രചന : സെഹ്റാൻ✍

വിശപ്പ് കനക്കുമ്പൊഴൊക്കെ ഞാൻ വയലിലെ ചെളി വാരിത്തിന്നാറുണ്ട്.
കാട്ടിലെ മരങ്ങളുടെ ഉണങ്ങിയ തൊലിയും…
വയൽ തൊടുമ്പോൾ പണ്ടെന്നോ ചത്തൊടുങ്ങിയ കുഞ്ഞുമത്സ്യങ്ങളുടെ
പ്രാണപ്പിടച്ചിലുകളാണ് കൈനിറയെ!
കാടു തൊടുമ്പോൾ പണ്ടെന്നോ ചത്തൊടുങ്ങിയ
ജന്തുക്കളുടെ മരണക്കിതപ്പുകളാണ് കൈനിറയെ!
കിതപ്പുകളോട്, പിടച്ചിലുകളോട്
ഇണങ്ങിച്ചേരാനാവാതെ ഒറ്റയ്ക്ക് നിന്ന് ഞാൻ കത്തും.
അകലങ്ങളിലെവിടെയോ നിന്നും അപ്പോഴൊരു തീവണ്ടിയുടെ
ശബ്ദം കേൾക്കാറുണ്ട്.
മരിച്ചവർക്ക് മാത്രം സഞ്ചരിക്കാനുള്ളൊരു തീവണ്ടിയുണ്ടത്രേ!
നേരംപുലരുമ്പോഴത്
കുന്നുകയറിപ്പോകുമെന്നും,
പാതിരാത്രിയിലത് കുന്നിറങ്ങി വരുമെന്നും പറഞ്ഞത് അമ്മയാണ്.
നാടൻമദ്യത്തിന്റെ നാറ്റം പരക്കുന്ന
ശബ്ദത്തിൽ…
ചത്ത പക്ഷികളുടെ ചിറകിന്റെ ഗന്ധമുള്ള
അവരുടെ മുഷിഞ്ഞുപിഞ്ഞിയ ഉടുതുണിയിൽ
ആരുടെയൊക്കെയോ ശുക്ലവാർച്ചകളുടെ കറകളുണ്ടായിരുന്നു.
വേശ്യയെന്ന് അവരെയന്നേരം
വിളിക്കാൻ തുനിഞ്ഞപ്പോൾ
നാക്ക് കുഴഞ്ഞുപോവുകയും
വിശപ്പെന്ന വാക്കുമാത്രം
പുറപ്പെടുവിക്കയും ചെയ്തു.
വിഷാദരോഗത്തിന്റെ മൂടൽമഞ്ഞിനിടയിലൂടെ ഇടയ്ക്കിടെ
അമ്മയെ കണ്ടുകൊണ്ടിരുന്നു.
വയലിലെ കാവൽപ്പുരകളിൽ…
കാട്ടിലെ കരിയിലകൾക്കിടയിൽ…
പുഴയിലെ കണ്ടൽക്കാടുകളിൽ…
അവർ നഗ്നയായിരുന്നു!
അവരുടെ ചുറ്റും രേതസ്സിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു!
വേശ്യയെന്ന് അവരെ
വിളിക്കാൻ തുനിയുമ്പൊഴൊക്കെയും നാക്ക് കുഴഞ്ഞുപോവുകയും
വിശപ്പെന്ന വാക്കുമാത്രം പുറപ്പെടുവിക്കയും ചെയ്തുകൊണ്ടിരുന്നു.
ഞെരമ്പുകളിലൂടെ ഇഴഞ്ഞിരുന്നൊരു
പഴുതാര തലച്ചോറിൽ കാലുകളമർത്തിയപ്പോഴാണ്
മരിച്ചവരുടെ തീവണ്ടിയിൽ കയറുന്നത്
ഞാൻ സ്വപ്നം കണ്ടുതുടങ്ങിയത്.
കാടൊട്ടും കറുത്ത മഴപെയ്ത്
തോർന്നൊരു പുലർച്ചയിൽ ഞാനങ്ങനെ
മരിച്ചവരുടെ തീവണ്ടിയിൽ കയറിപ്പറ്റി.
ചാരനിറമുള്ള തീവണ്ടിക്ക് മേൽക്കൂരയില്ലായിരുന്നു!
മൃതദേഹങ്ങൾക്കിടയിൽ അമ്മയെ കണ്ടു.
അഴുകിയ മൃതദേഹങ്ങൾ അവരുമായി
ഇണചേർന്നുകൊണ്ടിരുന്നു.
സുരതാവേശങ്ങളുടെ അലർച്ചകൾ
മഴയിരമ്പങ്ങളെ ഭേദിച്ചുകൊണ്ടിരുന്നു.
കറുത്തുതണുത്ത മഴത്തുള്ളികൾ
ദേഹം തുളച്ചപ്പോൾ അധികരിച്ച
വെറുപ്പോടെ ഞാനവരെ
വേശ്യയെന്ന് വിളിച്ചു.
അന്നേരം കുന്നിൻമുകളിൽ നിന്നും
ആകാശത്തേക്ക് പറന്നുകയറിയ
തീവണ്ടിയൊച്ചയിൽ എന്റെ നാക്ക്
കുഴഞ്ഞുപോവുകയും
വിശപ്പെന്ന വാക്കുമാത്രം
പുറപ്പെടുവിക്കയും ചെയ്തു!!!

സെഹ്റാൻ

By ivayana