രചന : ഐമിറ സനം ✍
ചത്ത പകലുകൾക്ക്
ചുംബനമിറ്റിച്ച
മനുഷ്യരോട്
ചാവ് പക്ഷി
കടപ്പെടുന്നത്
ഒരുവേള, അവളുടെ കൊലപാതകത്തിന്
ശേഷമായിരുന്നെന്നവളറിയുമ്പോൾ
ചത്ത നേരങ്ങൾക്ക് കാലം കറുപ്പ് മാറ്റി വച്ചത് പോലെ,
ജീവൻ വെടിഞ്ഞു പെണ്ണ് മലർന്ന് കിടക്കും.
കണ്ണീരിന്റെ വീർപ്പ്മുട്ടലിൽ
പ്രണയം പൂവിട്ടത് പോലെയവൾക്ക്
തെമ്മാടി കുഴിയൊരുക്കി കാലം കടമ തീർക്കും.
ശേഷിച്ച ശരീരത്തിൽ മണ്ണ്,
ചൂട് മാറ്റി ചാരം വച്ചത് പോലെ
അവളൊരു മരണമെഴുതി തീർക്കും.
കൊന്ന മനുഷ്യരെ നോക്കി ചിരിച്ചു കൊണ്ടൊരു
കാലം കടന്ന് പോകും.
കടലാസിന്റെ കണ്ണ് നിറയും
ഭൂമി കരഞ്ഞു തീർക്കും
മരണം സമ്പൂർണ്ണമാകും..
🖤😊