വീട്ടിൽനിന്ന് ഒരുപാട് ദൂരെയാണ്
ചെറുവരമ്പത്തുകാവ് എന്ന സ്ഥലം.

തൃശൂർ ജില്ലയിലെ മനോഹരമായ ഒട്ടനവധി അമ്പലങ്ങളിൽ ഒന്നായ ചെറുവരമ്പത്തുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഇപ്പോഴും മറക്കാനാകാതെ മനസ്സിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.

അല്ലെങ്കിലും എങ്ങനെയാണ് ഞാൻ ആ പൂരം മറക്കുക?
അച്ഛമ്മയുടെ കയ്യുംപിടിച്ച് പൂരപ്പറമ്പിലങ്ങനെ…..

അച്ഛമ്മ അങ്ങനെയായിരുന്നു.
പുരുഷനെ മറികടക്കുന്ന ധൈര്യവും
ഒന്നും അസാധ്യമല്ലെന്ന ആത്മവിശ്വാസവും അച്ഛമ്മയെ മറ്റുള്ളവരിൽനിന്ന് എപ്പോഴും വേറിട്ട് നിർത്തിയിരുന്നു.

തൊട്ടടുത്ത ഗ്രാമങ്ങളിലുള്ള ഉത്സവങ്ങൾ കാണാൻപോകുകയെന്നത് അച്ഛമ്മയുടെ വിനോദങ്ങളിൽ ഒന്നായിരുന്നു.

അന്നൊക്കെ പൂരത്തിന് പോകുമ്പോൾ
എന്നെയും കൊണ്ടുപോകാൻ അച്ഛമ്മയ്ക്ക്
നല്ല സന്തോഷമായിരുന്നു.

ധൈര്യമുണ്ടെങ്കിലും താനൊരു പെണ്ണാണെന്ന് ഉള്ളിൽ തോന്നലുള്ളതുകൊണ്ട് ഒരു ബലത്തിന് വേണ്ടി കൊണ്ടുപോകുന്നതായിരിക്കാം ചിലപ്പോൾ എന്നെയും.

എന്തായാലും
അച്ഛമ്മ ഓരോ ഉത്സവപ്പറമ്പുകളിലും നടക്കുമ്പോൾ
ബോബനും മോളിയും കഥയിലെ പട്ടിക്കുട്ടിപോലെ അച്ചമ്മയ്‌ക്കൊപ്പം എപ്പോഴും ഞാനുണ്ടായിരുന്നു.
പൂരംകഴിഞ്ഞ് പിറ്റേന്നാണ് പിന്നെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങാറും.

ഓരോവർഷങ്ങളിലും തുടർച്ചയായുള്ള പൂരയാത്രകൾക്കിടെ പോകുന്നിടത്തെല്ലാം ക്ഷേത്രത്തിനടുത്തുള്ള ഏതെങ്കിലുമൊരു വീട്ടുകാരുമായി പരസ്പരം അകലാൻപറ്റാത്തതും, മറക്കാൻപറ്റാത്തതുമായവിധത്തിലുള്ള നല്ലൊരു ബന്ധം സ്ഥാപിക്കുമായിരുന്നു അച്ഛമ്മ.
പിറ്റേക്കൊല്ലം പൂരത്തിന് ചെല്ലുമ്പോൾ അച്ഛമ്മയെ ആ വീട്ടുകാർ സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്യും.

(ഞാൻ ഒരുപാട് വളർന്നതിനുശേഷമാണ് അച്ഛമ്മയുടെ ബുദ്ധി ശരിക്കും എനിക്ക് ബോധ്യമായത്.
ഒരിക്കൽ അച്ഛമ്മ ആ രഹസ്യം എന്നോട് പറയുകയുംചെയ്തു.

“മോനേ മണീ…
ഏതെങ്കിലും ഒരു വീട്ടുകാരുമായി അത്തരം ഒരു ബന്ധം സൃഷ്ടിച്ചാലല്ലേ പകൽപ്പൂരം കഴിഞ്ഞ് നമുക്ക്
രാത്രി ഭയമില്ലാതെ അന്തിയുറങ്ങാൻ പറ്റൂ.”

(അച്ഛമ്മയുടെ കാഞ്ഞ ബുദ്ധി.
ഹൗ..ബല്ലാത്ത ജാതിതന്നെ 😂😂)

വീട്ടിൽ കൃഷിയില്ലെങ്കിലും
അച്ഛമ്മ രാത്രി കിടന്നുറങ്ങുന്നത് നീളംകുറഞ്ഞ
ചെറിയ രണ്ടറകളുള്ള ഒരു കുഞ്ഞു മരപ്പെട്ടിയുടെ മുകളിലാണ്.
അന്നൊരിക്കൽ രാത്രി അച്ഛമ്മ എന്നോട് പറഞ്ഞു.

“നാളെ ചെറുവരമ്പത്തുകാവ് പൂരമാണ്.
നമുക്ക് പോണം ട്ടോ.”

ഞാൻ സന്തോഷംകൊണ്ട് തുള്ളിച്ചാടി.
അച്ഛമ്മയോടൊപ്പം പോകുമ്പോൾ
പൂരവും കാണാം,
പോകുമ്പോഴും വരുമ്പോഴും
ഏതെങ്കിലുമൊരു ചായക്കടയിൽനിന്ന് എന്തെങ്കിലും അച്ഛമ്മ വാങ്ങിത്തരികയും ചെയ്യുന്നത് തിന്നുകയുംചെയ്യാം.

പിറ്റേന്ന്, അച്ഛമ്മ എന്നെയുംകൂട്ടി യാത്രയായി.
വീടിനരുകിലുള്ള കടവ് കടന്ന് അല്പം നടന്നാലേ ചെറുവരമ്പത്ത് കാവിലേക്കുള്ള ബസ്സ്‌ കിട്ടൂ.
കടവുംകടന്ന് അല്പദൂരം നടന്നശേഷം അടുത്തുകണ്ട ഒരു ചായക്കടയിലേക്ക്
അച്ഛമ്മ എന്നെയുംകൊണ്ട് കയറി.
പിന്നെ കടക്കാരനോട് പറഞ്ഞു.

“മോനേ.. ഒരു പാലുംവെള്ളവും ഒരു മധുരമിടാത്ത കട്ടൻചായയും രണ്ട് പരിപ്പുവടയും താ”

ഞാൻ അത്ഭുതപ്പെട്ടു.
ഈ അച്ഛമ്മയ്ക്ക് ഇതെന്തുപറ്റി.?
സാധാരണ മധുരം കൂടുതൽ ഉപയോഗിക്കുന്ന ആളാണല്ലോ.
ഞാൻ അച്ഛമ്മയോട് അത് ചോദിക്കുകയും ചെയ്തു.
അപ്പോൾ അച്ഛമ്മ പറഞ്ഞു.

“മധുരമിടാത്ത ചായക്ക് പൈസ കുറവാണ്.”

(എന്റെ കണ്ണ് തള്ളി.
ന്റെ പൊന്നോ..
ഇങ്ങിനെയുമുണ്ടോ ഒരു പിശുക്ക് 😂😂😂😂)

കടക്കാരൻ കൊണ്ടുവന്ന പാലുംവെള്ളം ഞാൻ വേഗത്തിൽ കുടിക്കുമ്പോൾ
അച്ഛമ്മയിൽനിന്ന് ഒരു ശബ്ദം.

ഞാൻ അച്ഛമ്മയെ നോക്കി.
ചൂടുള്ള കട്ടൻചായ കുടിക്കുമ്പോൾ അച്ഛമ്മയുടെ കൈ വിറക്കുന്നതും ചില്ലുഗ്ലാസിൽ തുടരെതുടരെ പല്ല്മുട്ടിച്ച് വിറപ്പിച്ച് അച്ഛമ്മ ഒച്ചയുണ്ടാക്കുന്നതും ഞാൻ കണ്ടു.
കടക്കാരൻ അച്ഛമ്മയെ ദയാപൂർവ്വം നോക്കുന്നുണ്ടായിരുന്നു.
ഞാൻ പേടിയോടെ അച്ഛമ്മയുടെ കയ്യിൽ തൊട്ടുകൊണ്ട് ചോദിച്ചു.

“അച്ചമ്മേ… എന്തുപറ്റി… “
എന്റെ ഭയം കണ്ട് അച്ഛമ്മ പതിയേ എന്റെ ചെവിയിൽ പറഞ്ഞു.

“പേടിക്കണ്ട. അച്ഛമ്മയ്ക്ക് ഒന്നുമില്ല.
ഇങ്ങിനെ ഞാൻ കാണിച്ചാൽ
പാവം വയസായ ആളല്ലേ, പൈസ വാങ്ങേണ്ട എന്ന് കടക്കാരന് തോന്നും.
അതിനാണ് അച്ഛമ്മ ഇങ്ങനെ ചെയ്തത്.
നീ മിണ്ടാതെ ഇരുന്നാൽമതി.”

(എന്റെ അത്തിപ്പാറമ്മച്ചീ…
ഇമ്മാതിരി ഒരു ഐറ്റം വേറെ എവിടെയുണ്ടാകും.? 😂😂😂
എന്തായാലും അച്ഛമ്മ പൈസ കൊടുക്കാതെത്തന്നെ അവിടുന്ന് ഊരിപ്പോന്നു
😂😂😂😂😂)

അല്പനേരം കഴിഞ്ഞപ്പോഴേക്കും ബസ്സ്‌ എത്തി.
ബസിൽ കയറിയപ്പോൾ സീറ്റ് ഉണ്ടായിട്ടും അച്ഛമ്മ പത്തുപതിനൊന്ന് വയസുള്ള എന്നെ
മടിയിലാണ് ഇരുത്തിയത്.
താഴെ ഇരിക്കാൻ ഞാൻ തിടുക്കം കാണിച്ചപ്പോൾ അച്ഛമ്മ ദേഷ്യം പിടിച്ചുകൊണ്ട് എന്നെ മടിയിൽതന്നെ പിടിച്ചിരുത്തി.

“ടിക്കറ്റ് ടിക്കറ്റ്… “
കണ്ടക്ടറുടെ ശബ്ദം.

‘ഒരു ചെറുവരമ്പത്തുകാവ്’
പൈസ നീട്ടാതെത്തന്നെ
അച്ഛമ്മ കണ്ടക്ടറോട് പറഞ്ഞു.

“ഒരാളോ.? നിങ്ങൾ രണ്ടുപേരില്ലേ.? “
കണ്ടക്ടർ മുഖം ചുളിച്ചു.

“മടിയിൽ ഇരിക്കുന്ന കുട്ടിയുടെ പൈസവാങ്ങാൻ
പാടില്ല. അതുകൊണ്ട് ഞാൻ കുട്ടിയുടെ പൈസ തരില്ല.😂😂😂😂😂😂😂😂😂😂.”
കണ്ടക്ടർക്കുനേരെ അച്ഛമ്മയുടെ നിയമയുദ്ധം.
(ഹൂ…. നമിച്ചുപോയി എന്റെ അച്ഛമ്മോ)

കണ്ടക്ടർ വിടാൻ ഭാവമില്ലെന്ന് മനസിലാക്കിയ അച്ഛമ്മ സംസാരം ഉറക്കെയാക്കി.
ഒടുവിൽ കണ്ടക്ടർ സഹികെട്ട് പറഞ്ഞു.

“ശരി, വർത്തമാനം വിട്ടേക്കൂ. ആളുകൾ കേൾക്കുന്നു. ഞാൻ നിർത്തി.
കുട്ടിയുടെ പൈസ വേണ്ട.
നിങ്ങളുടെമാത്രം പൈസ തന്നോളൂ.”

നേക്കു പക്കുടുതു നെവര സീക്കാര ബൊമ്മുക്കൊലു..!!!!!!!!!!
ദൃഡങ്കപുളകിതയല്ലാത്ത അച്ഛമ്മയുടെ
അന്തരാത്മാവിന്റെ ആഴപ്പരപ്പിൽനിന്ന്
തന്റെ വിശ്വരൂപം പുറത്തുചാടി.

“പ്ഫാ എരണം കെട്ടവനേ…
പത്ത് തൊണ്ണൂറ് വയസുള്ള,
ചാവാറായ ഒരു തള്ളയോട് പൈസ ചോദിക്കാൻ നിനക്ക് നാണമില്ലേടാ..”?

പിന്നെയങ്ങോട്ട് ബസിൽ ഉയർന്നുകേട്ടത് ചെറുവരമ്പത്തുകാവിൽ കേൾക്കുന്ന വെടിക്കെട്ടിനെക്കാൾ കടുപ്പമുള്ളവയായിരിരുന്നു.
ഇതിനിടയിൽ,
തടികിട്ടിയാൽ ഇരന്നുതിന്നാം എന്ന് ചിന്തിച്ചപോലെ കണ്ടക്ടർ വാലുംചുരുട്ടി പിൻഭാഗത്തേക്ക്‌ ഓടുന്നതും ഞാൻ കണ്ടു. 😂😂

By ivayana