രചന : കൃഷ്ണമോഹൻ കെ പി ✍
ചൈതന്യമുൾക്കൊണ്ടുണരും പ്രഭാതത്തിൻ
സംഗീതം ചിത്തത്തിൽ ആഗതമായ്
കണ്ട കിനാക്കളും, കാണാക്കിനാക്കളും
പൊൻ ചിറകേറിപ്പറന്നകന്നൂ
പൊൻവെയിലാടയിൽ സുന്ദരിയായിതാ
പൊന്നമ്മ ഭുമി തുടിച്ചു നില്പൂ
പഞ്ചേന്ദ്രിയങ്ങളും പാണിനീ വാദത്തിൻ
പൊൻനാദം കേട്ടു തരിച്ചിടുന്നൂ
വാചാമഗോചരമാമീ പ്രപഞ്ചത്തിൻ
വാരാന്നിധിയിലമർന്ന സൂര്യൻ
വർദ്ധിത വീര്യത്തോടങ്ങനെ വന്നെത്തി
വാജീരഥമേറി പൂർവ ദേശേ
ഓണത്തിന്നുത്സവ നാളുകളിൽ അർക്കൻ
ഓർമ്മിച്ചിടുന്നൂ മഹാബലിയെ
ഓർക്കാതിരിയ്ക്കുവാൻ ആഗ്രഹിക്കിന്നിൻ്റെ
ഓക്കാനമേറും നിമിഷങ്ങളെ
ഉല്പതിഷ്ണുക്കൾ തൻ ശ്വാസനിശ്വാസങ്ങൾ
ഉർവിയിൽ ആശ തൻ പൊൻ വിളക്കിൻ
ഊർജ്ജമായ് നാളം ജ്വലിപ്പിച്ചു നിർത്തുമ്പോൾ
ഊഹങ്ങളെല്ലാം മനസ്സിൻ്റെ കോണിലായ്
ഊർദ്ധ്വൻവലിയ്ക്കട്ടെ, സോദരരേ,…
ആദരപൂർവമീ ആഘോഷയാമങ്ങൾ
ആനയിപ്പിപ്പൂ മനസ്തടത്തിൽ
ആലോല വാസന്തമേഘാവലികളെ
ആസ്വദിക്കാം നമുക്കൊത്തുചേരാം
കർക്കിടകത്തിൻ വെയിലിൽക്കരിഞ്ഞു പോയ്
കാലവർഷത്തിൻ്റെ രോമഹർഷം
കാത്തിരുന്നീടിന ഓണത്തിൻ നാളുകൾ
കാമ്യമായ്ത്തീരട്ടെ, ഭാവുകങ്ങൾ🌹