രചന : ഗഫൂർ കൊടിഞ്ഞി. ✍
ടീച്ചറോടല്ല;
നിഷ്കളങ്കരായ
എൻ്റെ സഹപാടികളോടുമല്ല
ഉമ്മയുടെ ഗർഭപാത്രത്തോടാണ്
ഞാൻ പ്രതിഷേധിക്കുന്നത്.
എന്തിനാണ് ഫാസിസത്തിൻ്റെ
ഈ ഊഷരഭൂമിയിൽ
നീയെൻ്റെ വിത്ത് മുളപ്പിച്ചത്?
നീയെന്തിനാണ് ദൈവമേ
ആ മുസ്ലിം പൊക്കിൾകൊടിയോട്
എന്നെ ചേർത്ത് കെട്ടിയത് ?
മുന്നറിവുകളെല്ലാം നിനക്കാണല്ലോ.
ത്രികാലജ്ഞാനവും നിനക്കുണ്ടല്ലോ
എല്ലാം നീ മുൻകൂട്ടി തീരുമാനിച്ചതാണല്ലോ.
എന്നിട്ടും എന്തിന്
ഈ ജയിലറയിലേക്ക്
എന്നെ തുറന്നു വിട്ടു.
വന്യജീവികൾ രാപ്പാർക്കുന്ന
ഈ വേതാള വിപിനത്തിലേക്ക്
എന്നെയെന്തിന് കയറഴിച്ച് വിട്ടു ?
എനിക്കാരോടും പ്രതിഷേധമില്ല.
ഉള്ളത് എൻ്റെ ഭ്രൂണം മുളപ്പിച്ച
പൊക്കിൾകൊടിയഴിച്ചു വിട്ട
ഗർഭപാത്രത്തോട് മാത്രം.