രചന : സഫി അലി താഹ✍

പൂർണ്ണമായി ഭംഗിയാക്കാൻ ശ്രമിച്ച് ജന്മമെടുപ്പിച്ച ആ ചിരിയുടെ കോണുകൾ വക്രിച്ചിരിക്കും. പ്രവർത്തികളും സംസാരവുമൊക്കെ സന്തോഷമുളവാക്കുന്നതായിരിക്കും.
അവർക്ക് ദുഖവും സങ്കടവും ഒന്നുമില്ലല്ലോ എന്നോർത്ത് മറ്റുള്ളവർ ആശ്ചര്യപ്പെടും, സന്തോഷിക്കും.എന്നാൽ കഥ മറ്റൊന്നാണ്, താൻ കാരണം ആരും വിഷമിക്കരുത് എന്ന് ചിന്തിച്ച് അവർ അവരെ ഒരു പുഞ്ചിരിയിൽ കെട്ടിയിടുന്നതാണ്. അവരെ ആഴത്തിൽ അറിയുന്ന മനുഷ്യർക്ക് മാത്രം ആ കോണുകളുടെ വ്യത്യാസം അളന്നെടുക്കാൻ കഴിയും. അവർക്ക് മാത്രമാകും പൊള്ളുന്ന ചിന്തകളിൽ ഒരു മഴത്തുള്ളിയെങ്കിലുമാകാൻ കഴിയുന്നതും.
താൻ അനുഭവിക്കുന്ന വേദനകളും നിരാശകളും സങ്കടങ്ങളും ആരിലേക്കും പങ്കുവെയ്ക്കാൻ കഴിയാതെ അവർ ദീർഘനിശ്വാസം പൊഴിക്കും. പങ്കുവെച്ചാലും അത് കേൾക്കുന്ന മനുഷ്യർ അതെങ്ങനെ കൈകാര്യം ചെയ്യുമെന്നോർത്ത് അവർ മൗനം പാലിക്കും. എന്നാൽ അതേറ്റവും കൂടുതൽ മനസ്സിലാകുന്ന ഒരേയൊരാൾ ആ നേരങ്ങളിൽ തിരക്കിലാകും.കൂടെയുണ്ട്,
നിന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്, എന്ന് പറഞ്ഞ് കുറച്ച് നേരം മാറ്റിവെക്കാൻ കഴിയുന്നതിനേക്കാൾ ഒരു സമ്മാനവും അവർക്കായി കൊടുക്കാൻ കഴിയില്ലെന്ന സത്യം എന്നാണ് അവർ മനസ്സിലാക്കുക.!!
ഒറ്റയ്ക്കിരിക്കണമെന്ന് ചിന്തിച്ചപ്പോൾപോലും ഒറ്റപ്പെടുത്താതെ കൂടെയുണ്ടായിരുന്ന, താൻ ഒപ്പമില്ലാത്ത നിമിഷങ്ങൾ വല്ലാത്ത ഭീതിയാണ് സമ്മാനിക്കുന്നത് എന്ന് നന്നായറിഞ്ഞിട്ടും ഒറ്റപ്പെടുത്തുന്നവരുണ്ട്.
അറിയുക, ക്രൂരതയാണത്.തിരക്കുകളിൽ മാറ്റിനിർത്താൻ എല്ലാവർക്കും കഴിയും. എന്നാൽ തിരക്കുകൾക്കൊപ്പം നമ്മെ തിരക്കുന്നവർക്ക് ഒരു പുഞ്ചിരി കൊണ്ടെങ്കിലും മറുപടി പറയാൻ മറക്കരുത്.ചിലപ്പോൾ അവരെ അന്വേഷിച്ചു ചെല്ലുവാൻ ആരെല്ലാമുണ്ടായാലും നമ്മുടെ ആ സാന്നിധ്യമാവും അവർ ആഗ്രഹിക്കുന്നുണ്ടാകുക എന്നുമോർക്കുക.
ഒറ്റപ്പെടൽ അല്ല ചിലരെ പൊള്ളിക്കുന്നത്. ഒരുമിച്ചു കൈപിടിച്ചു നടന്ന വഴിയിൽ,
ഒറ്റയ്ക്ക് നടക്കാൻ മറ്റേയാൾക്ക് ഇപ്പോൾ കഴിയില്ല എന്നുറപ്പുണ്ടായിട്ടും ഏകാന്തതയുടെ തീയിൽ തള്ളിയിട്ടല്ലോ എന്ന പൊള്ളൽ തന്നെയാകും.ചുറ്റാകെ സ്നേഹത്തിന്റെ പനിനീർ പൊഴിക്കുന്ന ഒരുപാട്പേരുണ്ടാകും. എന്നാൽ നമ്മൾ ആശിക്കുന്ന സ്നേഹവും പരിഗണനയും അവരിൽനിന്നും ആഗ്രഹിക്കില്ല.
അതുകൊണ്ടുതന്നെ നാം പലപ്പോഴും ആൾക്കൂട്ടത്തിനു നടുവിൽ ഏകരായിപോകും. ചുറ്റാകെ മുഴങ്ങുന്ന ചോദ്യങ്ങൾക്കുത്തരം കൊടുക്കാൻ കഴിയാതെ വെന്തു പിടയേണ്ടി വരും. അഥവാ ഉത്തരം നൽകിയാലും വിശ്വസനീയമായ ഉത്തരങ്ങൾ അല്ലാത്തതിനാൽ മുഴച്ചുനിൽക്കുന്ന വാക്കുകളിലെ പൊരുത്തക്കേടിൽ തൂങ്ങി വീണ്ടും വീണ്ടും കനൽ കോരിയിടുന്നത് അനുഭവിക്കേണ്ടി വരും.
നിങ്ങൾ തനിച്ചാകുമ്പോളനുഭവിക്കുന്നത് ഏകാന്തതയാണ്. നമ്മെ ചേർത്തു പിടിക്കണമെന്നാഗ്രഹിക്കുന്നവർ നമ്മെ അകറ്റിനിർത്തുമ്പോൾ, അല്ലെങ്കിൽ സാഹചര്യം അവരെ അതിന് പ്രേരിപ്പിക്കുമ്പോൾ തോന്നുന്നതാണ് ഒറ്റപ്പെടൽ. അതിൽ നിന്നും കരകയറാൻ കഴിയുന്നവരെ ലോകം ചിലപ്പോൾ പല പേരിട്ടു വിളിക്കും, വിഷാദമായോ ഭ്രാന്തായോ അങ്ങനെ അങ്ങനെ….. ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് അങ്ങനെയേ പറ്റൂ. ഭ്രാന്തിനെ സ്നേഹിക്കുന്നവരുണ്ട്, അവർക്ക് ഏകാന്തത അത്രയേറെ ഇഷ്ടമാണ് ന്നെ!!
ഒറ്റയ്ക്കാകുക എന്നാൽ മനസ്സ് സ്വയം തകരാതെ അതിന് കാവലാകുക എന്നതാണ്.അതുകൊണ്ട് ഒറ്റപ്പെടുത്തുന്നവർ ചിന്തിക്കണം ആ മനസ്സ് എന്റെ കയ്യിലാണ് ഭദ്രമായി അവർ ഏൽപ്പിച്ചതെന്ന്, മനസ്സ് പോലും എന്നോടൊത്താകുമ്പോൾ അവരെങ്ങനെ മനസ്സ് കൈവിടാതെ കാവലിരിക്കുമെന്ന്‌.!ഈയവസ്ഥ ഏറ്റവും തീവ്രമായി അനുഭവിക്കുന്നവർ ആരാണെന്നോ,തന്റെസ്വപ്നവും, ചിന്തയും, ഓരോ നിമിഷവും ഒരാളിൽ ഒതുക്കിയവരാണ് “

ഒറ്റപ്പെടൽ ആരും ആസ്വദിക്കരുത്, കാരണം അതൊരു ലഹരിയാണ് ചിലപ്പോൾ നമ്മെ കൊക്കിലൊതുക്കി പറന്നകലും….. !
ഏകാന്തതയിൽ ഓർമ്മകൾ കൂട്ടില്ലേ എന്നൊരു ചോദ്യം ചുറ്റാകെ മുഴങ്ങുന്നുണ്ട്, ‘ആ ഓർമ്മകൾ അത്രയും മധുരമായത് കൊണ്ടല്ലേ, അനശ്വരമായത് കൊണ്ടല്ലേ, അനിർവചനീയമായത് കൊണ്ടല്ലേ എന്നെ തളർത്തുന്നത് എന്നാകും ചിലരുടെ മറുപടി !ഓർമ്മകളുടെ ഉറച്ച കല്ലുകളിൽ തട്ടുമ്പോൾ പലപ്പോഴും നിണം പൊടിയുന്നുണ്ട് എന്ന് പുഞ്ചിരിയോടെ പറയുന്നവരുമുണ്ട്.
ഓർത്തുനോക്കൂ, നിങ്ങൾക്ക് തിരക്കില്ലാത്തപ്പോൾ നിങ്ങളവരെ സമീപിക്കുമ്പോൾ ഒരിക്കലെങ്കിലും അവർക്ക് തിരക്കാണെന്ന് പറഞ്ഞുമാറ്റിനിർത്തിയിട്ടുണ്ടോ?അതുകൊണ്ട് നിങ്ങളാരും ഒറ്റപ്പെടരുത്,
നിങ്ങളാരേയും ഒറ്റപ്പെടുത്തരുത്.
അങ്ങനൊരവസ്ഥയിലേയ്ക്ക് നാം നടന്നടുക്കുമെന്ന് തോന്നുന്നവർ ഒന്നുകിൽ ആരെയും സ്നേഹിക്കാതിരിക്കുക, അല്ലെങ്കിൽ ഒരു തേനീച്ചക്കൂട്ടിൽ കല്ലെറിഞ്ഞു കളിക്കുക. 🙂
ഹാ എഴുതാൻ എന്തെളുപ്പമാണ് അല്ലേ?
iam alone….. sometimes…..
I hate that time…..
Bcos iam always wid you…ഇങ്ങനൊക്കെ!!
നിന്നെ മാത്രമേ ഞാൻ കാത്തുനിർത്തിയിട്ടുള്ളു,
ബാക്കിയുള്ളവരെ
മാറ്റിനിർത്തിയതാണ്,
കാത്തുനിർത്തിയയിടത്തേക്ക്
തിരികെയെത്തുമെന്നത്
അലിഖിതമായ ഒരു
ഉടമ്പടിയാണ് എന്ന് പറഞ്ഞ
നിന്നോടെനിക്ക് എന്തിഷ്ടമാണെന്നോ!!

സഫി അലി താഹ

By ivayana