രചന : ബിനോയ് പുലക്കോഡ് ✍
നിന്നെ കാത്തിരിക്കുമ്പോൾ മാത്രം
ഭൂമിയിലെ സൂക്ഷ്മമായ
ചില കാഴ്ചകൾ കണ്ണിൽപെടാറുണ്ട്.
വറ്റിവരണ്ട തോടിന്റെ കരയ്ക്ക്
ഉണങ്ങാതെ നിൽക്കുന്ന
ഇഞ്ചിപ്പുല്ലിന്റെ വേരുകൾ
ഈർപ്പം തപ്പി പോകുന്ന ദിശയിലേക്ക്
നോക്കിയാൽ കാണുന്ന
ഒരിക്കലും വറ്റാത്ത കിണറിലെ
പരൽ മീനുകളുടെ വാലിനറ്റത്തെ
കറുത്ത പുള്ളികൾ
അങ്ങനെയാണ്
ഞാൻ കണ്ടെത്തിയത്.
പാറക്കല്ലുകൾ മേഘങ്ങളായി
രൂപാന്തരപെട്ട്
ആകാശത്തിന്റെ വിള്ളലുകളടയ്ക്കുന്നതും,
ചോർന്നുപോയ നക്ഷത്രങ്ങൾ
തിരിച്ചുപോകാൻ മടിച്ചു നിൽക്കുമ്പോൾ,
അവയെ റാഞ്ചാൻ വട്ടമിട്ടു പറക്കുന്ന
കഴുകന്റെ കാലിലെ രക്തക്കറയും
ശ്രദ്ധയിൽപെട്ടത് അപ്പോൾ തന്നെ.
മെലിഞ്ഞ പാതയുടെ അരികിലായുള്ള
വൈദ്യുതി കാലിനു മുകളിൽ
പകലായതറിയാതെ കത്തിനിൽക്കുന്ന
വഴിവിളക്കിനു ചുറ്റും പറന്നുകളിക്കുന്ന
ആയുസ്സ് തീരാറായൊരു നിശാശലഭത്തിന്റെ
ചിറകടികൾക്കിടയിലും
അനന്തതയിലേക്ക് വളരുന്നൊരു
ലോകത്തെ കാണിച്ചു തന്നതും
നിന്നെ പ്രതീക്ഷിച്ചിരിക്കുന്ന
ഈ നിമിഷങ്ങളിലാണ്.
ഇതുകൊണ്ടൊക്കെയാണ്
നിനക്കുവേണ്ടിയുള്ള കാത്തിരിപ്പുകൾ
ഞാനൊരുപാടിഷ്ടപ്പെടുന്നതും,
നീ വരുമ്പോൾ
നിന്നിലേക്ക് മാത്രമായി
ചുരുങ്ങിപോകുന്നതും.