രചന : സലാം പാറശ്ശേരി✍

പാലയിലാണിയടിച്ചു തളയ്ക്കേണ്ട
യക്ഷികൾ തൻ സ്വൈര്യവിഹാരമോ
സ്നേഹം നർത്തനമാടേണ്ട
സരസ്വതീ ക്ഷേത്രങ്ങളിൽ ?
പകയുടെ പാഠങ്ങളുച്ചത്തിൽ
മുഴങ്ങുന്നോ , പാരസ്പര്യമകലുന്നോ
വേലി തന്നെ വിളവു തിന്നുമ്പോൾ ?
കരൾ പിളരും കാഴ്ചകളമ്പു കണക്കേ
നെഞ്ചുപിളർക്കുമ്പോഴും
മൗനത്തിൻ ചിതൽപ്പുറ്റിൽ നമ്മളൊളിച്ചാൽ
മൗലിയിൽ മുൾക്കിരീടമേന്തി ശേഷിക്കും
ജീവിതമേറെ ദുഷ്ക്കരമായിടും
നാളെ വെറുപ്പിന്റെയിരുൾ മരങ്ങൾ
നമ്മുടെ കൂരയ്ക്കു മേൽ ജീവനു
ഭീഷണിയായി ചാഞ്ഞു നിൽക്കും
അപരമതദ്വേഷത്തിൻ കനലു കത്താൻ
തുടങ്ങിയാൽപ്പിന്നെയീ
നാടൊരു പിടി ചാരമാകും
ശാന്തിയെന്നത് കെട്ടുകഥയാകും
സ്വാസ്ഥ്യമെന്നത് കിനാവുമാകും
വെറുപ്പിൻ ചുടുകട്ടകളാൽ
പണിത നരക സാമ്രാജ്യമൊരു
പ്രേത ഗൃഹമാകു,
മതിലൊരു മാത്രയിളവേൽക്കാൻ നമ്മളശക്തരാകും.

സലാം പാറശ്ശേരി

By ivayana