രചന : സുരേഷ് പൊൻകുന്നം ✍

ഓണമായല്ലോ പെണ്ണേ
വാ നമുക്കൊരൂഞ്ഞാല് വേണ്ടേ
നാളെയാണല്ലോ കണ്ണേ നീ
ഉണരാത്തതെന്തേ
അത്ര സമൃദ്ധി
വൃദ്ധിയില്ലായിരുന്നെങ്കിലും
കുഞ്ഞുശോകങ്ങൾ
മറക്കുവാൻ മായ്ക്കുവാൻ
നാമശോകമരത്തണലിലിരുന്ന്
കണ്ട സ്വപ്‌നങ്ങളാണിന്ന്
ബാക്കിയും സാക്ഷിയും
ഞാൻ കൊണ്ടുവന്ന
ചെണ്ടുമല്ലിയൊക്കെ വാടി ഹാ
നൊന്തുപോകുന്നല്ലോ നീ
കൺതുറക്കാത്തതെന്തേ
നീ കൺതുറക്കാത്തതെന്തേ
നാമെത്രയത്തപ്പൂക്കളമിട്ടയീ മുറ്റം
എത്രയലങ്കോലമിന്ന് മൃത്യു
നീയെത്ര ഭീകരൻ
എന്തിനായിരുന്നെടോ
കണ്ട് കണ്ടാ കാഴ്ചകളൊന്നും
കണ്ട് തീരുന്നതിൻ മുൻപ്
എന്റെ പെണ്ണിനെ കൊണ്ടുപോയത്
മന്ദമാരുതാ നീയും
മിണ്ടിയില്ലല്ലോ മരണം വരുന്നത്
ഇന്നും പൂക്കുന്ന മുല്ലയും വാകയും
അന്ന് നീ നട്ട ജമന്തിയും തെച്ചിയും
കണ്ണ് പോലെ നീ
കാത്തുപാലിച്ച ചെത്തിയും
മണ്ണിലായ ഹാ നിന്നെ നോക്കി
കണ്ണുനീർ തൂവുന്നു മൃത്യു
നീയെത്ര ഭീകരൻ..
അന്തിയാകുമ്പോഴെങ്കിലും ഞാനെത്തും
എത്തുമെന്നോർത്തെത്രയോണ
നാൾ കാത്തിരുന്നവൾ
വന്നിതായെത്തിയോണ-
മോമനേയൊന്നുണരണേ നോക്കണേ
ഇല്ലേയോണം പടിക്കപ്പുറം
വന്നെത്തി നോക്കുന്നു മാവേലി
കണ്ടതില്ലല്ലോയോളെ പാതാളത്തിൽ
കൊണ്ടുപോയോ മാരുതായോളെ നീ
സ്വർഗ്ഗസീമ ചക്രവാളത്തിൽ
ഇല്ല മാവേലിയവൾ ഇല്ല വരില്ലിനി
വന്നു പോകൂ നീ വെറുതേ എങ്കിലും
കണ്ണുനീരാലൊരുക്കാം
ഞാനുള്ളകാലമിനി പൂക്കളം
വന്നു പോകൂ നീ മാവേലി
വെറുതേയെങ്കിലുമോണമല്ലേ
നിന്റെയാ
മഹാ ബലി മറക്കുവതെങ്ങനെ.

സുരേഷ് പൊൻകുന്നം

By ivayana