൽ പിറന്ന ആ കുഞ്ഞുപൂവിനു നിറമേകാൻ,
സപ്തമാതാക്കളോ, സപ്തർഷികളോ, സ്വപ്നനിദ്രയിലാണ്ട പ്രകൃതിയോതുനിഞ്ഞില്ല.
സങ്കടഭരിതയായി, മൂകയായിക്കിടന്ന ആ പൈതൽ,…
അതെ അതവൾ തന്നെയാണ്, തുമ്പപ്പൂവ്.
സർവ്വസ്വരൂപനോട് അവൾ മൂകമായി പ്രാർത്ഥിച്ചു,
“സർവ്വേശ്വരാ’
എനിയ്ക്കെന്തിനീ പാഴ്ജന്മം,
സകലരും ആമോദത്തിരകളിലാറാടുമ്പോൾ,
ഞാനിതാ വിവശയായി കിടക്കുന്നു,
സകലകലാവല്ലഭനായ അങ്ങ്, ഈ പാഴ്മുളയെ, സമയം കളയാതെ വേഗം സ്വർഗ്ഗതല്പത്തിലേറ്റൂ”
സഞ്ചാര പ്രിയനായ നാരദമുനി, അതു കേട്ട് ശാരംഗപാണിയോടുണർത്തിച്ചു,
“സാരസ സംഭവൻ്റെ സൃഷ്ടികളിലൊന്നിതാ, സർവവും മറന്ന് അങ്ങയെ വിളിച്ചു കേഴുന്നു, പ്രഭോ”
സകലലോകാധിപൻ, അരുളിച്ചെയ്തു,
“സമാധാനിയ്ക്കൂ അവൾ വെറും പുഷ്പമല്ല, ഒരു നിമിത്തം മാത്രമാണ്, ഞാൻ മൂന്നടി മണ്ണു യാചിച്ചു ത്രിലോക മളക്കാൻ തുടങ്ങുന്ന അവസരത്തിൽ,
എൻ്റെ പാദമായി മാറും അവൾ, അതിനാണവൾ പാദരൂപത്തിൽ, വിരിഞ്ഞത്,…’
അവൾ ധവള നിറത്തിലുള്ളത്, സപ്തവർണ്ണങ്ങളും ഞാനവളിൽ ലയിപ്പിച്ചു ചേർത്തതിനാലാണ്, പിറവി മുതൽ തപസ്സനുഷ്ഠിയ്ക്കുന്ന അവളെ,തൃക്കാക്കരയപ്പനായി ഞാൻ ശിരസ്സിലേന്തും”
ഈ സംഭാഷണം ആത്മകർണ്ണങ്ങൾ കൊണ്ടു ശ്രവിച്ച ആ പുഷ്പം,
പാദാകൃതിയിൽ, എളിമയോടെ വസിച്ച്; തിരുവോണാഘോഷച്ചടങ്ങിൻ്റെ, മുഖ്യപുഷ്പമായി വിരാജിക്കുന്നു,

കൃഷ്ണമോഹൻ കെ പി

By ivayana