രചന : ശൈലേഷ് പട്ടാമ്പി ✍
ഇളംതവിട്ട് നിറമുള്ള ഷർട്ട് നീല കരയോടു കൂടിയ മുണ്ട് പ്രായം ഏകദേശം 50 കഴിഞ്ഞു കാണും
അയാൾ ഹാളിലേക്ക് കയറി വന്നു. മുഖത്ത് അൽപ്പം ഉറക്കക്ഷീണമുണ്ട്, പേര് കൃഷ്ണൻ പട്ടാമ്പിയിലുള്ള സ്നേഹതീരമെന്ന ശരണാലയത്തിന്റെ നോക്കി നടത്തിപ്പുകാരൻ.സ്നേഹവും കരുണയും ജീവവായു ആയി കരുതുന്നവൻ.
നിരന്നു കിടക്കുന്ന കട്ടിലിന്റെ ഇടയിലൂടെ ധൃതിയിൽ അയാൾ കടന്നു ചെന്നു .
“അമ്മമാരെ ഇന്ന് നമുക്ക് പുതിയൊരു ആളിനെ പരിചയപ്പെടാം”
കട്ടിലിരുന്ന പ്രായം ചെന്നവരും അല്ലാത്തവരുമായ
അമ്മമാർ ആകാംക്ഷയോടെ കാതോർത്തു, പരസ്പരമൊന്ന് മുഖത്തോട് മുഖം നോക്കി .
“അതെ ഈ സ്നേഹതീരത്തേക്ക് ഒരു അമ്മക്കിളികൂടി പറന്നെത്തിയിരിക്കുന്നു, ഭാനുമതി അമ്മേ വരു” .
അദ്ദേഹം ആദരപൂർവ്വം അവരെ വിളിച്ചു.
വെള്ളകസവ് സെറ്റ് സാരിയുടെ തുമ്പ് കൊണ്ട് തോളിലൂടെ മൂടിപ്പുതച്ച ഭാനുമതി അമ്മ തെല്ലു അമ്പരപ്പോടെ ഹാളിലേക്ക് കയറി വന്നു. യാത്ര ചെയ്ത ക്ഷീണം നന്നായി ആ മുഖത്തുണ്ട്, കൈയ്യിൽ ഒരു മുളസഞ്ചിയുമുണ്ട്.
എല്ലാവരും എഴുന്നേറ്റുനിന്നു അതിൽ നിന്ന് അറുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ അവരുടെ അടുത്തേക്ക് ഓടി അവരെ വാരി പുണർന്നു.
“ഭാനുമതി അമ്മ എവിടുന്നാ?”
സരസ്വതിയമ്മെ എന്തായിത് അവരു വന്നു കയറിയല്ലെ ഉള്ളു.
“അയ്യോ കൃഷ്ണേട്ടാ ഞാനത് മറന്നുട്ടോ കണ്ടപ്പോൾ ഞങ്ങൾക്ക് വല്ലാത്ത സന്തോഷം പുതിയൊരു അംഗത്തെ കിട്ടുകയല്ലെ “
“ഉം ഉം ശരി ശരി ഭാനുമതിയമ്മ വളാഞ്ചേരിക്കടുത്തുള്ള കോട്ടപ്പുറം എന്ന സ്ഥലത്തു നിന്നാ വരുന്നത്. ബാക്കി വിഷേശങ്ങൾ പതിയെ അറിയിക്കാം
എല്ലാരും കൂട്ടം കൂടി നിൽകാതെ പോയി ഇരിക്കു”
ഭാനുമതിയമ്മ അൽപ്പം അമ്പരപ്പോടെ ചുറ്റും നോക്കി, ഏവരും അവരവരരുടെ കട്ടിലിൽ സ്ഥാനമുറപ്പിച്ചുകൊണ്ട് ഭാനുമതിയമ്മയെ നോക്കി.
ഭാനുമതിയമ്മേ ഇതാണ് അമ്മയ്ക്കുള്ള കട്ടിൽ, ദേ അടുത്തു തന്നെ ചെറിയ അലമാറയുണ്ട് അതിൽ സാധനങ്ങൾ ഒക്കെ വെച്ചോളു, പിന്നെ ഈ ഹാളിന്റെ തെക്കേ അറ്റത്ത് കുളിമുറി ഒക്കെ ഉണ്ട്ട്ടോ മറ്റു കാര്യങ്ങളെല്ലാം ഓഫീസിൽ നിന്ന് സംസാരിച്ചതാണല്ലോ, ശരിട്ടോ വരാം കുറച്ച് തിരക്കുണ്ട് “
അയാൾ പുറത്തേക്കു നടന്നു.കൈയ്യിലെ
സഞ്ചി കട്ടിലിൽ വെച്ച് അൽപ്പനേരം മൗനമായ് കട്ടിലിൽ സ്ഥാനമുറപ്പിച്ചു.
കുറച്ചു കഴിഞ്ഞ് ഭാനുമതിയമ്മ തന്റെ സഞ്ചിയിൽ നിന്ന് സാധനങ്ങൾ അലമാറയിൽ അടുക്കി വെക്കാൻ തുടങ്ങി.
“ഭാനുമോളെ “
അൽപ്പം ഇടറിയ ശബ്ദത്തിൽ ആരോ വിളിച്ചു. അവർ തിരിഞ്ഞു നോക്കി.
കണ്ടാൽ 85 വയസ്സ് തോന്നിക്കുന്ന അമ്മ കട്ടിലിന്റെ അരികിൽ പിടിച്ച് അവരുടെ അടുത്തേക്ക് വരുന്നു.ഭാനുമതിയമ്മ വേഗം സാധനങ്ങൾ അവിടെ വെച്ചുകൊണ്ട് അവരെ പിടിച്ചു കട്ടിലിൽ ഇരുത്തി.
“മോളെ എന്താ ഒന്നും മിണ്ടാത്തെന? സങ്കടമൊന്നും വേണ്ടട്ടോ, നമ്മുടെ വീട് തന്നെ ഇത്.വീട്ടിലുള്ളവരേക്കാൾ സ്നേഹിക്കാനറിയുന്നവർ”
ആ വൃദ്ധ മാതാവിന്റെ കണ്ണുകൾ നിറഞ്ഞു.
“അമ്മേ, എന്താ അമ്മയുടെ പേര്?”
“കല്യാണി, ഞാൻ ഒറ്റപ്പാലത്തിന്നാ കുട്ടിയേ “
അവർ പറഞ്ഞു. കല്യാണിയമ്മ തുടർന്നു.
അല്ല മോളെ മക്കളൊക്കെ? ഹാ! ഉള്ളതും ഇല്ലാത്തതും കണക്കായിരിക്കും അല്ലേ?
ഭാനുമതിയമ്മ സഞ്ചിയിൽ നിന്ന് കടലാസിൽ പൊതിഞ്ഞ എന്തോ ഒന്നു എടുത്തു അതിലെ കടലാസ് പതിയെ തുറന്നു.
കല്യാണിയമ്മ ആകാംക്ഷയോടെ നോക്കി, മറ്റുള്ളവരും അടുത്തുകൂടി നിന്നു.
അതിൽ നിന്ന് ഫോട്ടോ പുറത്തെടുത്ത് കല്യാണിയമ്മയുടെ നേരെ നീട്ടി.
”എന്താത് കുട്ടിയെ ” ?
അവർ ആ ഫോട്ടോ വാങ്ങി നോക്കി .
“ആരാ ഇത് നല്ല ഐശ്വര്യമുള്ള മുഖം
മോനായിരിക്കും അല്ലേ?”കല്യാണിയമ്മ ചോദിച്ചു.
“അതെ ,മകനാണ് പേര് ശ്രീരാജ് .ഒരേ ഒരു മകൻ.
“ഉം അതാണ് അമ്മമാരുടെ മനസ്സ് അവർക്ക് നമ്മളെ വേണ്ടെങ്കിലും നമുക്ക് തള്ളികളയാനാവില്ലല്ലോ, അല്ല മോളെ ഒറ്റയ്ക്കാണോ വന്നത് അതോ മകൻ കൊണ്ടുവിട്ടു കാണും ല്ലേ ?”
“അത് ‘… മോൻ മരിച്ചു 8 മാസം മുന്നേ.”
ഭാനുമതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു,
കണ്ണീർ തുടച്ചു കൊണ്ട് അവർ തുടർന്നു.
മോന്റെ ചെറുപ്പത്തിൽ തന്നെ അവന്റെ അച്ഛൻ മരിച്ചിരുന്നു ,ക്യാൻസർ ആയിരുന്നു. പിന്നീട് 20 വർഷത്തോളം ഞാൻ അവനെ വളർത്തി അടുത്തുള്ള സ്കൂളിലെ മലയാളം അധ്യാപികയായി തുടർന്നു പിന്നീട് സർവീസിൽ നിന്ന് കഴിഞ്ഞ കൊല്ലം പിരിഞ്ഞു. വയ്യാതായി ഡോക്റ്ററെ കാണിച്ചപ്പോൾ കരളിന് മാരകമായ അസുഖം ഉണ്ടെന്ന് കണ്ടെത്തി.കരൾ മാറ്റി വയ്ക്കുകയേ വഴിയുള്ളു എന്ന് ഡോക്റ്റർ പറഞ്ഞു. അതിനുവേണ്ടിയുള്ള രാപകലില്ലാത്ത ഓട്ടത്തിലായിരുന്നു ശ്രീ എന്റെ മോൻ .
അവന് ഇൻഷൂറൻസ് കമ്പനിയിലായിരുന്നു ജോലി ചെറിയ ശംബളവും ഞാൻ പ്രൈവറ്റ് സ്കൂളിലെ അദ്ധ്യാപികയും ആയിരുന്നതിനാൽ
വരുമാനമാർഗം ഇല്ലായിരുന്നു. മോന്റെ ശംബളമായിരുന്നു ഏക ആശ്രയം.
അവന് എന്റെ കാര്യം ഓർത്ത് തീരാ ദു:ഖമായിരുന്നു. ചെറിയ വീടും 5 സെന്റ് സ്ഥലവും ഒരു കാരണവശാലും വിൽക്കരുതെന്ന് അവന് വാശിയായിരുന്നു.അങ്ങനെ ഒരു ദിവസം അവൻ പതിവിലും വൈകിയാണ് ജോലിക്കിറങ്ങിയത്.”
“എന്റെ ഭാനു അമ്മ വിഷമിക്കണ്ടട്ടോ
ഹൈ ഒന്ന് ചിരിക്ക് മദറെ “
എന്നും പറഞ്ഞ് ഒരു മുത്തവും നൽകി ബൈക്കിൽ പോയതാ പോകുന്ന വഴിക്ക്
ആക്സിഡന്റിൽ അവൻ ഗുരുതരമായി
പരിക്കേറ്റ് കോമയിലായി.അങ്ങനെ എന്റെ അമ്മാവന്റെ നാക്കിൽ നിന്നാണ് ഞാനാ കാര്യം അറിയുന്നത് .അവയവദാനത്തിന് അവൻ സമ്മതം നൽകിയ പേപ്പർ എന്നെ കാണാച്ചു. ഒരേ രക്ത ഗ്രൂപ്പുകളും മറ്റു കുഴപ്പമൊന്നുമില്ലാത്തതിനാലും അവന്റെ കരൾ തന്നെ സ്വീകരിക്കാമെന്ന് ഡോക്റ്റർ പറഞ്ഞു.എങ്ങനെ ഞാൻ? അവന്റെ ജീവൻ നഷ്ട്ടപ്പെടുത്തിക്കൊണ്ട് “.
ഭാനുമതിയമ്മ വിതുമ്പി കൊണ്ട് .
ഡോക്റ്റർമാർ കൈ ഒഴിഞ്ഞു എങ്ങനെയാ ഞാൻ അവന്റെ കരൾ സ്വീകരിക്കുക വേണ്ടെന്ന് പലപ്രാവശ്യം പറഞ്ഞു പക്ഷേ അമ്മാവൻ സമ്മതിച്ചില്ല.
“വല്ലതും പറ്റിയാൽ ആരുനോക്കാനാ എന്നായിരുന്നു മറുപടി “
എന്റെ ജീവൻ ഭദ്രമാക്കിക്കൊണ്ട് ഒടുവിൽ അവൻ യാത്രയായി.6 മാസം ഞാനവിടെ തനിച്ച് രണ്ട് മാസമൊക്കെ അമ്മാവനും ഭാര്യയും നിന്നു പിന്നെ ഒക്കെ ഭാരമായി തോന്നിക്കാണും പോയി അവർ .
പിന്നെ തനിച്ച് അവന്റെ ഓർമ്മകൾ എന്നെ ഒരു ഭ്രാന്തിയാക്കും എന്ന നിലയായപ്പോൾ ഞാൻ ഒരു തീരുമാനമെടുത്തു.
എന്റെ മോന് കുട്ടികളെ വലിയ ഇഷ്ട്ടമാ ഞാൻ ആ വീടും സ്ഥലവും ഓർഫനേജിനു വേണ്ടി എഴുതി നൽകിക്കൊണ്ട് വീടുവിട്ടു ഇറങ്ങി.
അവൻ എന്നെ തനിച്ചാക്കിയില്ല കല്യാണിയമ്മേ. എന്റെ ഉള്ളിൽ നിന്നും അവൻ പറയുന്നുണ്ട് ..
“ഭാനു അമ്മേ മോനില്ലെ കൂടെ ” എന്ന്
ആ നിശബ്ദമായ അന്തരീക്ഷത്തിൽ ഒരു മാതാവിന്റെ വിങ്ങൽ അലയടിച്ചു കൊണ്ടിരുന്നു.