രചന : കല ഭാസ്‌കർ ✍

പ്രണയം
ചിലപ്പോഴൊക്കെയൊരു
തീജ്വാലയാണ്.
അപൂർവ്വം ചിലരെയൊക്കെ
അതൊരു ജ്വലിക്കുന്ന ആകാശ ഗോളമാക്കും.
തുടക്കമെവിടെയാണ്
ഒടുക്കമെവിടെയാണ്
എന്നറിയാത്ത ആ
അകലക്കാഴ്ച്ചയിൽ
പ്രാണൻ പ്രണയത്താൽ
ചുട്ടുപഴുത്ത്
അവരൊരേകാന്ത
ഭ്രമണപഥത്തിൽ നിങ്ങളെ ചുറ്റിക്കൊണ്ടിരിക്കുന്ന
നക്ഷത്രമാണെന്ന്
വെറുതെ തോന്നിപ്പിക്കും.
അടുത്തെങ്ങുമെത്താനാവാത്ത
തെളിമയും പൊലിമയും
കണ്ട് ഭ്രമിച്ച് പലരും ,
എന്റെ പ്രണയമേ …സൂര്യനേ …
എന്ന് അതിനു ചുറ്റും നിലം തൊടാതലയും.
എന്നാലും ,
ആരുമതിന്റെ തീഷ്ണതയെ
അധികനേരം നേരിടുകയില്ല.
കപടമായൊരു ഇരുട്ടിന്റെ
കൂട്ടില്ലാതെ,
രാത്രി നിഴലിക്കുന്നൊരു
ചില്ലു കണ്ണാടിയില്ലാതെ
കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുകയുമില്ല.
എന്നാലോ വിട്ടു പോകാനാവാത്ത
വിധമൊരാകാർഷണത്തിൽ
ബന്ധിക്കപ്പെട്ട് , ഒരിക്കലും
ഭേദിക്കാനാവാത്തൊരു
ഭ്രമണ പഥത്തിനു ചുറ്റുമായി
കാലൊച്ചകൾ വീഴാത്ത
വഴികളുണ്ടാക്കി അവർ
വട്ടം വട്ടം നൃത്തം വയ്ക്കുന്ന
സൂഫികളാവും.
ചിലരതിന്റെ നട്ടുച്ചയിൽ
ഇറങ്ങി നിന്ന് പൊള്ളിക്കരിഞ്ഞേക്കും.
ചിലർക്ക് അസ്തമയത്തോടെ
ഇനിയൊരിക്കലും ഒരു ഉദയം
വീണ്ടെടുക്കാനാവാത്ത വണ്ണം
കാഴ്ച നഷ്ടപ്പെട്ടേക്കും.
ചിലർക്കതിന്റെ പോക്കുവെ –
യിലോർമ്മയാവും
ജീവിതത്തിന്റെ ആകെത്തുക ;
ഒടുക്കം വരെയും ഒപ്പമുണ്ടാകുന്ന
ഉള്ളു പൊള്ളിക്കുന്നൊരു തണലോർമ്മ.
ചിലരാകട്ടെ ,
പ്രണയത്തിനപ്പാടെ
കീഴ്പ്പെട്ട് കഴിഞ്ഞാൽ
ആകെ മൊത്തമൊരു
ഭൂമിയാവും.
തീ കോരിത്തൂവുന്ന
പ്രണയത്തിനവൾ
തളിർക്കൈക്കുടന്ന നിറയെ
പൂമൊട്ടുകൾ നീട്ടും.
ചൂടേറ്റ് വിരിയുന്ന നിറങ്ങളെല്ലാം
പൂക്കളായ് ചിരിക്കും;
പൂത്തുമ്പിയായ് പാറും.
കരിഞ്ഞു പോയതിന്റെയെല്ലാം ചാരം
വാരിക്കൂട്ടി അവൾ കിനാവുകളുടെ
വിത്തുപാകും.
പൊള്ളലുകളൂതിയാറ്റിക്കടന്നുപോകും
അവളുടെ ദീർഘനിശ്വാസങ്ങൾ.
മൗനത്തിന്റെ കനത്ത മേഘങ്ങളിൽ നിന്ന്
മാനത്ത് , കണ്ണീരുതിരും മുമ്പെ മഴവില്ലഴകുള്ളൊരു പട്ടുതൂവാല
അവൾക്കായൊരുങ്ങും.
പ്രണയാഗ്നിയുടെ പലതരം
വേവു പാകങ്ങളെ അവൾ
ഋതുക്കളെന്നു വിളിക്കും.
പൊള്ളലറിയാത്ത മട്ടിൽ
കള്ളച്ചിരിയുടെ പൂക്കാലങ്ങൾ !
അകലമൊട്ടുമറിയാത്ത മട്ട്,
ഉടൽ തൊടുമാ തീ വിരൽച്ചൂടിൽ
വെന്തു പോകുന്ന ഉഷ്ണകാലങ്ങൾ !
വിരഹം കനത്തു കനത്ത്
കണ്ണു തോരാതെ പെയ്ത്
ഉള്ള് നിറയ്ക്കുന്ന മഴക്കാലങ്ങൾ !
എല്ലാ വികാരവിചാരങ്ങളുമഴിഞ്ഞ്
സ്നേഹവും വെറുപ്പും മറന്ന്
പ്രണയത്തെയും മറന്ന്
അവളുറഞ്ഞു പോകുന്ന
ധ്യാന ശിശിരങ്ങൾ !
ആത്മരതിയുടെ അച്ചുതണ്ടിൽ നിന്ന്
അവൾ പ്രണയത്തിന് നേരെ നോക്കുകയും
മുഖം തിരിക്കുകയും ചെയ്യും .
അവൾക്ക് മാത്രമായി
രാത്രിയും പകലും ഉണ്ടാകും.
ഉദയവും അസ്തമയവും
ഒരേ തുടിപ്പോടെ അവളെ കടന്നുപോകും.
അവൾ ഭൂമി !
തിളക്കുന്ന കടലുകൾക്കും
പൊരിയുന്ന മണൽക്കാടുകൾക്കും
മേലെ മഞ്ഞു തൊപ്പിയുള്ള പച്ചച്ച
കുട നീർത്തിപ്പിടിക്കുന്നവൾ ….. .
നരച്ചും നീറിയും തണുത്തും ചുരുണ്ടും
തന്നെ ചുറ്റുന്നവർക്കിടയിൽ
തളർന്നൊതുങ്ങി നിൽക്കാത്തവൾ ….
എന്ന് പ്രണയം പോലുമമ്പരക്കും.
നിന്നിൽ നിന്നടർന്ന ശേഷം
നിന്നെ മറക്കുകയും
വഴിമാറുകയും ചെയ്തെങ്കിലും
ഉള്ളിനുള്ളിൽ ഇന്നും
ഉറയാതുരുകുന്നുണ്ട്
നിന്റേതു മാത്രമായൊരു
ചിരിയുടെ ലാവക്കടൽ.
ഉദയാസ്തമയങ്ങളില്ലാതെ
അതിന്റെ ഉൾവേവുകളിൽ
നീ സദാ ഉണർന്നിരിക്കുന്നുണ്ട്
എന്ന് മറുകുറി പറയാതെ
ഭൂമി അതിന്റെ പ്രയാണം
നിശബ്ദം തുടരും.

കല ഭാസ്‌കർ

By ivayana