രചന : കുന്നത്തൂർ ശിവരാജൻ✍

താഴെ തൊടിയിൽ നിന്ന് മേലെ പുരയിടത്തിലേക്ക് കയറി വരുന്ന നാല് ബാറ്ററി ടോർച്ചിന്റെ ആ വെളിച്ചം രാഘവേട്ടന്റെതു തന്നെ.
എന്താണ് പതിവില്ലാതെ ഈ നേരത്ത്?എന്ന് അയാൾ വിചാരിച്ചു.
‘ അല്ലാ… തന്റെ പത്രപാരായണം രാത്രിയായിട്ടും ഇതുവരെ തീർന്നില്ലാത്രേ? എന്തായിത്ര വിശേഷം? ആട്ടേ പകലെന്തായിരുന്നു തിരക്ക്?’
ഏട്ടൻ ചോദിച്ചു.
‘ നമ്മുടെ ആ മൂലക്കണ്ടത്തിന്റെ വരമ്പ് കുറച്ച് സതീശൻ അരിഞ്ഞിട്ട് പോച്ച വെട്ടി ചാരി വച്ചു. ഒരടി വരമ്പ് അരയടിയായി. ഇങ്ങനെ പോയാലോ? അതേ ചൊല്ലി വഴക്കും’
‘ താനവന്റെ കഴുത്തിന് പിടിച്ചെന്നോ അവൻ തന്നെ തള്ളി ചെളയിലിട്ടെന്നൊ ഒക്കെ പൊന്നമ്മ വന്നു പറഞ്ഞു ‘
ടേബിളിൽ ലാമ്പിന്റെ വെളിച്ചത്തിൽ തന്റെ മേശയ്ക്ക് എതിരെ സീറ്റുറപ്പിച്ച് ഏട്ടൻ തുടർന്നു
‘… ആ കാര്യം പറയാനോ ചോദിക്കാനോ ഒന്നുമല്ല… ഞാൻ വന്നത്. എടോ മോളുടെ വിവാഹം ഒരു നേവിക്കാരനുമായി സെറ്റിൽ ചെയ്തു വച്ചേക്കുവാണെന്ന് അറിയാമല്ലോ… നമ്മളൊരു വല്ലാത്ത കുരുക്കിലായി ‘.
‘ എന്തോന്ന്?അതുപോലെ ഒരു പയ്യനെ കിട്ടാൻ എത്രപേർ കാത്തിരിക്കുന്നു?’
‘ അവന്റെ ഗുണഗണങ്ങൾ ഒക്കെ തന്നെ ആരാ കേൾപ്പിച്ചത്?
ഈ പറഞ്ഞ സതീശന്റെ ചേട്ടൻ അല്ലേ ? അവന്മാരീ നാട്ടുകാരെയൊക്കെ തമ്മിൽ തല്ലിക്കും ‘
‘ അതിനിപ്പം എന്താ ഉണ്ടായത്?’
‘ ഒരു പെണ്ണും കൊച്ചും ഇന്ന് വീട്ടിലെത്തി.അവൾ പറയുന്നു അവളുടെയാ കൊച്ചിന്റെ അച്ഛൻ നമ്മുടെ നേവിക്കാരനാണെന്ന് ‘
‘ ശ്ശോ!ഏട്ടൻ അവർക്ക് വിവാഹച്ചിലവുകൾക്കായിഅഞ്ചു ലക്ഷം കൊടുത്തതോ?’
‘ അത് വെള്ളത്തിലായി. അവനിനി അത് തിരികെ തരുമോ ?
ഏട്ടൻ നെടുവീർപ്പിട്ടു.
‘ കൊടുത്തതിന് എന്താ ഒരു രേഖ?’
‘ നിശ്ചയം കഴിഞ്ഞതല്ലേ എന്ന് കരുതി. ഒരു രേഖയുമില്ല. ഒരു സാക്ഷിയുമില്ല. ഉണ്ടെങ്കിലത് ഈശ്വരൻ മാത്രം ‘
നീണ്ട മൗനം.
ദൂരെ നിന്നുള്ള ഏതൊ രാപ്പാടിയുടെ ഒറ്റപ്പെട്ട ദീനസ്വനം മാത്രം അവരുടെ കാതിൽ വന്ന് അലച്ചു.
‘ നിർമ്മല എന്ത് പറയുന്നു’ അയാൾ തിരക്കി.
‘ ഓ… മകളുടെ കാര്യം. അത് അറിഞ്ഞപ്പോൾ മുതൽ അവൾ ഒരേ കിടപ്പാണ്.പിന്നെ ഇതുവരെ അവൾ ഒന്നും കഴിച്ചില്ല.ഒന്നും പറയുന്നുമില്ല.’
ഏട്ടൻ പറഞ്ഞു.
‘അവൾക്ക് വിഷമം കാണും പ്രായവും പത്തുമുപ്പത് ആയില്ലേ? പഠിച്ചിട്ട് മതി കെട്ട്.ജോലി കിട്ടിയിട്ട് മതി….എന്നൊക്കെ പറഞ്ഞിട്ട് ടെസ്റ്റും ലിസ്റ്റും തീരുമ്പോഴേക്കും പ്രായം അമ്പതാകും. ഞാനും കൂടി ചേർന്ന് അവളെ പറയാനിനി ഒരു വഴക്കില്ല. ഒടുവിൽ അവൾ സമ്മതിച്ചതാണ് ഈ ആലോചന ‘
‘ അവൾക്ക് ഇരുപതു കഴിഞ്ഞപ്പോൾ തൊട്ട് ആലോചനക്കാർ വന്ന് തുടങ്ങിയതാണ്. നല്ല എത്രയോ ബന്ധങ്ങൾ… എല്ലാം തട്ടിക്കളഞ്ഞു
ഇപ്പോഴിപ്പോ അന്വേഷകരുടെ എണ്ണവും കുറഞ്ഞു ‘
‘ അതെ മൂത്തു നരച്ച് ഇവിടിരുന്നു വടി കുത്തത്തേയുള്ളൂ എന്ന് ഞാനാ പറഞ്ഞത്. കല്യാണം നടക്കാത്തതിൽ ഏട്ടനുള്ള വിഷമം എനിക്ക് നന്നായറിയാം. ഒരു അച്ഛന്റെ ദുഃഖം. പതിവില്ലാത്ത മാതിരി ഞാനെന്തൊക്കെയോ ഒത്തിരി വഴക്കും പറഞ്ഞു പോയി.
അന്നാണ് അവളെ ഞാൻ കരഞ്ഞു കാണുന്നത്. ഒടുവിൽ പോട്ടെ മോളെ ഒക്കെ നിന്നെ കരുതിയല്ലേ? എന്നൊക്കെ പറഞ്ഞു ആശ്വസിപ്പി ക്കാൻ പെട്ട പാട്!’
‘ താനിപ്പോൾ അങ്ങോട്ടൊന്നു വരണം. താൻ പറഞ്ഞാലെങ്കിലും അവൾ ഒന്ന് കിടക്കയിൽ നിന്ന് എണീറ്റ് വരാതിരിക്കില്ല.’
ചേട്ടൻ പോകാനായി ടോർച്ച് കയ്യിലെടുത്തു. പുറത്തിറങ്ങി.
ചീവീടുകൾ ചിലക്കുന്ന രാത്രി. ഒറ്റപ്പെട്ടനക്ഷത്രങ്ങൾ. ചന്ദ്രന്റെ നേരിയ ഒരു കീറ് പടിഞ്ഞാറെ ചക്രവാളത്തിൽ കാറ്റിൽ അടർന്നു കിടപ്പുണ്ട്.
വഴിയിൽ ഇരുളിന്റെ ആധിപത്യ മാണ്.
വഴിമധ്യേ ഏട്ടൻ മൗനത്തെ വെടിഞ്ഞു. ഒന്നു തിരിഞ്ഞു നിന്നിട്ട് തുടർന്നു
‘ എടോ വീട് നിൽക്കുന്ന സ്ഥലത്തിന്റെ പ്രമാണം എസ്ബിഐയിൽ പണയം വച്ചാണ് ഏഴുലക്ഷം എടുത്തത്. അഞ്ച് അവർക്ക് കൊടുത്തു. നാളെ തന്നെ ബാക്കി രണ്ട് അങ്ങ് തിരിച്ച് അടയ്ക്കാം. എന്തിനാ ഇനി പലിശ കൂട്ടുന്നത്?മോന് ഇരുപത്തിരണ്ടല്ലാ ആയുള്ളൂ…. ഒരു മൂന്നുകൊല്ലം കൂടി കഴിഞ്ഞ് അവനെ കെട്ടിച്ച് കിട്ടുന്ന പണം കൊണ്ടു വേണം കടം വീട്ടാൻ ‘
‘ ഓ…ഈ രാഘവേട്ടന്റെ ഒരു കാര്യം! ഒത്തിരി നാൾ കഴിഞ്ഞുള്ള കാര്യം എന്തിനാ? നമുക്ക് നാളത്തെ കാര്യം പറയാം. നാളെ പാടത്ത് ഞാറ് നടണം. നമുക്ക് രണ്ടാൾക്കുമായി ആറു പേരെ പണിക്ക് വിളിച്ചിട്ടുണ്ട്.
നാളെ കൊണ്ട് തീർന്നില്ലേൽ രണ്ടാളെ മറ്റന്നാൾ നിർത്താം. ഞാറ്
ഇനിയും വളർന്നാൽ ശരിയാകില്ല ‘
‘ താനൊരാൾ ഉള്ളതുകൊണ്ട് അതിന്റെ ബുദ്ധിമുട്ടൊന്നും ഞാൻ അറിയുന്നില്ല ‘
‘ നാളെ രാവിലെ നമ്മളൊക്കെയുണ്ടോ എന്ന് എങ്ങനാ രാഘവേട്ടാ അറിയുക?.നിനച്ചിരിക്കാതല്യോ ഓരോ കാര്യങ്ങള്… ഏതായാലും
ഇനിയവൻ എത്ര പൊന്നാണെന്ന് പറഞ്ഞാലും നമുക്ക് വേണ്ട. അവനെ വേണ്ട. ബ്രോക്കറെ ഞാൻ ഒന്ന് കാണട്ടെ. അങ്ങനെ വിട്ടാൽ പറ്റില്ല. ഒന്നിനേം വെറുതെ വിടരുത്.
കേസ് കൊടുക്കാം. ഇതെന്താ?
വെള്ളരിക്കാപ്പട്ടണമാ?’
അവർ നടന്നു വീട് എത്താറായപ്പോഴേക്കും ഒരു അലർച്ചയും ബഹളവും കേട്ടു.
ഏട്ടന്റെ കിണറിന് ചുറ്റും ആൾക്കാർ! അതിലേക്ക് ആരൊ ക്കെയോ ടോർച്ച് അടിക്കുന്നു!
അയാൾ രാഘവേട്ടനെ താങ്ങി പിടിച്ചു!!

By ivayana